തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. നവംബർ മാസത്തെ ശമ്പളമാണ് നൽകിയത്. ശമ്പളം വൈകിയതിനെ ഇന്നലെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. പിന്നാലെയാണ് നടപടി. ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്നലെ സർക്കാരിനെ ഓർമിപ്പിച്ചത്.
കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ ഇന്നലെ ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമർശനം. ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണം എന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓർമ്മിപ്പിച്ച കോടതി, ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്ച്ചത്തേക്ക് മാറ്റി.