IndiaNEWS

സ്വയംചികിത്സ എന്ന രീതിയിൽ ചെറിയ പനിക്കുപോലും ആന്റിബയോട്ടിക് ഉപയോ​ഗം ഗുരുതര പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പഠനം, സൂക്ഷിച്ചില്ലെങ്കിൽ വലിയവില കൊടുക്കേണ്ടിവരും

യുക്തിപൂർവമല്ലാത്ത മരുന്നുപയോഗത്തിന് നമ്മുടെ രാജ്യം വലിയവില കൊടുക്കേണ്ടി വരുമെന്ന് ഐ.സി.എം.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ച്) കർശന മുന്നറിയിപ്പ് നൽകുന്നു. അനിയന്ത്രിതമായ ആന്റിബയോട്ടിക് ഉപയോ​ഗത്തിന് കടിഞ്ഞാൺ ഇടണമെന്ന് സാരം.

പനി, ജലദോഷം തുടങ്ങിയ ചെറുരോഗലക്ഷണങ്ങൾ വന്നാൽപ്പോലും ഡോക്ടറെ കാണാതെ ആന്റിബയോട്ടിക്കുകൾ വാങ്ങി കഴിക്കുന്നവർ ഏറെയാണ്. ഇത്തരത്തിലുള്ള അനിയന്ത്രിതമായ ആന്റിബയോട്ടിക്കുകളുടെ ഉപയോ​ഗം ​രോ​ഗിക്ക് ​ഗുണം ചെയ്യില്ലെന്നും മറിച്ച് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമെന്നുമാണ് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്.

ബാക്ടീരിയകളെ നശിപ്പിക്കാന്‍ ഉപയോഗിക്കുന്ന ആന്റിബയോട്ടിക് മരുന്നുകളുടെ പ്രവര്‍ത്തനത്തില്‍ മാറ്റം വരുത്തുകയും അവയെ ഫലശൂന്യമാക്കുന്ന, ബാക്ടീരിയയുടെ ആര്‍ജ്ജിത പ്രതിരോധശേഷിയെയാണ് ആന്റിബയോട്ടിക് റെസിസ്റ്റന്‍സ് എന്നു വിളിക്കുന്നത്.

2021 ജനുവരി ഒന്നുമുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ നടത്തിയ സർവേ ആധാരമാക്കിയാണ് ആന്റിബയോട്ടിക് ഉപയോ​ഗം വിവേകപൂർണമാകണം എന്ന് ഐ.സി.എം.ആർ വ്യക്തമാക്കുന്നത്. അലക്ഷ്യമായ ഉപയോ​ഗം മൂലം രോഗികളിൽ ഭൂരിഭാ​ഗത്തിനും മരുന്നിന്റെ ഫലം ലഭിക്കുന്നില്ലെന്നും ആന്റിബയോട്ടിക് റെസിസ്റ്റൻസ് ആണ് വികസിക്കുന്നതെന്നും പഠനത്തിൽ വ്യക്തമാക്കുന്നു.

ആന്റിബയോട്ടിക് ഉപയോ​ഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ച മാർ​ഗനിർദേശങ്ങളും ഐ.സി.എം.ആർ നൽകുന്നുണ്ട്. ചെറിയ പനി, വൈറൽ ബ്രോങ്കൈറ്റിസ് തുടങ്ങിയ രോ​ഗങ്ങൾക്ക് ആന്റിബയോട്ടിക് ഉപയോ​ഗിക്കരത് എന്നതാണ് പ്രധാനം. അനുയോജ്യമായ സാഹചര്യങ്ങളിൽ മാത്രമേ രോ​ഗികൾക്ക് ഡോക്ടർമാർ ആന്റിബയോട്ടിക് നിർദ്ദേശിക്കാവൂ എന്നും പറയുന്നു.

കോവിഡ് കാലത്തും ശേഷവും ഈ സ്ഥിതി ​ഗുരുതരമായെന്നു പഠനം വ്യക്തമാക്കുന്നു. നിരവധിപേർ ഈ കാലത്ത് രോഗലക്ഷണങ്ങൾക്ക് ആന്റിബയോട്ടിക്കുകൾ സ്വയം ഉപയോ​ഗിച്ചതാണ് കാരണം. ഈ സാഹചര്യം നിരവധി ആന്റിബയോട്ടിക്കുകൾക്കും ആന്റിഫം​ഗലുകൾക്കും എതിരായ റെസിസ്റ്റൻസ് നില വർധിപ്പിക്കുകയാണ് ഉണ്ടായത്.

മൂത്രനാളിയെയും ശ്വാസകോശത്തെയും ശരീരത്തിലെ മറ്റുപലഭാ​ഗങ്ങളെയും ബാധിക്കുന്ന ബാക്റ്റീരിയയായ Acinetobacter baumannii മിക്ക ആന്റിബയോട്ടിക്കുകളെയും പ്രതിരോധിക്കാനുള്ള ആർജിതപ്രതിരോധശേഷി കൈവരിച്ചതാണെന്ന് പഠനത്തിൽ കണ്ടെത്തി. സർവേ പ്രകാരം പ്രസ്തുത ബാക്റ്റീരിയയുടെ 87.5 ശതമാനം സാംപിളുകളും കടുത്ത ബാക്ടീരിയബാധയ്ക്കെതിരേ ഫലപ്രദമായി ഉപയോഗിക്കുന്ന കാർബാപെനെം എന്ന ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്നു എന്ന് കണ്ടെത്തി. ന്യൂമോണിയ, സെപ്റ്റിസീമിയ എന്നിവയുടെ ചികിത്സയിൽ മികച്ചനിലയിൽ ഉപയോഗിക്കുന്ന ഈ മരുന്നിന്റെ ഫലപ്രാപ്തി മുൻകാലത്തെ അപേക്ഷിച്ച് കുറയുന്നതായി നേരത്തേ ഐ.സി.എം.ആർ കണ്ടെത്തിയിരുന്നു.

ആന്റിബയോട്ടിക് റെസിസ്റ്റൻസ് നിരക്ക് ഏറ്റവുമധികമുള്ള രാജ്യങ്ങളിൽ ഏറ്റവും ഉയർന്ന നിരക്ക് ഇന്ത്യയിലാണ്. 2019ൽ മാത്രം 1.3 മില്യൺ പേരാണ് ആന്റിബയോട്ടിക് റെസിസ്റ്റൻസ് മൂലം മരണപ്പെട്ടതെന്ന് പഠനം വ്യക്തമാക്കുന്നു. ആന്റിബയോട്ടിക്കുകൾ നിർദേശിക്കുന്ന കാലയളവ് സംബന്ധിച്ചും മാർഗനിർദേശമുണ്ട്. സ്കിൻ, സോഫ്റ്റ് ടിഷ്യൂ എന്നിവയിലെ ഇൻഫെക്ഷനുകൾക്ക് അഞ്ചുദിവസത്തെ ആന്റിബയോട്ടിക് ആണ് നൽകേണ്ടത്.

അണുബാധ ഏതെന്ന് നിർണയിക്കും മുമ്പ് അനുമാനത്തിന്റെ അടിസ്ഥാനത്തിൽ ആന്റിബയോട്ടിക് നിർദേശിക്കുന്ന എംപിരിക് തെറാപ്പി ​ഗുരുതര രോഗമുള്ളവരിൽ മാത്രമാക്കി പരിമിതപ്പെടുത്തണമെന്നും ഐ.സി.എം.ആർ പറയുന്നു.

ആന്റിബയോട്ടിക്കിനെതിരെ ആർജിതപ്രതിരോധശേഷി കൈവരിക്കുന്ന സ്ഥിതിവിശേഷം രോ​ഗവ്യാപനം വർധിപ്പിക്കാൻ ഇടയാക്കുമെന്നതാണ് ആശങ്കപ്പെടുത്തുന്ന ഘടകം. ബാക്റ്റീരിയ, ഫം​ഗി, വൈറസുകൾ തുടങ്ങിയ മരുന്നുകളോട് പ്രതിരോധിക്കുന്ന സാഹചര്യം നാൾക്കുനാൾ വർധിക്കുകയുമാണ്. അനുയോജ്യമായ ടെസ്റ്റുകൾക്ക് ശേഷം ബാക്റ്റീരിയൽ ഇൻഫെക്ഷന്റെ സാന്നിധ്യം കണ്ടെത്തിയാൽ രോ​ഗികൾക്ക് നൽകേണ്ട ആന്റിബയോട്ടിക്കുകൾ ഏതാണെന്ന് തീരുമാനിക്കുന്നതാണ് പരിഹാരമെന്ന് വിദ​ഗ്ധർ കരുതുന്നത്. നിർദേശിച്ച കാലയളവിനപ്പുറം സ്വയംചികിത്സ എന്ന രീതിയിൽ ആന്റിബയോട്ടിക്കുകൾ തുടരുന്ന സാഹചര്യങ്ങളും ഒഴിവാക്കണമെന്നും ഇവർ നിർദ്ദേശിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: