കുട്ടികളുടെ സുരക്ഷ സംബന്ധിച്ച് മാതാപിതാക്കളും മുതിര്‍ന്നവരും ഒരുപോലെ ശ്രദ്ധേിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ടൊരു വിഷയത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഇന്ന് തെലങ്കാനയില്‍ നിന്ന് പുറത്തുവന്നിരിക്കുന്നൊരു വാര്‍ത്ത. ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ട് വയസുകാരൻ മരിച്ചു എന്നതാണ് ഖേദകരമായ വാര്‍ത്ത. വളരെ ചെറുപ്രായത്തിലുള്ള കുട്ടികളിലാണ് സാധാരണഗതിയില്‍ ഇത്തരത്തിലുള്ള അപകടങ്ങള്‍ കൂടുതലായി സംഭവിക്കാറ്. മുതിര്‍ന്നവര്‍ക്ക് ഉണ്ടാകുന്നില്ല എന്നല്ല, മറിച്ച് മുതിര്‍ന്നവരില്‍ ഈ രീതിയിലുള്ള കേസുകള്‍ കുറവ് തന്നെയാണ് വരാറ്.
തെലങ്കാനയില്‍ വാറങ്കല്‍ സ്വദേശിയായ കങ്കൻ സിംഗിന്‍റെ മകൻ സന്ദീപ് സിംഗ് ആണ് ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്. രാജസ്ഥാൻ സ്വദേശിയായ കങ്കൻ സിംഗ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് വാറങ്കലിലെത്തിയതാണ്. ഇവിടെ ടൗണില്‍ ഒരു ഇലക്ട്രിക്കല്‍ ഷോപ്പ് നടത്തുകയാണിദ്ദേഹം. ഭാര്യക്കും നാല് മക്കള്‍ക്കുമൊപ്പം ഇവിടെ താമസിച്ചുവരികയായിരുന്നു.
അടുത്തിടെ കങ്കൻ സിംഗ് ഓസ്ട്രേലിയയിലേക്ക് ഒരു യാത്ര പോയിരുന്നു. ഇവിടെ നിന്ന് മടങ്ങിയപ്പോള്‍ മക്കള്‍ക്കായി കൊണ്ടുവന്നതാണ് ചോക്ലേറ്റ്. ഇത് ക്ലാസില്‍ കൊണ്ടുപോയി മറ്റുള്ളവര്‍ക്കൊപ്പം കഴിക്കുകയായിരുന്നു സന്ദീപ്. ഇതിനിടെയാണ് സന്ദീപിന്‍റെ തൊണ്ടയില്‍ ചോക്ലേറ്റ് കുടുങ്ങിയത്. ഉടനെ തന്നെ കുട്ടി ശ്വാസം കിട്ടാതെ കുഴഞ്ഞുവീഴുകയായിരുന്നു. വിദ്യാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അധ്യാപകരെത്തുകയും അപ്പോള്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും ചെയ്തുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏറെ ദുഖകരമായൊരു വാര്‍ത്ത തന്നെയാണിത്. എന്നാല്‍ ആദ്യമേ സൂചിപ്പിച്ചത് പോലെ ചില കാര്യങ്ങള്‍ ഈ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ നമുക്ക് മനസിലാക്കാവുന്നതാണ്.
കുട്ടികളുടെ കാര്യത്തില്‍ ചെയ്യാവുന്നത്…
ഇത്തരം അപകടം ആര്‍ക്കും സംഭവിക്കാം. എന്നാല്‍ അശ്രദ്ധ വലിയ രീതിയില്‍ ഇങ്ങനെയുള്ള അപകടങ്ങളിലേക്ക് നയിക്കാം. അത് മുതിര്‍ന്നവരിലായാലും കുട്ടികളിലായാലും. കുട്ടികളെ ഇക്കാര്യം എപ്പോഴും പറഞ്ഞ് ബോധ്യപ്പെടുത്തി, അവരെ ഭക്ഷണം കഴിക്കുമ്പോള്‍ പാലിക്കേണ്ട മിതത്വം- ശ്രദ്ധ എന്നിവയെല്ലാം മനസിലാക്കിച്ചുകൊടുക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്തമാണ്.
ശ്രദ്ധിക്കേണ്ടവര്‍…
ചിലര്‍ക്ക് ഭക്ഷണം വിഴുങ്ങുന്നതിന് ബുദ്ധിമുട്ടുണ്ടാകാം. ‘ഡിസ്ഫാഗിയ’ എന്നാണീ അവസ്ഥയെ മെഡിക്കലി വിളിക്കുന്നത്. പല ആരോഗ്യപരമായ ബുദ്ധിമുട്ടുകളും ഇതുള്ളവരില്‍ കാണാം. ഇക്കൂട്ടത്തിലൊരു റിസ്ക് ആണ് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങുകയെന്നത്. അതിനാല്‍ ഇതെക്കുറിച്ച് കൂടുതലായി അറിഞ്ഞുവയ്ക്കുക.
എപ്പോഴാണിത് ഗുരുതരമാണെന്ന് മനസിലാക്കേണ്ടത്?
ഇനി ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയാല്‍ ഉടനടി ആശുപത്രിയിലേക്ക് എത്തിക്കേണ്ടത് എപ്പോഴെന്ന് കൂടി അറിയാം. തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയ ശേഷം ശ്വസിക്കാനോ, സംസാരിക്കാനോ, ചുമയ്ക്കാനോ പോലും കഴിയാത്ത അവസ്ഥയാണെങ്കില്‍ അത് ഏറെ ഗുരുതരമാണെന്ന് മനസിലാക്കണം. ഒരു നിമിഷം പോലും പാഴാക്കാതെ ആംബുലൻസിന് വിളിച്ചുപറയുകയാണ് ആദ്യം ചെയ്യേണ്ടത്. അല്ലെങ്കില്‍ ഏറ്റവും അടുത്ത് പ്രാഥമിക ശുശ്രൂഷ കിട്ടുന്ന ക്ലിനിക്കുകളോ ആശുപത്രികളോ ഉണ്ടെങ്കില്‍ അങ്ങോട്ട് എത്രയും വേഗം തിരിക്കുക.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയ ആള്‍ ചുമയ്ക്കാൻ ശ്രമിച്ചേക്കാം. എന്നാലിത് സൈലന്‍റായി പോകാം, ശ്വാസം കിട്ടാതെ ദീര്‍ഘമായി വലിക്കും, തൊണ്ടയില്‍ എന്തോ മുറുകെ പിടിച്ചിരിക്കുന്നതായ അനുഭവം തോന്നുന്നതിനാല്‍ അത് മറ്റുള്ളവരോട് പറയാൻ ശ്രമിക്കും. അവസാനമായി ചര്‍മ്മം നീല നിറത്തിലേക്ക് മാറുകയും ചെയ്യാം. ഇതെല്ലാം എമര്‍ജൻസി അവസ്ഥയാണെന്ന് മനസിലാക്കുന്നതിനുള്ള സൂചനകളാണ്.
ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയതായി തോന്നിയാല്‍ വെള്ളം കുടിക്കാൻ ശ്രമിക്കാം. എന്നുവച്ചാല്‍ വെള്ളം കുടിക്കാൻ സാധിക്കുന്നുവെങ്കില്‍ പേടിക്കാനില്ല. എന്നാല്‍ ഒന്നിനും കഴിയാത്ത സാഹചര്യമായി തോന്നിയാല്‍ നേരത്തെ സൂചിപ്പിച്ചത് പോലെ ഒരു നിമിഷം പാഴാക്കാതെ വൈദ്യസഹായം തേടുക.