ബിഹാറിലെ പറ്റ്‌നക്കടുത്തുള്ള യാർപൂർ രജപുത്താനയിI പ്രവർത്തിക്കുന്ന മൊബൈൽ ടവർ കുറച്ചുനാളായി പ്രവർത്തിക്കുന്നില്ല. പരാതികൾ വന്നപ്പോൾ മൊബൈൽ കമ്പനി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അവിടെ ചെന്നതും അവർ ഞെട്ടി! തങ്ങളുടെ മൊബൈൽ ടവർ കാണാേനയില്ല! സ്ഥലമുടമയോട് അന്വേഷിച്ചപ്പോൾ അറിഞ്ഞത് ഞെട്ടിക്കുന്ന കഥയാണ്. രണ്ട് ആഴ്ച മുമ്പ് മുമ്പ് മൊബൈൽ ടവർ ഉദ്യോഗസ്ഥർ എന്ന് സ്വയം പരിചയപ്പെടുത്തി രണ്ടു മൂന്ന് പേർ സ്ഥലത്തെത്തി. അവർ സ്ഥലമുടമയെ കണ്ട് ഒരു പ്രധാനപ്പെട്ട കാര്യം അറിയിച്ചു. മൊബൈൽ ടവറിന്റെ കരാർ തങ്ങൾ അവസാനിപ്പിക്കുകയാണ്. അടുത്ത ദിവസം തന്നെ തങ്ങളുടെ ജീവനക്കാർ വന്ന് ടവർ അഴിച്ചു കൊണ്ടുപോവും.
അതേ പോലെ നടന്നു. പത്തിരുപത്തഞ്ച് പേർ അടുത്ത ദിവസം തന്നെ സ്ഥലത്തെത്തി. അവരുടെ കൈയിൽ ആവശ്യത്തിനുള്ള ഉപകരണങ്ങൾ ഉണ്ടായിരുന്നു. അവർ മൊബൈൽ ടവർ ഓരോ ഭാഗങ്ങളായി രണ്ടു ദിവസംകൊണ്ട് അഴിച്ചു മാറ്റി. അതിനുശേഷം, ആ സാധനങ്ങളെല്ലാം ഒരു ട്രക്കിൽ കയറ്റി കൊണ്ടുപോയി. കമ്പനി ഉദ്യോഗസ്ഥർ ആണെന്നു കരുതിയതിനാൽ താൻ ഇക്കാര്യം മറ്റാരോടും പറഞ്ഞില്ല എന്നും സ്ഥലമുടമ പറഞ്ഞു. അതോടെ മൊബൈൽ കമ്പനിക്കാർ ആകെ അന്തംവിട്ടു. 16 വർഷം മുമ്പ് സ്ഥാപിച്ചതാണ് ഈ മൊബൈൽ ടവർ. സ്ഥലമുടമയ്ക്ക് ഇതിനായുള്ള വാടക എല്ലാ മാസവും നൽകിവരുന്നുണ്ട്. 19 ലക്ഷം രൂപ വിലയുള്ള ടവർ തങ്ങൾ അറിയാതെയാണ്, മറ്റാരോ വന്ന് അടിച്ചുമാറ്റിയതെന്ന് കമ്പനി ഉദ്യോഗസ്ഥർ അറിയിച്ചു.
മൊബൈൽ കമ്പനി ഉടമകൾ ഉടൻ തന്നെ പൊലീസിൽ പരാതി നൽകി. 25 പേരടങ്ങുന്ന കവർച്ചാ സംഘം തങ്ങളുടെ പ്രതിനിധികൾ ആണെന്ന് പറഞ്ഞ് മൊബൈൽ ടവർ അടിച്ചുമാറ്റുകയായിരുന്നു എന്നാണ് പരാതിയിൽ പറഞ്ഞത്. പൊലീസ് കേസ് എടുത്ത് സംഭവം വിശദമായി അന്വേഷിക്കാനാരംഭിച്ചു. എന്നാൽ, കവർച്ചാ സംഘത്തെക്കുറിച്ച് അവർക്ക് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. അടുത്തിടെ, ബിഹാറിൽ തന്നെ ബെഗുസാരായി ജില്ലയിലെ ഒരു റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണികൾക്കായി നിർത്തിയിട്ട ട്രെയിൻ എഞ്ചിൻ വലിയ തുരങ്കം കുഴിച്ച് കവർച്ചക്കാർ പല ഭാഗങ്ങളായി കടത്തിയിരുന്നു. പല കഷണങ്ങളായി എഞ്ചിൻ അടർത്തി മാറ്റി ദിവസങ്ങൾ എടുത്താണ് കവർച്ചക്കാർ തുരങ്കം വഴി കടത്തിയത്. സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. എഞ്ചിന്റെ 95 ശതമാനം ഭാഗങ്ങൾ കണ്ടെടുത്തതായി പൊലീസ് അവകാശപ്പെടുന്നു.