തിരുവനന്തപുരം: കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തില്‍ കുട്ടിയാനയുടെ കടിയേറ്റ് പാപ്പാന്റെ ഒരു വിരല്‍ അറ്റു. പാപ്പാന് പുഷ്കരന് പിള്ളയുടെ മറ്റൊരു വിരലിനു ഗുരുതരമായി പരുക്കേറ്റു. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.
രണ്ടു മാസം മുന്‍പ് തള്ളയാന ചരിഞ്ഞതിനെത്തുടര്ന്നു കോട്ടൂര്‍ വനത്തില്‍ നിന്ന് ആന പരിപാലന കേന്ദ്രത്തിലെത്തിച്ച ആരണ്യ എന്ന കുട്ടിയാനയ്ക്ക് മരുന്ന് കൊടുക്കുന്നതിനിടെയാണ് പാപ്പാനു കടിയേറ്റത്. കൂടിനു സമീപത്തെ മണ്ണുമാന്തി യന്ത്രം സ്റ്റാര്‍ട്ട് ചെയ്തതോടെ കുട്ടിയാന കയ്യില്‍ കടിക്കുകയായിരുന്നു എന്ന് പുഷ്കരന് പിള്ള പറഞ്ഞു. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരു വിരല്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത വിധം ചതഞ്ഞു വേര്‍പെട്ട നിലയിലായിരുന്നു.
മരുന്ന് നല്‍കാനും മറ്റുമായി പരിപാലന കേന്ദ്രത്തില്‍ ഡോക്ടര്‍ക്ക് പുറമേ 2 അസിസ്റ്റന്റുമാരുണ്ട്. എന്നാല്‍, ഇവരൊക്കെ പാപ്പാന്മാരെ മരുന്ന് ഏല്പിച്ച് കയ്യൊഴിയുകയാണ് പതിവ്. പരുക്കേറ്റ കുട്ടിയാനയ്ക്ക് യഥാസമയം ചികിത്സ നല്‍കാത്തതും മരുന്ന് വാങ്ങുന്നതില്‍ ലക്ഷങ്ങളുടെ ക്രമക്കേട് കണ്ടെത്തിയതും വിവാദമായിരുന്നു.