NEWSSocial Media

തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെ ‘പാഠം പഠിപ്പിച്ച്’ വിദ്യാര്‍ഥി

ബംഗളൂരു: ക്ലാസ് മുറിയില്‍ തീവ്രവാദിയെന്നു വിളിച്ച അധ്യാപകനെ മര്യാദ പഠിപ്പിച്ച് വിദ്യാര്‍ഥി. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അധ്യാപകനാണ് വിദ്യാര്‍ഥിയെ ക്ലാസിനിടെ തീവ്രവാദി എന്നു വിളിച്ചത്. ഉടന്‍ തന്നെ വിദ്യാര്‍ഥി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. വീഡിയോ മറ്റൊരു വിദ്യാര്‍ഥി ഫോണില്‍ പകര്‍ത്തി. സമൂഹമാധ്യമങ്ങളില്‍ ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയിലായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്നു പ്രഫസര്‍ ചോദിച്ചു. പേരു കേട്ടപ്പോള്‍ ”ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകന്‍ ചോദിച്ചതാണു വിവാദമായത്. തുടര്‍ന്നു മതത്തിന്റെ പേരില്‍ തന്നെ തീവ്രവാദിയായി മുദ്രകുത്തിയ അധ്യാപകനെതിരേ വിദ്യാര്‍ഥി ശബ്ദമുയര്‍ത്തുന്ന വിഡിയോയാണു വ്യാപകമായി പ്രചരിച്ചത്.

Signature-ad

”26/11 ഒരു തമാശയല്ല. ഈ രാജ്യത്തെ ഒരു മുസ്ലിം ആയതിനാല്‍ ഇതൊക്കെ ദിവസവും അഭിമുഖീകരിക്കേണ്ടി വരുന്നതും അത്ര തമാശയല്ല. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയില്‍. അത് അത്രയ്ക്ക് രസകരമല്ല സര്‍” എന്നാണ് വിദ്യാര്‍ഥി മറുപടി നല്‍കുന്നത്.

വിദ്യാര്‍ഥി പ്രതികരിക്കാന്‍ തുടങ്ങിയതോടെ കാര്യങ്ങളുടെ സ്ഥിതി വഷളാകുമെന്നു മനസിലാക്കിയ അധ്യാപകന്‍ നിങ്ങള്‍ എന്റെ മകനെപ്പോലെയാണെന്നു പറഞ്ഞു ശാന്തമാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മകന്റെ മുഖത്തു നോക്കി നിങ്ങള്‍ ഭീകരവാദിയെന്നു വിളിക്കുമോ എന്നായിരുന്നു വിദ്യാര്‍ഥിയുടെ ചോദ്യം. വിദ്യാര്‍ഥിയോട് അധ്യാപകന്‍ മാപ്പു ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

അങ്ങനെ സംസാരിക്കാന്‍ നിങ്ങള്‍ എങ്ങനെ ധൈര്യപ്പെടുന്നുവെന്നും വിദ്യാര്‍ഥി ചോദിക്കുന്നുണ്ട്. ഇത്രയധികം ആളുകളുടെ മുന്നില്‍വച്ച് നിങ്ങള്‍ക്ക് എങ്ങനെ എന്നെ അങ്ങനെ വിളിക്കാന്‍ തോന്നി? നിങ്ങള്‍ വിദ്യാര്‍ഥികളെ പഠിപ്പിക്കുന്ന അധ്യാപകനാണ്. നിങ്ങളുടെ ക്ഷമാപണം നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നോ എങ്ങനെ ഇവിടെ നിങ്ങളെ തന്നെ ചിത്രീകരിക്കുന്നുവെന്നോ ഉള്ളതില്‍ ഒരു മാറ്റവും വരുത്തില്ലെന്നും വിദ്യാര്‍ഥി പറയുന്നുണ്ട്. മറ്റു വിദ്യാര്‍ഥികളെല്ലാം ഇതു മിണ്ടാതെ കേട്ടുകൊണ്ടിരിക്കുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ വൈറലായതിനു പിന്നാലെ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തതായും അന്വേഷണത്തിന് ഉത്തരവിട്ടതായും സ്ഥാപനം അറിയിച്ചു. വിദ്യാര്‍ഥിക്ക് കൗണ്‍സിലിങ് നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

 

Back to top button
error: