കൊച്ചി: തീവ്രഹിന്ദുത്വ നിലപാടുകള്‍ ഉയര്‍ത്തിക്കാട്ടിയുള്ള ആം ആദ്മി പാര്‍ട്ടിയുടെ (എ.എ.പി) പ്രചാരണ രീതിക്കെതിരേ ട്വന്റി 20 ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് എം.ഡിയുമായ സാബു എം ജേക്കബ്. ഉത്തരേന്ത്യയിലെ പ്രചാരണ രീതി കേരളത്തില്‍ നടപ്പാക്കാന്‍ ശ്രമിച്ചാല്‍ എതിര്‍ക്കുമെന്നും തെരഞ്ഞെടുപ്പ് വിജയത്തിനായി രൂക്ഷമായ ആയുധങ്ങള്‍ പുറത്തെടുക്കുന്ന ചിന്താഗതിക്കെതിരാണ് ട്വന്റി 20 എന്നും സാബു എം ജേക്കബ് പറഞ്ഞു. ഇതോടെ കേരളത്തിലെ ബദല്‍ മുന്നണിയെന്നു ചൂണ്ടിക്കാട്ടി ട്വന്റി 20യും ആം ആദ്മി പാര്‍ട്ടിയും ചേര്‍ന്നു പ്രഖ്യാപിച്ച ‘ജനക്ഷേമ സഖ്യ’ത്തിന്റെ ഭാവിയും തുലാസിലായിരിക്കുകയാണ്.
”തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍ എത്ര രൂക്ഷമായ ആയുധങ്ങള്‍ പുറത്തെടുക്കാനും രാഷ്ട്രീയ കക്ഷികള്‍ മത്സരിക്കുകയാണ്. എന്നാല്‍ ട്വന്റി 20 ഇത്തരം ചിന്താഗതിക്കെതിരാണ്. കറന്‍സി നോട്ടില്‍ ദൈവങ്ങളുടെ ഫോട്ടോയെന്ന എഎപിയുടെ നിലപാടിനോട് യോജിപ്പില്ല. മതങ്ങളെയും ദൈവങ്ങളെയും അധികാരത്തിനായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ല”- സാബു എം ജേക്കബ് പ്രമുഖ ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
കഴിഞ്ഞ മേയിലാണ് ട്വന്റി 20 യുടെ തട്ടകമായ കിഴക്കമ്പലത്തുനടന്ന ‘ജനസംഗമ’ത്തില്‍ ആം ആദ്മി പാര്‍ട്ടി കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും സാബു എം ജേക്കബും ചേര്‍ന്ന് ‘ജനക്ഷേമ സഖ്യം’ പ്രഖ്യാപിച്ചത്. കേരളം പിടിക്കുകയാണ് ജനക്ഷേമ സഖ്യത്തിന്റെ ലക്ഷ്യമെന്നു കെജ്രിവാള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, ഉത്തരേന്ത്യയില്‍ എഎപി സ്വീകരിക്കുന്ന നിലപാടുകളാണ് സഖ്യത്തില്‍ കല്ലുകടി സൃഷ്ടിച്ചിരിക്കുന്നത്. ഇതിനു പുറമേ എ.എ.പി സംസ്ഥാന നേതൃത്വത്തിനെതിരായ ട്വന്റി 20യുടെ നിലപാടുകളും സഖ്യത്തിനു വെല്ലുവിളിയാണ്.
കറന്‍സി നോട്ടുകളില്‍ ഹൈന്ദവ ദൈവങ്ങളുടെ ചിത്രം ചേര്‍ക്കണമെന്നും അധികാരത്തിലേറിയാല്‍ അയോധ്യയിലേക്ക് സൗജന്യ വാഹന സര്‍വീസ് ആരംഭിക്കുമെന്നും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നുമുള്ള എ.എ.പിയുടെ പ്രചാരണങ്ങളാണ് ട്വന്റി 20 യെ ചൊടിപ്പിച്ചിരിക്കുന്നത്. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഇത്തരം പ്രഖ്യാപനങ്ങളുമായി അരവിന്ദ് കെജ്രിവാള്‍ അടക്കമുള്ള എ.എ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നത്. എ.എ.പി നിലപാടിലുള്ള അതൃപ്തി ട്വന്റി 20 നേതൃത്വം അറിയിച്ചതായാണ് വിവരം.