അടിമാലി: ആദിവാസി കോളനിയിൽ കഞ്ചാവ് കച്ചവടം വിലക്കിയതിന് ആദിവാസി മൂപ്പനെ അക്രമിച്ച് കടന്നുകളഞ്ഞ പ്രതി പൊലീസ് പിടിയിൽ. ഈ കേസിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
കുളമൻകുഴി കോളനിയിലെ ഓലിക്കൽ രാഹുലി (24) നെയാണ് തിരുവനന്തപുരം പാറശാലയിൽ നിന്നും അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. കുടിയിലെ കാണി ഗോപിക്കാണ് അക്രമത്തിൽ പരിക്കേറ്റത്.
കഴിഞ്ഞ ഓഗസ്റ്റ് 18-നായിരുന്നു കേസിന് ആസ്പദമായ സംഭവം.
പ്രതികൾ കഞ്ചാവ് പൊതിയാക്കി വിൽപ്പന നടത്തിയിരുന്നു. കുടിയിലും പ്രദേശത്തും കഞ്ചാവ് വിൽക്കുന്നതിനെ കുടിയിലെ കാണി ഗോപി എതിർത്തു. ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും പറഞ്ഞു. ഓഗസ്റ്റ് 18-ന് പ്രതികൾ ഗോപിയുടെ വീട്ടിൽ കയറി ഇദ്ദേഹത്തെ ക്രൂരമായി മർദ്ദിച്ചു. ദേഹത്ത് കമ്പിവടി കൊണ്ട് അടിച്ചു വാരിയെല്ല് തകർത്തു. ആക്രമണത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയി. ഗോപി മാസങ്ങളോളം ചികിത്സയിലായിരുന്നു. ഒളിവിൽ പോയ പ്രതികൾ കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതോടെ ഫോൺ ഓഫ് ചെയ്ത് ഒളിവിലായി. കഴിഞ്ഞ ദിവസം പ്രതികൾ തിരുവനന്തപുരത്തുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ അവിടെ എത്തി രാഹുലിനെ അറസ്റ്റ് ചെയ്തു. കൂട്ടുപ്രതി ഓടി രക്ഷപ്പെട്ടു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.ഐ.മാരായ സിജു ജേക്കബ്ബും ടി.പി. ജൂഡിയും എ.എസ്.ഐ. അബ്ബാസും ചേർന്നാണ് പ്രതികളെ കസ്റ്റടിയിലെടുത്തത്.