KeralaNEWS

കോഴിക്കോട് മെഡിക്കൽ കോളജിൽ മൈക്കിന് പകരം പാമ്പിനെ ഉപയോഗിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു

കോഴിക്കോട് മെഡിക്കൽ കോളജിൽ വിഷ പാമ്പുകളെ പ്രദർശിപ്പിച്ചതിന് വാവ സുരേഷിനെതിരെ വനം വകുപ്പ് കേസെടുത്തു. ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം താമരശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പാമ്പിനെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവയ്ക്കാണ് കേസ്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പരിപാടിയിൽ മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ച് വാവ സുരേഷ് സംസാരിച്ചിരുന്നു. മെഡിക്കൽ കോളജിലെ ക്ലിനിക്കൽ നഴ്സിങ് എജുക്കേഷനും നഴ്സിങ് സർവീസ് ഡിപ്പാർട്ട്മെൻ്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടി‌യിലാണ് വാവ സുരേഷ് ക്ലാസെടുത്തത്. പരിപാടിക്കിടെ മൈക്ക് തകരാറിലായി. മൈക്കിന് പകരം പാമ്പിനെ ഉപയോ​ഗിച്ചാണ് വാവ സുരേഷ് പിന്നീട് ക്ലാസെടുത്തതെന്ന് പരിപാടിയിൽ പങ്കെടുത്തവർ ഫേസ്ബുക്കിൽ കുറിച്ചു.

Signature-ad

ക്ലാസെടുക്കാനായി ജീവനുള്ള പാമ്പുകളെയും വാവ സുരേഷ് കൊണ്ടുവന്നിരുന്നു. പരിപാടിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായത്. മെഡിക്കല്‍ കോളജ് പോലുള്ള സ്ഥാപനത്തില്‍ പാമ്പുപിടുത്തത്തില്‍ ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കാത്ത സുരേഷിനെ കൊണ്ടുവന്ന് ക്ലാസെടുപ്പിച്ചത് ശരിയായ പ്രവണതയല്ലെന്ന് വിദഗ്ധരായ പലരും വ്യക്തമാക്കി.

വാവ സുരേഷ് ചെയ്യുന്നത് നിയമവിരുദ്ധമായ കാര്യമാണെന്നും അശാസ്ത്രീയമായ രീതിയില്‍ പാമ്പുകളെ കൈകാര്യം ചെയ്യുന്നതിലൂടെ കുപ്രസിദ്ധ നേടിയ ആളാണ് ഇദ്ദേഹമെന്നും വിമര്‍ശനമുയര്‍ന്നു. മന്ത്രിമാര്‍ ഉള്‍പ്പെടെ വാവ സുരേഷിന്റെ രീതിയെ വിമര്‍ശിച്ചിരുന്നു. നിരവധി തവണ ഇയാള്‍ക്ക് കടിയേറ്റിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരിയില്‍ കോട്ടയത്ത് വെച്ചായിരുന്നു വാവ സുരേഷിന് അവസാനമായി മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയം മെഡിക്കല്‍ കോളജിലെ ഏറെ ദിവസത്തെ വിദഗ്ധ ചികിത്സക്ക് ശേഷമാണ് ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

Back to top button
error: