ലണ്ടന്‍: ഇസ്ലാമിക് സ്റ്റേറ്റ് (ഐ.എസ്.ഐ.എസ്) തലവന്‍ അബു ഹസന് അല്‍ ഹാഷിമി അല്‍ ഖുറേഷി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഐഎസ്ഐഎസ് വക്താവ് അബു ഉമര്‍ അല്‍ മുഹജിര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ദൈവത്തിന്റെ ശത്രുക്കളുമായുള്ള പോരാട്ടത്തിലാണ് ഇറാഖ് സ്വദേശിയായ ഹാഷിമി കൊല്ലപ്പെട്ടതെന്നു പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്നു. എന്നാല്‍, എവിടെ വച്ചാണ് കൊല്ലപ്പെട്ടതെന്നോ എന്നാണ് കൊല്ലപ്പെട്ടതെന്നോ പറയുന്നില്ല.
ഭീകര സംഘടനയ്ക്ക് പുതിയ നേതാവിനെ തെരഞ്ഞെടുത്തുവെന്നും സന്ദേശത്തില്‍ പറയുന്നു. അബു അല്‍ ഹുസൈന് ഹുസൈനി അല്‍ ഖുറേഷിയാണ് പുതിയ നേതാവ്.
2014 ലാണ് ഇറാഖിലും സിറിയയിലും ഐ.എസ് ശക്തിപ്രാപിച്ചത്. ഇരു രാജ്യങ്ങളിലെയും വലിയ ഭൂപ്രദേശങ്ങള്‍ കൈയടിക്കിയ സംഘടന എണ്ണ വില്‍പ്പനയിലൂടെ വന്‍തോതില്‍ ഫണ്ടും സ്വരൂപിച്ചിരുന്നു. 2017 ല്‍ ഇറാഖിലും തുടര്‍ന്ന് സിറിയയിലും ഐ.എസിനെതിരേ പാശ്ചാത്യ രാജ്യങ്ങള്‍ ശക്തമായ ആക്രമണം അഴിച്ചുവിട്ടു. വലിയ രീതിയില്‍ ശക്തി ക്ഷയിച്ചെങ്കിലും ഐ.എസ് ഭീകരാക്രമണങ്ങളുമായി സജീവമാണ്.
ഈ വര്‍ഷം ആദ്യം യു.എസ് വടക്കന്‍ സിറിയയിലെ ഇബ്ലിദ് പ്രദേശത്ത് നടത്തിയ ആക്രമണത്തില്‍ മുന്‍ നേതാവ് അബു ഇബ്രാഹിം അല്‍ ഖുറേഷി കൊല്ലപ്പെട്ടിരുന്നു. ഐ.എസിന്റെ ആദ്യ തലവനായിരുന്ന അബൂബക്കര്‍ അല്‍ ബാഗ്ദാദിയും 2019 ല്ഇബ്ലിദ് പ്രദേശത്താണ് കൊല്ലപ്പെട്ടത്.