ചെന്നൈ: വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളകള്‍ വഴിയരികില്‍ തള്ളി കര്‍ഷകര്‍. വയലില്‍ ചീഞ്ഞഴുകിയും കന്നുകാലികള്‍ക്ക് കൊടുത്തുമൊക്കെ 3000 കിലോയോളം വെണ്ടയ്ക്കയാണ് ഇവര്‍ നശിപ്പിച്ചുകളഞ്ഞത്. തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയിലാണ് സംഭവം.
തിരുനെല്‍വേലിയിലെ പള്ളമട, പിള്ളയാര്‍കുളം, റാസ്ത, ഭാരതിയപുരം എന്നിവിടങ്ങളില്‍ നിന്നും തൂത്തുക്കുടി ജില്ലയിലെ വെള്ളപ്പനേരിയിലും പരിസരപ്രദേശങ്ങളിലും നിന്നുള്ള നൂറുകണക്കിന് കര്‍ഷകരാണ് നഷ്ടം സഹിക്കാനാവാതെ നിരാശയിലായത്. പളളമടയിലെ പാടത്ത് വിളയെടുത്ത വെണ്ടയ്ക്ക ട്രക്കില്‍ കയറ്റി 25 കിലോമീറ്റര്‍ താണ്ടി തിരുനെല്‍വേലി ടൗണിലെത്തിച്ചപ്പോഴാണ് വിലകേട്ട് ഞെട്ടിയത്. ”ഞങ്ങളുടെ കൃഷിയിടത്തുനിന്ന് വിളകള്‍ മാര്‍ക്കറ്റിലെത്തിക്കാന്‍ മാത്രം കിലോയ്ക്ക് ഒരു രൂപ ചിലവുണ്ട്. മാര്‍ക്കറ്റില്‍ കിട്ടുന്നതാകട്ടെ കിലോയ്ക്ക് ഒരു രൂപയും” ശേഖര്‍ പറഞ്ഞു. വിലയറിഞ്ഞതിന് പിന്നാലെ 500 കിലോ വെണ്ടയ്ക്ക റോഡരികില്‍ തള്ളുകയായിരുന്നു ഇയാള്‍. ഈ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
Okra (lady's finger) and tomato farmers dumped their produce on the ground following poor price for their produce in Manur Taluk in Tirunelveli district pic.twitter.com/OlewCfT2Nh
— Thinakaran Rajamani (@thinak_) December 2, 2022
50 ദിവസം കൃഷി ചെയ്യാന്‍ ഏക്കറിന് 30,000 മുതല്‍ 40,000 രൂപ വരെ ചെലവാക്കുന്നുണ്ടെന്നാണ് മറ്റൊരു കര്‍ഷകന്‍ പറയുന്നത്. ”ഞാന്‍ ഹൈബ്രിഡ് വിത്തിന് ഏക്കറിന് 21,000 രൂപ ചിലവിട്ടു. പാടം ഉഴുതുമറിക്കാന്‍ 4500 രൂപയും വളത്തിന് 2000 രൂപയും ചെലവായി. കള നീക്കാന്‍ 500 രൂപ. കീടനാശിനിക്ക് 6,500 രൂപ” -പല്‍രാജ് പറഞ്ഞു. വെണ്ടയ്ക്ക പറിക്കാനും ലോഡിംഗ് ചാര്‍ജ്ജും ഒക്കയായി വേറെയും ചെലവുകളുണ്ടെന്ന് കര്‍ഷകര്‍ പറയുന്നു. എല്ലാം കഴിഞ്ഞ് മാര്‍ക്കറ്റിലെത്തിക്കുമ്പോള്‍ 200 രൂപ പോലും ലാഭം കിട്ടാത്ത അവസ്ഥയാണുള്ളത്.
‘കഴിഞ്ഞ വര്‍ഷം ഒരു കിലോ വെണ്ടയ്ക്കയ്ക്ക് 50-60 രൂപയായിരുന്നു വില. ഈ വര്‍ഷം മഴ കുറവായിരുന്നതിനാല്‍ പല നെല്‍കര്‍ഷകരും പച്ചക്കറി കൃഷിയിലേക്ക് മാറി. ഇതുമൂലം ഉത്പാദനം കൂടി’, കര്‍ഷകര്‍ പറയുന്നു. വിളകള്‍ക്ക് ന്യായവില ലഭിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് കര്‍ഷകരുടെ ആവശ്യം. വെണ്ടയ്ക്ക കിലോയ്ക്ക് നാല് രൂപ നിരക്കിലാണ് കേരളത്തിലെയും തമിഴ്നാട്ടിലെയും മൊത്തവില്‍പ്പനക്കാര്‍ക്ക് കൊടുക്കുന്നത്. അതിനാല്‍ രണ്ട് രൂപയോ മൂന്ന് രൂപയോ മാത്രമേ കര്‍ഷകര്‍ക്ക് നല്‍കാനാകൂ എന്നാണ് വ്യാപാരികള്‍ പറയുന്നത്.