Movie

‘അനന്തഭദ്ര’ത്തിന് ശേഷം മാനസാന്തരപ്പെട്ട് മനോജ് കെ ജയൻ,’16 വർഷമായി മദ്യപാനമില്ല: ബിയർ, വൈൻ, കള്ള്, പുകവലി ഒന്നുമില്ല’

വ്യത്യസ്തമായ അഭിനയപ്രതിഭ കൊണ്ട് മലയാള സിനിമയിൽ സ്വന്തമായൊരു ഇരിപ്പിടം നേടിയ നടനാണ് മനോജ് കെ.ജയൻ. മലയാളത്തിലെ നാഴികക്കല്ലുകളായ സർഗം, പഴശ്ശിരാജ, പെരുന്തച്ഛൻ തുടങ്ങിയ മികച്ച സിനിമകളിലെ കഥാപാത്രങ്ങൾക്കായി പകർന്നാടിയ മനോജ്, കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്കായി എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകാറുള്ള ചുരുക്കം ചില നടന്‍മാരില്‍ ഒരാള്‍ കൂടിയാണ്.

മനോജ് കെ ജയൻ എന്ന നടനെയെടുത്താൽ ഇന്നത്തെക്കാലത്ത് പ്രേക്ഷകർ ഏറ്റവും കൂടുതൽ ഓർത്തിരിക്കുന്ന കഥാപാത്രം അനന്തഭദ്രത്തിലെ ദിഗംബരൻ ആയിരിക്കും. അന്നുവരെ കണ്ടിട്ടില്ലാത്ത വേഷപ്പകർച്ചയിലാണ് നടൻ ആ സിനിമയിൽ എത്തിയത്. അതുകൊണ്ട് തന്നെ ഇന്നും ആ സിനിമയെ കുറിച്ച് സംസാരിക്കുമ്പോൾ നൂറ് നാവാണ് മനോജ് കെ ജയന്. ഒരു ടെലിവിഷൻ ചാനലിൽ അതിഥി ആയി എത്തിയപ്പോൾ മനോജ് കെ ജയൻ സിനിമയുടെ ഓർമ്മകൾ പങ്കുവച്ചിരുന്നു.

ആ സിനിമയ്ക്ക് ശേഷം താൻ പുകവലിയും മദ്യപാനവും ഉപേക്ഷിച്ചതിനെ കുറിച്ചും നടൻ സംസാരിച്ചിരുന്നു. മനോജ് കെ ജയന്റെ ആ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇന്നും ശ്രദ്ധനേടുന്നത്.

‘സത്യം പറഞ്ഞാൽ ഞാൻ പുറത്ത് കാണിച്ചിട്ടില്ലെങ്കിലും ഒരുപാട് പേടിച്ച് ചെയ്ത സിനിമയാണ് അനന്തഭദ്രം. ഓരോ ഷോട്ട് കഴിയുമ്പോഴും സന്തോഷ് ശിവൻ വിശ്രമിച്ചോളൂ, ലൈറ്റപ്പ് ചെയ്യട്ടെയെന്ന് പറയും. അതുകേട്ട് കസേരയിലേക്ക് ഇരിക്കാൻ പോകുമ്പോഴേക്കും ഷോട്ട് റെഡിയായി എന്നും പറഞ്ഞ് അദ്ദേഹം വിളിക്കും. അത്രത്തോളം സ്പീഡാണ് അദ്ദേഹത്തിന്’

‘നല്ല കഴിവുള്ള മനുഷ്യമാണ്. ഒന്ന് ഇരിക്കാൻ പോലും സമ്മതിക്കാതെയാണ് സന്തോഷേട്ടൻ ആ സിനിമ എടുത്തത്. അസാധ്യ കലാകാരനാണ്. ഞാൻ വളരെ സീരിയസായ കഥാപാത്രമാണ് ചെയ്തിരുന്നത്. എങ്കിലും ചെറിയ ഇടവേള കിട്ടിയാൽ ഞാൻ തമാശ പറയാനും റിലാക്‌സ് ചെയ്യാനും പോകും. അതേസമയം മറ്റുള്ള നടന്മാരാണെങ്കിൽ ക്യാരക്ടർ വിടാതെ പുസ്തകങ്ങളൊക്കെ വായിച്ച് സീരിയസായി എവിടെയെങ്കിലും മാറിയിരിക്കും. നേരത്തെയൊക്കെ ഞാൻ മദ്യപിക്കാറുണ്ടായിരുന്നു. ഒരു സ്മോൾ അടിച്ച് പിരിഞ്ഞ അവസാനത്തെ സിനിമകളാണ് അനന്തഭദ്രവും രാജമാണിക്യവും, ഒന്ന് രണ്ട് പെഗൊക്കെ കഴിക്കുമായിരുന്നു. കേരളത്തിലെ ഒരു ബാറിലും പോയിട്ടില്ല. എന്റെതായ സ്ഥലത്ത് ഇരുന്നിട്ടുള്ള പരിപാടി ആയിരുന്നു. ഞാൻ മാത്രം. മോളൊക്കെ വളർന്ന് വന്നപ്പോഴേക്കും അതങ്ങ് നിർത്തി. മോൾ ഒന്നിലോ രണ്ടിലോ ഒക്കെ ആയപ്പോഴാണ്. 16 വർഷമായി മദ്യപാനമില്ല ബിയർ, വൈൻ, കള്ള്, പുകവലി ഒന്നും ഇല്ല”

Back to top button
error: