കാസർകോട്: നീലേശ്വരം കൊല്ലംപാറയിലുണ്ടായ വാഹനാപകടത്തിൽ മൂന്നു യുവാക്കൾ മരിച്ചു. കരിന്തളം ചിമ്മത്തോട് സ്വദേശി ശ്രീരാഗ്(18), കൊന്നക്കാട് കാട്ടാമ്പള്ളി സ്വദേശി അനൂഷ് ഗണേശൻ(32), നീർക്കാനം കൊടക്കൽ വീട്ടിൽ കെ.കെ കിഷോർ(20) എന്നിവരാണു മരിച്ചത്.
ഇവർ സഞ്ചരിച്ച കാർ ടിപ്പർലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം. മൂന്നു പേരും സംഭവ സ്ഥലത്തു വച്ച് തന്നെ മരിച്ചു. കെഎസ്ഇബി കരാർ തൊഴിലാളികളാണ് മരിച്ച മൂന്നു പേരും.
ഇവർക്കൊപ്പം കാറിലുണ്ടായിരുന്ന കരിന്തളം സ്വദേശി ബിനുവിനെ ഗുരുതര പരുക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാത്രി എട്ടു മണിയോടെ ചോയ്യങ്കോടിന് 200 മീറ്റർ അപ്പുറം മഞ്ഞളം കാട് വളവിലാണ് അപകടം നടന്നത്.
കൊന്നക്കാട് ഭാഗത്തേക്കൂ പോയ കാറിലേക്ക് നീലേശ്വരം ഭാഗത്തേക്കു കരിങ്കല്ല് കയറ്റിവന്ന ലോറി ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ കാർ പൂർണമായി തകർന്നു. അപകടത്തിൽപെട്ടവരെ ആദ്യം നീലേശ്വരം തേജസ്വിനി ആശുപത്രിയിലും പിന്നീട് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലുമെത്തിച്ചു. ജില്ലാ ആശുപത്രിയിൽ വച്ചാണു 3 മരണവും സ്ഥിരീകരിച്ചത്.