KeralaNEWS

കൊച്ചി ബോൾഗാട്ടി പാലസിന് സമീപം അനധികൃതകെട്ടിട നിർമാണം: പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി

    ചലച്ചിത്ര പിന്നണി ഗായകൻ എം.ജി ശ്രീകുമാറിനെതിരെ അഴിമതി നിരോധന നിയമ പ്രകാരം എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു. കൊച്ചി ബോൾഗാട്ടി പാലസിന് സമീപം കെട്ടിടം നിർമിച്ച കേസിലാണ് വിജിലൻസ് ജഡ്ജി പി.പി സെയ്തലവിയുടെ ഉത്തരവ്. കഴിഞ്ഞ ജൂലൈയിൽ വാദം പൂർത്തിയാക്കി ഓഗസ്റ്റിൽ വിധി പറയാൻ മാറ്റിവച്ച കേസിലാണ് കോടതി ഇന്നു വിധി പറഞ്ഞത്.

നേരത്തെ ത്വരിത അന്വേഷണത്തിനു വിജിലൻസ് കോടതി ഉത്തരവിട്ട ശേഷം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിയമലംഘനങ്ങൾ പരിഗണിക്കുന്ന എൽഎസ്ജി ട്രൈബ്യൂണൽ പരിഗണിച്ചാൽ മതിയെന്നു വിജിലൻസ് പ്രോസിക്യൂഷൻ അഡീഷനൽ ഡയറക്ടർ നിർദേശം നൽകിയിരുന്നു. ഇതിനെതിരെ ഹർജിക്കാരൻ കോടതിയെ ആക്ഷേപ ഹർജിയുമായി സമീപിക്കുകയായിരുന്നു. കോടതിക്ക് നിയമോപദേശം നൽകുന്നതു ചട്ട വിരുദ്ധമാണ് എന്നായിരുന്നു ഹർജിക്കാരനായ ജി. ഗിരീഷ് ബാബുവിന്റെ വാദം. ഇത് അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്.

തീരദേശ പരിപാലന നിയമം ലംഘിച്ച് എം ജി ശ്രീകുമാര്‍ വീടുവച്ചോയെന്ന് അന്വേഷിക്കാനാണ് കോടതി ഉത്തരവിട്ടത്. മുളവുകാട് ഗ്രാമപഞ്ചായതിലെ ബോള്‍ഗാട്ടി പാലസിന് സമീപമുള്ള ബോട്ട് ജെട്ടിക്കടുത്താണ് എംജി ശ്രീകുമാര്‍ 11.5 സെന്റ് സ്ഥലത്ത് വീട് വച്ചത്. ഇത് കായല്‍ കയ്യേറിയാണെന്നും തീരദേശ പരിപാലനനിയമം, പഞ്ചായത്ത് രാജ് ആക്ട് തുടങ്ങിയവ ലംഘിച്ചാണ് കെട്ടിടം നിർമിച്ചതെന്നുമായിരുന്നു പരാതി. പഞ്ചായത്ത് അധികൃതർ ഇതിന് കൂട്ടുനിന്നതായും പരാതിക്കാരൻ ആരോപിച്ചു. ബോൾഗാട്ടി പാലസിൽ 100 മീറ്റർ മാത്രം കായലിൽനിന്നു വിട്ട് വീട് പണിതെന്നു കാണിച്ച് 2017 ഡിസംബറിലാണ് പൊതുപ്രവർത്തകനായ ഗിരീഷ് കുമാർ പരാതി നൽകിയത്. പഴയ വീടു വാങ്ങി പൊളിച്ചശേഷം പുതിയ വീട് പണിയുകയായിരുന്നു. മുളവുകാട് പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത സെക്രട്ടറിമാരെയും അസിസ്റ്റന്റ് സെക്രട്ടറിമാരെയും പ്രതിയാക്കിയായിരുന്നു പരാതി.

നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ മുളവുകാട് പഞ്ചായത് അസി. എന്‍ജിനീയര്‍ അനുമതി നല്‍കിയെന്നും പഞ്ചായത് സെക്രട്ടറി ഇതിനെതിരെ നടപടിയെടുത്തില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി നേരത്തേ, എം ജി ശ്രീകുമാറിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു

ഈ പരാതിയിൽ ത്വരിതാന്വേഷണം നടത്താൻ കോടതി നിർദേശിച്ചിരുന്നു. വിജിലൻസ് സംഘം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ടും സമർപ്പിച്ചു. ഇത് പരിഗണിച്ചാണ് കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടത്.

Back to top button
error: