കൊച്ചി: എറണാകുളത്ത് ഓഹരി നിക്ഷേപത്തിൻറെ പേരിൽ കോടികൾ തട്ടിച്ചതിൽ പരാതിക്കാരുടെ എണ്ണം കൂടുന്നു. തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ് 200 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കുടുംബസമേതം എബിൻ രാജ്യം വിട്ടതാണ് അന്വേഷണത്തിലെ പ്രതിസന്ധി.
തൃക്കാക്കരയിലെ മാസ്റ്റേഴ്സ് ഫിൻകോർപ്പ്, മാസ്റ്റേഴ്സ് ഫിൻ സെർവ്, മാസ്റ്റേഴ്സ് ഫിൻ കെയർ തുടങ്ങിയ സ്ഥാപനങ്ങൾ വഴിയായിരുന്നു തട്ടിപ്പ്.സ്റ്റോക്ക് മാർക്കറ്റ് ഇടനിലക്കാരനായി രണ്ട് ലക്ഷം മുതൽ മൂന്ന് കോടി രൂപ വരെ നിക്ഷേപകരിൽ നിന്ന് വാങ്ങി. 2014ൽ തുടങ്ങിയ സ്ഥാപനം ഈ വർഷം മാർച്ച് വരെ ഓഹരിയിൽ റിട്ടേണുകൾ നൽകി. തുടർന്ന് മുടങ്ങി. നവംബർ അവസാനം നടത്തിപ്പുകാർ മുങ്ങി.
30കോടിയായിരുന്നു ആദ്യം പുറത്തുവന്ന വ്യാപ്തി. നവംബർ 29ഓടെ മാസ്റ്റേഴ്സ്ഗ്രൂപ്പ് നടത്തിപ്പുകാരൻ എബിൻ വർഗീസ് ഭാര്യ ശ്രീരഞ്ജിനിക്കൊപ്പം രാജ്യം വിട്ടു. പിന്നാലെയാണ് കൂടുതൽ പരാതിക്കാർ രംഗത്തെത്തുന്നത്. ഇപ്പോൾ 200 കോടി രൂപയുടെ തട്ടിപ്പാണ് മറനീങ്ങുന്നത്. എബിൻ വർഗീസിനും ഭാര്യ ശ്രീരഞ്ജിനിയെയും പ്രതികളാക്കിയാണ് ഇപ്പോൾ അന്വേഷണം. ഇവരുടെ ചില ജീവനക്കാർക്ക് എതിരെയും നിക്ഷേപകർ പരാതി നൽകിയിട്ടുണ്ട്. വലിയ തട്ടിപ്പായതിനാൽ ക്രൈംബ്രാഞ്ചിന് അന്വേഷണം കൈമാറിയേക്കും