TechTRENDING

ദൈവത്തേ ഓർത്ത് ഇങ്ങോട്ടേക്ക് വന്നേക്കല്ലേ… ട്വിറ്ററിന്റെ ഭാഗമാകാൻ കൊതിക്കുന്നവർക്ക് മുന്നറിയിപ്പുമായി ജീവനക്കാർ

സന്‍ഫ്രാന്‍സിസ്കോ: ട്വിറ്ററിനെതിരെ പരാതിയുമായി ജീവനക്കാർ രംഗത്ത്. മസ്കിന്റെ നയങ്ങളിൽ ട്വിറ്ററിലെ ജീവനക്കാർ തൃപ്തരല്ല. മസ്കിന്റെ ട്വിറ്ററിൽ നിന്ന് മാറി നിൽക്കണം എന്ന ഉപദേശവും പുതിയതായി വരാൻ ഒരുങ്ങുന്നവർക്ക് ജീവനക്കാർ നൽകുന്നുണ്ട്. പുതിയ മേധാവിയുടെ കീഴിൽ ദുരിതാവസ്ഥയാണ് എല്ലാവർക്കും നേരിടേണ്ടി വരുന്നത്. നേരത്തെ വർക്ക് പ്രഷറും പിരിച്ചുവിടലും കാരണം ജീവനക്കാർ ബുദ്ധിമുട്ടിലാണെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. നിരവധി പേരാണ് അടുത്തിടെ കമ്പനിയിൽ നിന്ന് പിരിഞ്ഞുപോയത്. ഇപ്പോൾ ‘ബ്ലൈന്റ് ആപ്പി’ലൂടെയാണ് ജീവനക്കാർ ട്വിറ്റർ 2.0 യെപ്പറ്റിയുള്ള അജ്ഞാത സന്ദേശങ്ങൾ അയക്കുന്നത്. കൂടാതെ ട്വിറ്റർ റേറ്റിങ് കുറച്ചാണ് ജീവനക്കാർ നല്കുന്നത്. മുൻപ് ജോലി ചെയ്യാൻ കഴിയുന്ന മികച്ച ഇടങ്ങളിലൊന്നായിരുന്നു ട്വിറ്റർ. എന്നാൽ ഇന്നത്തെ സാഹചര്യം അങ്ങനെയല്ലെന്നാണ് ആപ്പിലൂടെ ജീവനക്കാർ കുറിച്ചിരിക്കുന്നത്.

ഇതിനിടയ്ക്ക് എലോൺ മസ്കിന്റെ കൈയ്യിൽ ട്വിറ്റർ സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിന്റെ മുൻ ട്രസ്റ്റ് ആൻഡ് സേഫ്റ്റി മേധാവി യോയൽ റോത്ത് രംഗത്തെത്തിയിരുന്നു. കമ്പനിയിൽ നിന്ന് രാജിവെച്ചതിന് ശേഷമുള്ള റോത്തിന്റെ ആദ്യ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തൽ. കമ്പനിക്ക് സുരക്ഷാ ജോലികൾ ചെയ്യാൻ വേണ്ടത്ര സ്റ്റാഫുകൾ ഇല്ല. ചില നടപടികളിലൂടെ ട്വിറ്ററിന്റെ സുരക്ഷ മെച്ചപ്പെട്ടുവെന്ന് മസ്‌ക് കമ്പനി ഏറ്റെടുത്തതിന് ശേഷം റോത്ത് ട്വീറ്റ് ചെയ്തിരുന്നു. റോത്തിന്റെ രാജി പരസ്യദാതാക്കളെ കൂടുതൽ വലച്ചിട്ടുണ്ടെന്നാണ് സൂചന. മസ്‌ക് പകുതി ജീവനക്കാരെ പിരിച്ചുവിട്ടതിന് ശേഷം പരസ്യദാതാക്കളിൽ പലരും ട്വിറ്ററിൽ നിന്ന് പിന്മാറി. മസ്ക് ഏകപക്ഷീയമായി എല്ലാം ചെയ്യാൻ തുടങ്ങിയത് രാജി കാര്യങ്ങളിലൊന്നാണെന്ന് റോത്ത് പറഞ്ഞു. 2020 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അന്നത്തെ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ മകനെക്കുറിച്ചുള്ള അവകാശവാദങ്ങൾ ഉന്നയിക്കുന്ന ന്യൂയോർക്ക് പോസ്റ്റ് ലേഖനത്തിന്റെ പ്രചരണത്തിൽ പിഴവ് സംഭവിച്ചതായും റോത്ത് പറഞ്ഞു. ബ്ലൂ ടിക്ക് സംബന്ധിച്ച തീരുമാനത്തെയും റോത്ത് വിമർശിച്ചു.

Signature-ad

ട്വിറ്ററിലെ പുതിയ തൊഴിൽ സംസ്കാരം സ്വീകരിക്കാൻ സന്നദ്ധരല്ലെന്ന് അറിയിച്ച് നൂറുകണക്കിന് ജീവനക്കാർ കഴിഞ്ഞ ദിവസമാണ് കമ്പനിയ്ക്ക് രാജിക്കത്ത് നല്കിയത്. ഇതോടെ ട്വിറ്ററിന്റെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ട്വിറ്ററിനെ ലാഭത്തിൽ ആക്കാൻ വേണ്ടി സമയപരിധി പോലുമില്ലാതെ ജോലി ചെയ്യാൻ തയ്യാറുള്ളവർ മാത്രം കമ്പനിയിൽ മതി എന്ന നിലപാടാണ് മസ്ക് സ്വീകരിച്ചത്. ആകെ 7500 ജീവനക്കാരുള്ള കമ്പനിയിൽ 2900 പേരോളമാണ് ഇനിയുള്ളത്. 3700 പേരെ മസ്ക് നേരത്തെ പിരിച്ചുവിട്ടിരുന്നു. നേരത്തെ യാതൊരു മുന്നറിയിപ്പുമില്ലാതെ 4400 ഓളം കരാർ ജീവനക്കാരെ ട്വിറ്റർ പുറത്താക്കിയെന്ന് റിപ്പോർട്ട് വന്നിരുന്നു.

Back to top button
error: