അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ട വേട്ടെടുപ്പ് ഇന്ന്. രാവിലെ എട്ടുമണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. 89 മണ്ഡലങ്ങളിലേക്ക് 788 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. സൗരാഷ്ട്ര കച്ച് മേഖലകളും തെക്കൻ ഗുജറാത്തും ആണ് ആദ്യഘട്ടത്തിൽ പോളിംഗ് ബൂത്തിൽ എത്തുന്നത്. സൂറത്ത് ഈസ്റ്റിലെ സ്ഥാനാർഥി നാടകീയമായി പത്രിക പിൻവലിച്ചതിനാൽ 88 മണ്ഡലങ്ങളിലേക്ക് ആം ആദ്മി പാർട്ടി സ്ഥാനാർത്ഥികളെ വിന്യസിച്ചിരിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഇസുദാൻ ഗഡ് വിയും , പാർട്ടി സംസ്ഥാന അധ്യക്ഷനും അടക്കം പ്രമുഖർ ആദ്യ ഘട്ടത്തിൽ ജനവിധി തേടുന്നുണ്ട്. ക്രിക്കറ്റ് രവീന്ദ്ര ജഡേജയുടെ ഭാര്യ റിബാബ മത്സരിക്കുന്ന ജാം നഗർ നോർത്ത്, തൂക്കുപാലം തകർന്നു ദുരന്തം ഉണ്ടായ മോർബി എന്നിങ്ങനെ ശ്രദ്ധേയമായ മത്സരം നടക്കുന്ന നിരവധി മണ്ഡലങ്ങൾ ആദ്യഘട്ടത്തിലുണ്ട്. ഡിസംബർ അഞ്ചിനാണ് രണ്ടാംഘട്ട തെരഞ്ഞെടുപ്പ്.
കോൺഗ്രസ് സംസ്ഥാനത്ത് 125 സീറ്റ് നേടുമെന്നാണ് പിസിസി പ്രസിഡന്റ് ജഗദീഷ് ഠാക്കൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞത്. പട്ടേൽ സമരകാലത്ത് കോൺഗ്രസിനെ തുണച്ച സൗരാഷ്ട്ര മേഖല ഇത്തവണ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം. ബിജെപിക്ക് കരുത്തുള്ള ദക്ഷിണ ഗുജറാത്തിൽ ആംആദ്മി പാർട്ടി ശക്തമായ മത്സരം കാഴ്ചവയ്ക്കുമെന്നാണ് വിലയിരുത്തൽ. ആംആദ്മി പാർട്ടിയുടെ സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇത്താലിയ, ആപ്പിനൊപ്പമുള്ള പട്ടേൽ സമര നേതാക്കൾ അൽപേഷ് കത്തരിയ, ധർമിക് മാൽവ്യ എന്നിവരുടെ മണ്ഡലങ്ങൾ ദക്ഷിണ ഗുജറാത്തിലാണ്. ആപ്പിന്റെ മുഖ്യമന്ത്രി സ്ഥാനാഥി ഇസുദാൻ ഗാഡ്വിയുടെ മണ്ഡലവും ആദ്യഘട്ടത്തിലാണ്.
കോൺഗ്രിനായി മുൻ പ്രതിപക്ഷ നേതാക്കളായ അർജുൻ മോദ്വാദിയ, പരേഷ് ധാനാനി എന്നിവരും ഇന്ന് ജനവിധി തേടും. തൂക്കുപാലം ദുരന്തമുണ്ടായ മോർബിയും പോളിംഗ് ബൂത്തിലെത്തും. ആഭ്യന്തര സഹമന്ത്രി ഹർഷ് സാംഗ്വി , ക്രിക്കറ്റർ രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ തുടങ്ങീ ബിജെപി സ്ഥാനാർഥികളും ആദ്യഘട്ടത്തിനായി പ്രചാരണം പൂർത്തിയാക്കി. ഏത് തെരഞ്ഞെടുപ്പ് നടന്നാലും മോദിയെക്കാട്ടി വോട്ട് ചോദിക്കുന്നതിനെ വിമർശിച്ച് മല്ലികാർജുൻ ഖാർഗെ നടത്തിയ പരാമർശം വിവാദമായിരുന്നു. മോദി 100 തലയുള്ള രാവണൻ ആണോ എന്നായിരുന്നു ഖർഗെയുടെ ചോദ്യം. ഗുജറാത്തികളെ അപമാനിക്കുകയാണ് ഖർഗെ ചെയ്തതെന്ന് ആരോപിച്ച് ബിജെപി നേതാക്കൾ കൂട്ടത്തോടെ രംഗത്തെത്തിയിരുന്നു.