KeralaNEWS

‘അനുവാദം നൽകാൻ എൻ.എസ്‌ മാധവനാര് ഹിഗ്വിറ്റയുടെ തലതൊട്ടപ്പനോ.?’ ‘ഹിഗ്വിറ്റ’ വിവാദത്തെക്കുറിച്ച് എഴുത്തുകാരൻ കെ.വി മോഹൻ കുമാർ ഐ.എ.എസ്

  ‘ഹിഗ്വിറ്റ’ വിവാദം കത്തിപ്പടുകയാണ്. തൻ്റെ പ്രസിദ്ധമായ ചെറുകഥയുടെ പേരാണത്, ആ കഥയുടെ പേരിനുമേല്‍ തനിക്ക് യാതൊരു അവകാശവും ഇല്ലാതെ പോകുന്നത് ദു:ഖകരമാണെന്ന് എന്‍.എസ് മാധവന്‍ വിലപിക്കുന്നു. സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദൻ ഉൾപ്പടെ പലരും പിന്തുണയുമായി എത്തി. ഒടുവിൽ ‘ഹിഗ്വിറ്റ’ എന്ന പേർ അനുവദിക്കില്ലെന്ന് കേരള ഫിലിം ചേംബർ വ്യക്തമാക്കി. കഥയുമായി യാതൊരു ബന്ധവുമില്ലെന്നും അവസാന നിമിഷം പേരു മാറ്റാന്‍ സാധിക്കില്ലെന്നും സംവിധായകർ ഹേമന്ത് ജി.നായരും പറയുന്നു.
ഹിഗ്വിറ്റ’ വിവാദത്തെക്കുറിച്ച് സംസ്ഥാനത്തെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്ന പ്രശസ്ത സാഹിത്യകാരൻ കെ.വി മോഹൻ കുമാർ പ്രതികരിക്കുന്നു:

ഒ.വി വിജയൻ്റെ ‘ഖസാക്കിന്റെ ഇതിഹാസം’ എന്ന പ്രശസ്തമായ നോവലിന്റെ പേര് ആ രചനയുമായി ബന്ധമില്ലാത്ത സിനിമയ്ക്കിട്ടാൽ പ്രതിഷേധിക്കുന്നതിലും വിലക്കുന്നതിലും അർത്ഥമുണ്ട്. എന്നാൽ ലോകത്തെമ്പാടുമുള്ള ഫുട് ബോൾ പ്രേമികളുടെ നാവിൽ തത്തിക്കളിക്കുന്ന കൊളംബിയൻ ഗോളി റെനേ ഹിഗ്വിറ്റയുടെ പേര് ഒരു പൊളിറ്റിക്കൽ ത്രില്ലർ സിനിമയ്ക്ക് നൽകിയതിന്റെ പേരിൽ ഇത്രയേറെ ഹാലിളകുന്നതെന്തിന്…? സിനിമയുടെ ഫസ്റ്റ്‌ ലുക്ക് പോസ്റ്റർ ഇറങ്ങിയ വേളയിൽ എൻ.എസ്‌ മാധവൻ അതിനെതിരെ പ്രതിഷേധിച്ചതും ‌ ഫിലിം ചേംബർ ആ പേരിനു വിലക്ക് ഏർപ്പെടുത്തിയതും തികഞ്ഞ അസംബന്ധമാണ്. ഹിഗ്വിറ്റ എന്ന പേര് സിനിമയ്ക്കിടാൻ എൻ.എസ്‌ മാധവന്റെ അനുവാദം വേണമെന്ന് ഫിലിം ചേംബർ ഉത്തരവിറക്കാൻ എൻ.എസ്‌ മാധവനാര്, റെനേ ഹിഗ്വിറ്റയുടെ തല തൊട്ടപ്പനോ…? വലിയ മനസ്സുണ്ടെന്ന് പുറമെ ഭാവിക്കുന്ന പലരും ചെറിയ കാര്യങ്ങൾ പോലും ഉൾക്കൊള്ളാനാവാത്ത സങ്കുചിത മനസ്ക്കരാണ് എന്നതിന് തെളിവാണിത്.
എൻ.എസ്‌ മാധവന്റെ കഥ വായിക്കും മുൻപേ ശരാശരി ഫുട് ബോൾ പ്രേമിയായ ഞാൻ പോലും റെനെ ഹിഗ്വിറ്റയെ കേട്ടിട്ടുണ്ട്. അത്കൊണ്ടാണ് എൻ.എസ്‌ മാധവന്റെ മനോഹരമായ ആ കഥ ആസ്വദിക്കാൻ കഴിഞ്ഞതും.
ഒ.വി വിജയൻ ‘ഖസാക്കിന്റെ ഇതിഹാസ’വും എം മുകുന്ദൻ ‘മയ്യഴിപ്പുഴയുടെ തീരങ്ങ’ളും Coin ചെയ്ത്‌ എടുത്തതാണ്. എൻ എസ്‌ മാധവന്റെ ‘ഹിഗ്വിറ്റ ‘ അങ്ങനെയല്ല. അദ്ദേഹത്തിന്റെ ‘വൻ മരങ്ങൾ വീഴുമ്പോൾ ‘ എന്ന കഥാശീർഷകം ഒരാൾ അതുമായി ബന്ധമില്ലാത്ത ഒരു സിനിമയുടെ പേരാക്കിയിരുന്നെങ്കിൽ ഞാൻ എൻ.എസ്‌ മാധവനോടൊപ്പം നിന്നേനെ. എന്നാൽ ‘ഹിഗ്വിറ്റ ‘അങ്ങനെയല്ല.
ഇന്ന് ഹേമന്ദ് നായരുടെ സിനിമയ്ക്ക് ആ പേര് നൽകിയതിനെ ചോദ്യം ചെയ്യുന്ന എൻ.എസ്‌ മാധവന് ‘ഹിഗ്വിറ്റ ‘എന്ന പേര് കഥയ്ക്കിടാൻ അന്ന് ആരാണ് അനുമതി നൽകിയത്…? ആ പേരിന്റെ ഉടമയായ റെനേ ഹിഗിറ്റയുടെ അനുമതി അദ്ദേഹം തേടിയിരുന്നോ…? അല്ലെങ്കിൽ ലോകം മുഴുവൻ ഉരുവിടുന്ന ആ പേരിന്റെ കുത്തക അദ്ദേഹത്തിന് അവകാശപ്പെടുന്നതെങ്ങനെ…?
ഒരു നവ സംവിധായകനായ ഹേമന്ദ് നായരും അദ്ദേഹത്തിന്റെ ടീം അംഗങ്ങളും ചേർന്ന് എത്ര ത്യാഗം അനുഭവിച്ചായിരിക്കും ആ ചിത്രം നിർമിച്ചത് ? അതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കി കഴിഞ്ഞ്‌ പേരിന്റെ പേരിൽ യുക്തിക്കും ന്യായത്തിനും നിരക്കാത്ത ഈ കോലാഹലം ഇളക്കി വിടുന്നത് എൻ എസ്‌ മാധവനെപ്പോലൊരു മുതിർന്ന എഴുത്തുകാരന് ചേർന്നതല്ല. വില കുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടി ‌ നടത്തുന്ന അഭ്യാസമാണിതെങ്കിൽ ‘ഹാ കഷ്ടം !’

