IndiaNEWS

ഇരട്ടസഹോദരിമാര്‍ക്ക് ഒറ്റവരന്‍; കേസെടുത്ത് പോലീസ്, വെട്ടിലായി അപൂര്‍വദാമ്പത്യം

മുംബൈ: ഇരട്ട സഹോദരിമാര്‍ ഒരാളെ വിവാഹം കഴിച്ച സംഭവം വിവാദമായതിനെ തുടര്‍ന്ന് പോലീസ് കേസെടുത്തു. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം.വിവാഹ വാര്‍ത്ത വൈറലായതിനെ തുടര്‍ന്ന് വരനെതിരേ ചിലര്‍ പരാതി ഫയല്‍ ചെയ്തിരുന്നു.

ഒരു ഭാര്യ ജീവിച്ചിരിക്കെ മറ്റൊരാളെ വിവാഹം കഴിക്കുന്നതു തെറ്റാണെന്നു ചൂണ്ടിക്കാട്ടി ചിലര്‍ പോലീസില്‍ പരാതി നല്‍കിയതോടെ വെട്ടിലായിരിക്കുകയാണ് മൂന്നു പേരും. മാലേവാഡിയില്‍നിന്നുള്ള രാഹുല്‍ ഫൂലെയാണ് വിവാഹത്തിനെതിരേ പോലീസില്‍ പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഐപിസി 494 വകുപ്പ് ചുമത്തിയാണ് വരനെതിരേ അക്ലുജ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

രാജ്യത്ത് ബഹുഭാര്യത്വം നിരോധിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇവരുടെ വിവാഹം നിയമപരമാണോ എന്ന ചോദ്യമുയര്‍ന്നിട്ടുണ്ട്. സഹോദരിമാരെ ഒരാള്‍ വിവാഹം ചെയ്തതില്‍ നിയമപ്രശ്‌നമുണ്ടെന്ന് നിയമവിദഗ്ധര്‍ പറയുന്നു.

ഷോലാപ്പുര്‍ ജില്ലയിലെ മാല്‍ഷിറസ് സ്വദേശിയായ അതുലിനെ ആണ് മുംബൈ കാന്തിവലി സ്വദേശികളും ഐടി എഞ്ചിനീയര്‍മാരുമായ
റിങ്കിയും പിങ്കിയും വിവാഹം കഴിച്ചത്. ജനനം മുതല്‍ ഒരുമിച്ചായിരുന്ന ഇരുവര്‍ക്കും പിരിയാനുള്ള ബുദ്ധിമുട്ടാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

അടുത്തിടെയാണ് യുവതികളുടെ അച്ഛന്‍ മരിച്ചത്. രോഗിയായ അമ്മയെ ആശുപത്രിയില്‍ കൊണ്ടു പോയിരുന്നത് അതുലിന്‍െ്‌റ ടാക്‌സിയിലാണ്.
ഈ അടുപ്പമാണ് വിവാഹത്തിലേക്ക് നയിച്ചതെന്നാണു റിപ്പോര്‍ട്ടുകള്‍.

വെള്ളിയാഴ്ചയായിരുന്നു വിവാഹം. ആഹ്ലാദത്തോടെ ഇരുയുവതികളും മാലചാര്‍ത്തുന്നതടക്കമുള്ള വിവാഹാഘോഷത്തിന്റെ വീഡിയോ വലിയ തോതില്‍ പ്രചരിച്ചതിനു പിന്നാലെ ഇത്തരം വിവാഹത്തിലെ ശരിതെറ്റുകളെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചകളും സജീവമായി.

 

 

 

 

 

Back to top button
error: