കൊച്ചി: നെടുമ്പാശ്ശേരിയില്‍ എമര്‍ജന്‍സി ലാന്‍ഡ് ചെയ്ത വിമാനത്തില്‍നിന്ന് സ്വര്‍ണക്കടത്തുകാരനെ പിടികൂടി. 70 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി സമദാണ് കസ്റ്റംസ് പിടിയിലായത്. ശുചിമുറിയില്‍ സ്വര്‍ണം ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇന്നലെ നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ് നടത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലാണ് സമദ് എത്തിയത്. തോര്‍ത്തു മുണ്ടില്‍ ഒളിപ്പിച്ച് അരയില്‍ കെട്ടിയാണ് സ്വര്‍ണം കൊണ്ടുവന്നത്.
കപ്പൂരില്‍ ഇയാളെ കാത്ത് ഏജന്റുമാര്‍ നില്ക്കുന്നുണ്ടായിരുന്നു. എന്നാല്‍, വിമാനം അടിയന്തര സാഹചര്യത്തില്‍ കൊച്ചിയില്‍ ഇറക്കിയതോടെ പദ്ധതി പൊളിഞ്ഞു. തുടര്‍ന്ന് സ്വര്‍ണം ഉപേക്ഷിക്കാനുള്ള ശ്രമത്തിനിലെ ഇയാളെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ കാണുകയായിരുന്നു.
ജിദ്ദയില്‍ നിന്നും കോഴിക്കോട്ടേക്ക് തിരിച്ച വിമാനമാണ് ഹൈഡ്രോളിക് തകരാര്‍ മൂലം കൊച്ചിയില്‍ ഇറക്കിയത്. രണ്ടുപ്രാവശ്യം കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പറന്നതിന് ശേഷമാണ് നെടുമ്പാശ്ശേരിയില്‍ വിമാനം ഇറക്കിയത്. കൊച്ചിയില്‍ മൂന്നുതവണ ലാന്‍ഡിങിന് ശ്രമിച്ചതിന് ശേഷം നാലമത്തെ തവണയാണ് വിമാനം നിലത്തിറക്കാന്‍ സാധിച്ചത്.
എട്ടരവരെ വിമാനത്താവളത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും 7:20 ഓടെ വിമാനം സുരക്ഷിതമായി ഇറക്കി. ഇതോടെ അടിയന്തരവസ്ഥ പിന്‍വലിച്ചു. വിമാനത്തില്‍ ജീവനക്കാര്‍ ഉള്‍പ്പടെ 197 പേര് ഉണ്ടായിരുന്നു.