NEWS

മുഖ്യമന്ത്രിക്ക് രവീന്ദ്രനെയും തള്ളിപ്പറയേണ്ടിവരും: മുല്ലപ്പള്ളി

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ആദ്യം ന്യായീകരിക്കുകയും പിന്നെ തള്ളിപ്പറയുകയും ചെയ്തതിന് സമാനമായി അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെയും കോഴി കൂവുന്നതിന് മുന്‍പായി മൂന്ന് വട്ടം മുഖ്യമന്ത്രിക്ക് തള്ളിപ്പറയേണ്ടിവരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.

അന്വേഷണം തന്നിലേക്ക് അടുക്കുമ്പോള്‍ ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടുന്നതാണ് മുഖ്യമന്ത്രിയുടെ ശൈലി. ലാവ്‌ലിന്‍ കേസിലും അതു കേരളം കണ്ടതാണ്.കഴിഞ്ഞ ദിവസം സിഎം രവീന്ദ്രന് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുഖ്യമന്ത്രി രവീന്ദ്രന്റെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനുള്ള ഇ ഡിയുടെ നടപടിയെ എന്തുകൊണ്ട് സ്വാഗതം ചെയ്തില്ലെന്നും മുല്ലപ്പള്ളി ചോദിച്ചു.

Signature-ad

രവീന്ദ്രന്‍ മുഖ്യമന്ത്രിയുടെ കുടുംബത്തിന്റെ വിനീതവിധേയന്‍ മാത്രമല്ല മന:സാക്ഷി സൂക്ഷിപ്പുകാരന്‍ കൂടിയാണ്. മുഖ്യമന്ത്രിയുടെ എല്ലാ വിദേശയാത്രകളിലും രവീന്ദ്രന്‍ ഒപ്പമുണ്ടായിരുന്നു.അദ്ദേഹം അറിയാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഒന്നും നടക്കില്ല.രവീന്ദ്രന് കോവിഡ് സ്ഥിരീകരിച്ചിട്ടും പ്രാഥമിക സമ്പര്‍ക്കത്തില്‍ വരുന്ന മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകാത്തത് വിചിത്രമാണ്. സിഎം രവീന്ദ്രന് ഇ ഡിയുടെ ചോദ്യങ്ങളെ ഫലപ്രദമായി നേരിടാനും തന്ത്രം മെനയാനും ഈ അവസരം ഉപയോഗപ്പെടുത്താമെന്നും മുല്ലപ്പള്ളി പരിഹസിച്ചു.

സിഎം രവീന്ദ്രന്റെ സാമ്പത്തിക വളര്‍ച്ചയും ബിനാമി ഇടപാടുകളും അന്വേഷിക്കുന്ന കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയുടേയും പാര്‍ട്ടി സെക്രട്ടറിയുടെയും സാമ്പത്തിക സ്രോതസ്‌കൂടി അന്വേഷിക്കണം.എന്‍ഫോഴ്‌സ്‌മെന്റിനെ വീട്ടിലേക്ക് സ്വാഗതം ചെയ്ത മന്ത്രി ജലീലിന്റെ ക്ഷണം അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കണം.കെ.ടി.ജലീല്‍ ആദര്‍ശധീരനാണെങ്കില്‍ വിദേശ എംമ്പസികളുമായുള്ള ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങള്‍കൂടി അന്വേഷിക്കാന്‍ എന്‍.ഐ.എയെയും ക്ഷണിക്കാന്‍ തയ്യാറാകണം. ബിനീഷ് കോടിയേരിയുടെ വീട്ടില്‍ റെയ്ഡിനെത്തിയ ഇ ഡി ഉദ്യോഗസ്ഥരെ തടയാന്‍ കേരള പോലീസിന് ഉത്തരവ് നല്‍കിയത് ആരാണെന്ന് വിശദീകരിക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

ലൈഫ് പദ്ധതിയിലെ അഴിമതി അന്വേഷണവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് വിശദീകരണം തേടാന്‍ നിയമസഭാ പ്രിവിലേജ് കമ്മിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയ സ്പീക്കറുടെ ഉത്തരവ് അസാധാരണമാണ്. ലൈഫ് പദ്ധതിയിലെ വിദേശഫണ്ടുമായി ബന്ധപ്പെട്ട അഴിമതിയെ കുറിച്ച് അറിയാനുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ട്.ബിജെപിയുടെ ഇടപെടലുകളില്ലാതെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശരിയായ ദിശയില്‍ പോയാല്‍ സ്വര്‍ണ്ണക്കടത്തിലേയും കള്ളപ്പണ,മയക്കുമരുന്നു കേസുകളിലെയും യഥാര്‍ത്ഥ പ്രതികള്‍ നിയമത്തിന്റെ മുന്നില്‍ വരുമെന്നതില്‍ സംശയമില്ല.കേരളത്തില്‍ വിജിലന്‍സിനെ കൂച്ചുവിലങ്ങിട്ട് തളച്ചിരിക്കുന്നു.യജമാനന്‍മാരുടെ ഉത്തരവിനായി കാത്തിരിക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരാണ് അവിടെയുള്ളത്.വിജിലന്‍സിന് പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്ര്യം നല്‍കുന്നില്ലെന്നും നല്ല ഉദ്യോഗസ്ഥരെ നിശബ്ദരാക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

വ്യാജ ഏറ്റുമുട്ടല്‍ മനുഷ്യത്വരഹിതം:

മാവോവാദികളെ പോലീസ് വെടിവച്ചു കൊല്ലുന്നത് കേന്ദ്രഫണ്ടിന് വേണ്ടിയാണെന്ന സി.പി.ഐ വിമര്‍ശനത്തിന് മുഖ്യമന്ത്രി മറുപടി പറയണം.സി.പി.ഐ സെക്രട്ടറി കാനം രാജേന്ദ്രന്റെ പെട്ടന്നുള്ള മന:പരിവര്‍ത്തനത്തെ അഭിനന്ദിക്കുന്നുവെന്നും ബിനീഷ് കോടിയേരി ഉള്‍പ്പെടെയുള്ള വിഷയത്തില്‍ കാനം ഇത്തരം നിലപാട് സ്വീകരിക്കാനുള്ള ആര്‍ജ്ജവം കാട്ടണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

മാവോയിസ്റ്റുകളെ ജീവനോടെ പിടികൂടുന്നതിന് പകരം വ്യാജ ഏറ്റുമുട്ടലിലൂടെ വകവരുത്തുന്നത് പ്രാകൃതവും മനുഷ്യത്വരഹിതവുമാണ്.മാവോയിസ്റ്റുകളെ തോക്കിന്‍ കുഴലിലൂടെ ഉന്‍മൂലനം ചെയ്യുന്നതാണോ സര്‍ക്കാരിന്റെ നയം.കേരളത്തിലെ മാവോയിസ്റ്റ് വിഭാഗം ശക്തമല്ല.സായുധവിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന കല്‍ക്കത്ത തീസീസ് അംഗീകരിച്ച സിപിഎമ്മിന് എങ്ങനെ ഇവരെ കൊന്നൊടുക്കാനാകും.സിപിഎമ്മിന്റെ അഖിലേന്ത്യാ നിലപാടാണോ മാവോയിസ്റ്റ് വേട്ട എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. എല്‍ഡിഎഫ് സര്‍ക്കാര്‍ നാലര വര്‍ഷം കൊണ്ട് വ്യാജ ഏറ്റുമുട്ടലുകളിലൂടെ ഒന്‍പത് മാവോയിസ്റ്റുകളെയാണ് വെടിവെച്ചു കൊന്നത്.ഇത്രയും വലിയ മനുഷ്യാവകാശ ധ്വംസനം നടന്നിട്ടും ഇവിടത്തെ മനുഷ്യാവകാശ പ്രവര്‍ത്തകരും സാംസ്‌കാരിക നായകരും പ്രതിഷേധിക്കാത്തത് നിര്‍ഭാഗ്യകരമാണ്.

മാവോയിസ്റ്റും പോലീസും തമ്മില്‍ ഏറ്റുമുട്ടിയ സ്ഥലങ്ങളില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതില്‍ ദുരൂഹതയുണ്ട്.വയനാട് പടിഞ്ഞാറത്തറയില്‍ പോലീസ് വെടിവച്ചു കൊന്ന മാവോയിസ്റ്റ് വേല്‍മുരുകന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ സന്ദര്‍ശിക്കാന്‍ തന്റെ നിര്‍ദ്ദേശം അനുസരിച്ച് എത്തിയ കോണ്‍ഗ്രസ് നേതാക്കളോട് പോലീസ് വളരെ മോശമായിട്ടാണ് പെരുമാറിയത്.ഇത് പോലീസിന് പലതും മറച്ചുപിടിക്കാനുള്ളത് കൊണ്ടാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ബാലാവകാശ കമ്മീഷന്‍ സിപിഎമ്മിന്റെ പോഷക സംഘടനയെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്.എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ എല്ലാ ഇടപാടുകളും അന്വേഷിക്കണം.കേരള ജനതയെ നാണം കെടുത്തിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു

വോട്ടര്‍പട്ടിക കുറ്റമറ്റതല്ല:

പുതുക്കിയ വോട്ടര്‍പട്ടികയില്‍ നിരവധി ക്രമക്കേടുകളുണ്ട്. കോണ്‍ഗ്രസ് ജനശക്തി പ്രോഗ്രാമിലൂടെ നിലവിലെ വോട്ടര്‍പട്ടികയില്‍ 55000 ഇരട്ടവോട്ടുകള്‍ കണ്ടെത്തി.ഇതുസംബന്ധിച്ച വ്യക്തമായ രേഖകള്‍ ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാന്‍ കോണ്‍ഗ്രസ് പൂര്‍ണ്ണ സജ്ജമാണ്.ഒരു തരത്തിലുള്ള അച്ചടക്ക ലംഘനങ്ങളും അനുവദിക്കില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

Back to top button
error: