IndiaNEWS

സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെ മാവോയിസ്റ്റ് ആക്രമണം; മലയാളി ജവാന് വീരമൃത്യു

പാലക്കാട്: ഛത്തീസ്ഗഡില്‍ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ മലയാളി ജവാന് വീരമൃത്യു. പാലക്കാട് ധോണി സ്വദേശി മുഹമ്മദ് ഹക്കീം (35) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം വൈകിട്ട് അഞ്ചിന് സുക്മ ജില്ലയിലെ സേനയുടെ ക്യാമ്പിനുനേരെ മാവോയിസ്റ്റുകള്‍ വെടിവയ്ക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഹക്കീമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സ്ഥിരീകരിച്ചു. തലസ്ഥാനമായ റായ്പൂരില്‍ നിന്ന് 450 കിലോമീറ്റര്‍ അകലെയാണ് ക്യാമ്പ്. മൃതദേഹം ഇന്നലെ രാത്രി എട്ടോടെ ധോണിയിലെ വീട്ടിലെത്തിച്ചു. ഇന്നു രാവിലെ 9ന് ഉമ്മിനി ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിനു വച്ചശേഷം പോലീസിന്റെയും സൈന്യത്തിന്റെയും ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും.

Signature-ad

മുന്‍ ഹോക്കി താരമായ ഹക്കീം 2007 ലാണ് സി.ആര്‍.പി.എഫില്‍ ചേര്‍ന്നത്. സെക്കന്‍ഡ് സിഗ്‌നല്‍ ബറ്റാലിയനില്‍ റേഡിയോ ഓപ്പറേറ്ററായിരുന്നു. രണ്ടു മാസം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. ഭാര്യ: റംസീന. മകള്‍: അഫ്‌സീന ഫാത്തിമ.

 

Back to top button
error: