കോട്ടയം: ജില്ലയിലെ പരിപാടികളില്‍ ശശി തരൂരുമായുള്ള തര്‍ക്കം തുടരവേ ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷിനെ പരസ്യമായി പിന്തുണച്ചും പ്രകീര്‍ത്തിച്ചും ഡി.സി.സിയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജ്. തരൂരിനെ പരോക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പോസ്റ്റ്. ഡി.സി.സി. പ്രസിഡന്റിന്റെ ചിത്രത്തോടെയാണ് കുറിപ്പ് പ്രത്യക്ഷപ്പെട്ടത്.
ഒരു ദിവസം നേരം പുലര്‍ന്നപ്പോള്‍ കുപ്പായം തയ്ച്ചു കോണ്‍ഗ്രസുകാരനായതല്ല നാട്ടകം സുരേഷെന്ന് പോസ്റ്റില്‍ പറയുന്നു. സി.പി.എം. കോട്ടയായിരുന്ന നാട്ടകം പഞ്ചായത്തില്‍ പ്രസിഡന്റാവുമ്പോള്‍ 25 വയസ്സായിരുന്നു. കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി പ്രസ്ഥാനമായ ബ്ലോക്ക് പ്രസിഡന്റായി തുടങ്ങി യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായും കെ.പി.സി.സി. സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശേഷമാണ് കോട്ടയം ഡി.സി.സി. പ്രസിഡന്റായതെന്ന് പോസ്റ്റില്‍ പറയുന്നു.
തരൂരിന് സംഘടനാ തലത്തില്‍ പരിചയമില്ലെന്ന മുന്‍ വിമര്‍ശനങ്ങളെ പരോക്ഷമായി സൂചിപ്പിച്ചാണ് നാട്ടകം സുരേഷിനുള്ള പിന്തുണ. ‘സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രംകഴുകി കോണ്‍ഗ്രസായിട്ട്, പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ വന്നിറങ്ങിയ ആളല്ല നാട്ടകം സുരഷ്’ എന്നായിരുന്നു പോസ്റ്റിന്റെ പൂര്‍ണരൂപം. ഈ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയ പോസ്റ്റാണ് നിലവില്‍ പേജിലുള്ളത്. നാട്ടകം സുരേഷിന്റെ ഫോണ്‍ നമ്പറാണ് പേജില്‍ നല്‍കിയിരിക്കുന്നത്.
അതേസമയം, ഡി.സി.സിയുടെ പേരിലുള്ള ഫെയ്സ്ബുക്ക് പേജില്‍ വന്ന പോസ്റ്റ് തള്ളി നാട്ടകം സുരേഷ് രംഗത്തെത്തി. വിവാദ പോസ്റ്റ് വന്നത് വ്യാജ അക്കൗണ്ടിലാണ്. ഡി.സി.സിക്ക് ഔദ്യോഗിക പേജില്ല. 2017-ല്‍ ആരോ ഉണ്ടാക്കിയ പേജാണിത്. തന്റെ നമ്പര്‍ ഉപയോഗിച്ചതിന് പേജിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും അദ്ദേഹം പ്രതികരിച്ചു.
വിവാദങ്ങള്‍ അവസാനിച്ചു. ഇനി തര്‍ക്കങ്ങള്‍ക്കില്ല. സംഘടനാ കീഴ്വഴക്കങ്ങള്‍ പാലിക്കണമെന്ന് മാത്രമാണ് പറഞ്ഞത്. തരൂര്‍ വരുന്നതിനെ എതിര്‍ത്തിട്ടില്ല. താന്‍ പറയുന്ന കാര്യങ്ങളല്ല വാര്‍ത്തയായി വരുന്നതെന്നും നാട്ടകം സുരേഷ് പറഞ്ഞു.
മലബാറിലെ പര്യടനത്തിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ തരൂരിനെ പങ്കെടുപ്പിച്ച് ഈരാറ്റുപേട്ടയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു. ഇതടക്കം കോട്ടയം ജില്ലയിലെ പരിപാടികളെക്കുറിച്ച് തരൂര്‍ തന്നെ അറിയിച്ചില്ലെന്നായിരുന്നു ഡി.സി.സി. പ്രസിഡന്റിന്റെ തുടക്കം മുതലുള്ള നിലപാട്. ഇതിനെതിരേ കെ.പി.സി.സി, എ.ഐ.സി.സി. അച്ചടക്ക സമിതികള്‍ക്ക് പരാതി നല്‍കുമെന്നും നാട്ടകം സുരേഷ് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, തന്റെ സന്ദര്‍ശനം എല്ലാ ഡി.സി.സികളേയും അറിയിച്ചിരുന്നുവെന്ന നിലപാടിലാണ് ശശി തരൂര്‍. പരിപാടി നടത്തുന്ന വിവരം ഡി.സി.സിയെ അറിയിക്കേണ്ടെന്നായിരുന്നു സംഘടകരായ യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. യൂത്ത് കോണ്‍ഗ്രസിന്റെ പരിപാടിക്ക് പുറമേ കെ.എം. ചാണ്ടി അനുസ്മരണത്തിലും പങ്കെടുത്ത തരൂര്‍ പാല, കാഞ്ഞിരപ്പള്ളി രൂപത അധ്യക്ഷന്മാരെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
ഡി.സി.സി. പ്രസിഡന്റിന്റെ പ്രസ്താവനയെ വിമര്‍ശിച്ചും തരൂരിനെ പിന്തുണച്ചും കെ. മുരളീധരനും കെ.എസ്. ശബരീനാഥനും രംഗത്തെത്തിയിരുന്നു. നാട്ടകം സുരേഷ് അനാവശ്യ വിവാദമുണ്ടാക്കിയെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പരാതി പറയേണ്ടിയിരുന്നില്ലെന്നും കെ. മുരളീധരന്‍ പറഞ്ഞപ്പോള്‍ തരൂരോ യൂത്ത് കോണ്‍ഗ്രസോ നടത്തുന്നത് സമാന്തരപ്രവര്‍ത്തനമല്ലെന്നായിരുന്നു ശബരീനാഥന്റെ പ്രതികരണം.