തിരുവനന്തപുരം: കഞ്ചാവ് ബീഡി വലിക്കാന്‍ വിസമ്മതിച്ച പതിനഞ്ചുകാരനെ ലഹരി മാഫിയാ സംഘം അതിക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. ഡിസംബര്‍ രണ്ടിന് വര്‍ക്കലയിലെ ഇടവപ്പുറത്താണ് സംഭവം. മര്‍ദ്ദനത്തെത്തുടര്‍ന്ന് ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം വന്ന് അവശനിലയിലായ കുട്ടിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
കുളിക്കുന്നതിനായി കുളത്തിന് സമീപത്തേയ്ക്ക് പോയ കുട്ടിയെ അയിരൂര്‍ സ്വദേശികളായ സെയ്ദ്, വിഷ്ണു, ഹുസൈന്, അല്‍ അമീന് എന്നിവര്‍ ചേര്‍ന്ന് കഞ്ചാവ് ബീഡി വലിക്കാന്‍ നിര്‍ബന്ധിച്ചതായാണ് പരാതി. എന്നാല്‍ ഇത് വിസമ്മതിച്ച കുട്ടി വീട്ടിലെത്തി വിവരം വീട്ടുകാരെ അറിയിച്ചു.
ഇതില്‍ പ്രകോപിതരായ നാലംഗ സംഘം കുട്ടിയെ പിറ്റേദിവസം വീട്ടിലെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് ചെവിയില്‍ നിന്നും മറ്റും രക്തം വന്ന് അവശനിലയിലായ കുട്ടി അബോധാവസ്ഥയിലാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. സംഭവത്തില്‍ നാലുപേര്‍ക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതെങ്കിലും ആരെയും പിടികൂടാനായിട്ടില്ല.