Signature-ad

‘ഹിഗ്വിറ്റ’ എന്ന പേര് ഇത്രയും ജനകീയമാക്കിയത് താനാണെന്ന് എൻ.എസ് മാധവൻ. ഒരു വിവാദത്തിന് താനില്ല. ഹിഗ്വിറ്റ എന്ന പേരിൽ ഇനിയൊരു സിനിമ തനിക്ക് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ നഷ്ടമായിരിക്കുന്നത്. ഒരു പേരിനോ ഒരു വാക്കിന്റെയോ മുകളിൽ ആർക്കും കോപ്പി റൈറ്റ് ഇല്ല. അത് ഉപയോഗിക്കുന്നതിൽ സാങ്കേതികമായി എന്താണ് തെറ്റ് എന്നതിൽ എനിക്ക് അഭിപ്രായമില്ല. എനിക്ക് വ്യക്തിപരമായി വലിയ ദു:ഖവും നഷ്ടവും ഉണ്ടാക്കുന്നുണ്ട്. കാരണം എന്റെ ഹിഗ്വിറ്റ എന്ന കഥ സിനിമയാക്കുന്നതിനുള്ള ചർച്ചകൾക്കിടയിലാണ് ഈ സംഭവമുണ്ടായത്. അത് വല്ലാത്ത തിരിച്ചടിയായി. അവകാശത്തിനോ കോപ്പിറൈറ്റിനോ ഞാൻ പോകുന്നില്ല. കാരണം എഴുത്തുകാരനെന്ന നിലയിൽ എനിക്കതേക്കുറിച്ച് ചിന്തിക്കുവാൻ പോലും സമയമില്ല.

ചെമ്മീൻ തകഴിയുടെ നോവലാണ്. അത് സിനിമയാക്കാൻ പോയപ്പോഴാണ് തകഴി രജിസ്റ്റർ ചെയ്തത്. വാനപ്രസ്ഥം വിഷയത്തിൽ എം.ടി വേണ്ടത്ര വികാരം അന്ന് പ്രകടിപ്പിച്ചില്ല. ഫിലിം ചേംബറിന് പരാതിയല്ല, അപേക്ഷയാണ് നൽകിയത്. സിനിമാ പ്രവർത്തകരെ തികച്ചും മനസ്സിലാക്കുകയാണ്. നിയമപരമായി ഇതിന്റെ പിറകേ പോവുന്നില്ല. എലിപ്പത്തായമെന്നോ, കൊടിയേറ്റമെന്നോ ഉള്ള പേരിൽ ഞങ്ങളാരും കഥകൾ എഴുതില്ല. അടൂരിനോടുള്ള ബഹുമാനമാണ് കാരണം. ഇതൊരു നൈതികതയുടെയും ധാർമികതയുടെയും പ്രശ്നമാണ്. എഴുത്തുകാരന്റെ നിലനിൽപിന്റെ പ്രശ്നമാണ്. സിനിമയുടെ കഥയും തന്റെ കഥയും തമ്മിൽ സാമ്യമുണ്ട്. അതുകൊണ്ടാണ് സിനിമയുടെ പേരിനെച്ചൊല്ലി കത്തയ്ക്കാനും പേരിന് വിലക്ക് വാങ്ങാനും തനിക്ക് സാധിച്ചത്.       എൻ. എസ് മാധവൻ പറഞ്ഞു.

അതേ സമയം സിനിമയുടെ പ്രിവ്യുപോലും പുറത്തുവിടാത്ത സാഹചര്യത്തിൽ എങ്ങനെയാണ് എൻ.എസ് മാധവന്റെ കഥയുമായി തന്റെ സിനിമയ്ക്ക് സാമ്യമുണ്ടെന്ന് കണ്ടെത്തുക എന്നാണ് സംവിധായകനായ ഹേമന്ദ് ജി നായർ ചോദിക്കുന്നത്. കണ്ണൂരിലെ രാഷ്ടീയ പശ്ചാത്തലം പ്രമേയമാകുന്ന തന്റെ സിനിമ എങ്ങനെയാണ് എൻ.എസ് മാധവന്റെ കഥയുമായി സാമ്യമുണ്ടാകുക എന്നും ഹേമന്ദ്  ചോദിക്കുന്നു.

Back to top button
error: