NEWS

ഇനി സാമ്പത്തിക ഇടപാടും; ‘വാട്‌സാപ്പ് പേ’ വരുന്നു

രാജ്യത്തെ ഏറ്റവും പ്രിയപ്പെട്ട മെസേജിങ് ആപ്പായ വാട്സാപ്പിലൂടെ പണമടയ്ക്കാനും സംവിധാനം ഒരുങ്ങുന്നു. എപ്പോഴും വ്യത്യസ്തമായ മാറ്റങ്ങള്‍ കൊണ്ടുവരുന്ന വാട്ട്‌സാപ്പില്‍ ഇപ്പോഴിതാ സാമ്പത്തിക ഇടപാടും നടത്താന്‍ വാട്‌സാപ്പ് പേ വരുന്നു. ഇതിനായി നാഷണല്‍ പെയ്‌മെന്റ്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ അനുമതിയും ലഭിച്ചുകഴിഞ്ഞു.

യൂണിഫൈഡ് പെയ്മെന്റ്സ് ഇന്റര്‍ഫെയ്സ് അഥവാ യുപിഐയിലൂടെയാണ് വാട്സാപ് പേ പ്രവര്‍ത്തിക്കുക. തുടക്കത്തില്‍ ഏകദേശം 2 കോടി ആള്‍ക്കാര്‍ക്കായിരിക്കും വാട്സാപ് പേ ഉപയോഗിക്കാന്‍ അനുമതി ലഭിക്കുക. ഘട്ടംഘട്ടമായി ഫീച്ചര്‍ തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കാനാണ് കമ്പനിക്കു നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, ആമസോണ്‍ പേ തുടങ്ങിയവയ്ക്കൊപ്പമായിരിക്കും ഇനി വാട്സാപ് പേയുടെ സ്ഥാനം. രാജ്യത്തെ പണമിടപാടുകളില്‍ 30 ശതമാനം വരെ നടത്താനാണ് യുപിഐ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകള്‍ക്കു നല്‍കിയിരിക്കുന്ന അനുമതി. എന്നാല്‍, അന്തിമാനുമതി നല്‍കേണ്ടത് ആര്‍ബിഐ ആണ്. ഇതു താമസിയാതെ ലഭിച്ചേക്കുമെന്നു തന്നെയാണ് കരുതുന്നത്.

Signature-ad

2018 ഫെബ്രുവരിയില്‍ തുടങ്ങിയ വാട്സാപ്പിന്റെ പെയ്മെന്റ് സിസ്റ്റത്തെ പൈലറ്റ് ഘട്ടം എന്നാണ് വിളിച്ചിരുന്നത്. 10 ലക്ഷം ഉപയോക്താക്കള്‍ക്ക് രണ്ടു വര്‍ഷത്തേക്ക് സേവനം നല്‍കാനായിരുന്നു അനുമതി. എന്നാല്‍, അവര്‍ ഇന്ത്യന്‍ ഉപയോക്താക്കളുടെ ഡേറ്റാ സൂക്ഷിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഉത്കണ്ഠയുണ്ടായിരുന്നു. ആര്‍ബിഐ ഈ വര്‍ഷം ജൂണില്‍ വാട്സാപ് പേ നിലവില്‍ വരുന്നതിന് എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു.

അതേസമയം, ഈ ആപ് ഉപയോഗിച്ച് ജിയോയും , വാട്‌സാപ്പിന്റെ ഉടമയായ ഫോയ്‌സ്ബുക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുളള സാധ്യതയും ഏറെയാണ്.

Back to top button
error: