കായംകുളം: രണ്ടുപതിറ്റാണ്ടിനുശേഷം കോളജ് യൂണിയൻ തിരികെ പിടിച്ചപ്പോൾ ആഘോഷമാക്കാൻ സംസ്ഥാന നേതാക്കൾ തന്നെ എത്തി. എം എസ് എം കോളജ് യൂനിയൻ യുഡിഎസ്എഫ് പാനൽ പിടിച്ചതോടെയാണ് പൊതു തെരഞ്ഞെടുപ്പിനെ വെല്ലുന്ന തരത്തിൽ ആഘോഷമാക്കിമാറ്റിയത്. പ്രതിപക്ഷ ഉപനേതാവ് പി കെ. കുഞ്ഞാലിക്കുട്ടിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളും സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത് രാഷ്ട്രീയ പ്രാധാന്യവും നൽകി. 20 വർഷത്തിന് ശേഷമാണ് എസ് എഫ് ഐയിൽനിന്ന് കെ എസ് യു-എം എസ് എഫ് സഖ്യം പൂർണമായി യൂണിയൻ തിരികെപ്പിടിക്കുന്നത്.
ജില്ലയിൽ ഇവർക്ക് ലഭിച്ച ഏക കലാലയ യൂനിയനും ഇതായിരുന്നു. എം. എസ്. എഫിലെ മുഹമ്മദ് ഇർഫാനാണ് ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടത്. ഐശ്വര്യ റോയ് (വൈസ് ചെയർപേഴ്സൺ), കമിൽ അഹമ്മദ് (ജന. സെക്ര), ഹഫീസ് (മാഗസിൻ എ. ഡി), മുഹമ്മദ് അസ്ലം (ആർട്സ് ക്ലബ്), റിൻഷാദ്, ഷംസീന (യു. യു. സി) എന്നിവരാണ് പ്രധാന സ്ഥാനങ്ങളിൽ വിജയിച്ചത്.
കോളജിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. മുഹമ്മദ് താഹ സത്യവാചകം ചൊല്ലിക്കൊടുത്തു. കെ പി സി സി അംഗം ഇ സമീർ, ലീഗ് ജില്ല പ്രസിഡൻറ് എ എം. നസീർ, ജനറൽ സെക്രട്ടറി എച്ച്. ബഷീർകുട്ടി, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് എ ജെ. ഷാജഹാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അരിത ബാബു, യു ഡി എഫ് ചെയർമാൻ എ ഇർഷാദ്, യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് പി ബിജു, കെ എസ് യു ജില്ലാ പ്രസിഡൻറ് നിധിൻ എ. പുതിയിടം, സിയാദ് വലിയവീട്ടിൽ, നവാസ് മുണ്ടകത്തിൽ, ഷാഫി കാട്ടിൽ, ഷമീം ചീരാമത്ത്, ഷാജഹാൻ, വിശാഖ് പത്തിയൂർ, സുറുമി തുടങ്ങിയവരും പങ്കെടുത്തു.