തിരുവനന്തപുരം: പൂന്തുറയിൽ കാറിൽ വിൽപ്പനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് പിടികൂടി സംഭവത്തിൽ ഒളിവിൽ കഴിഞ്ഞ പ്രതിയെ പിടികൂടി. പൂന്തുറ ബരിയ നഗർ മിൽ കൊളനിയിൽ അബ്ദുള്ള (25) ആണ് പൂന്തുറ പൊലീസിന്‍റെ പിടിയിലായത്. ഇക്കഴിഞ്ഞ ദിവസം ബദരിയ നഗറിൽ വെച്ച് വിൽപനയ്ക്കായി കൊണ്ട് വന്ന 15 കിലോ കഞ്ചാവ് കാറിൽ നിന്ന് കണ്ടെത്തിയ കേസിൽ മുഖ്യ പ്രതിയാണ് അബ്ദുള്ള. കഞ്ചാവുമായി വരുന്ന വഴി പൊലീസ് വാഹനത്തിന് കൈ കാണിക്കുന്നത് കണ്ട് ഇയാള്‍ ഓടി രക്ഷപ്പെട്ടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളെ കോവളത്ത് നിന്ന് പൂന്തുറ പൊലീസാണ് പിടികൂടിയത്.
സംഭവത്തിൽ ഇയാളുടെ കൂട്ടാളിയായ പൂന്തുറ പെരുനെല്ലി സ്വദേശി പ്രമോദിനെ പൊലീസ് പിടികൂടിയിരുന്നു. പ്രമോദിനെ ചോദ്യം ചെയ്തതിൽ നിന്നും അബ്ദുള്ളയെ കുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിക്കുകയായിരുന്നു. അബ്ദുള്ള സ്കൂളുകള്‍ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണെന്നും ഇയാളുടെ വീട്ടിൽ കഞ്ചാവ് ശേഖരിച്ച്, ചെറിയ പാക്കറ്റുകളിലാക്കി സ്ക്കൂൾ പരിസരങ്ങളിലും മറ്റും വിൽപന നടത്തി വരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയെന്ന് പൂന്തുറ പൊലീസ് പറയുന്നു.
മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അബ്ദുള്ളയെ കോവളത്ത് നിന്നും പിടികൂടിയത്. ശംഖുമുഖം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ ഡി.കെ. എഥ്വിരാജിന്‍റെ നിർദ്ദേശ പ്രകാരം പുന്തുറ എസ് എച്ച് ഒ പ്രദീപ് ജെ, എസ് ഐ അരുൺകുമാർ വി ആർ, എ എസ് ഐ സുധീർ, എസ് സി പി ഒ ബിജു ആർ നായർ, സി പി ഒമാരായ ശ്യാം ബാനു, രാഗേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു. ഇയാൾക്ക് എതിരെ മുൻപ് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് കേസ്സുകളെ കുറിച്ചും, കഞ്ചാവിന്‍റെ സ്രേതസ്സിനെ കുറിച്ചും അന്വേഷണം നടത്തി വരുന്നതായി ശംഖുമുഖം പൊലീസ് അസിസ്റ്റന്‍റ് കമ്മീഷണർ അറിയിച്ചു.