പഴയവാഹനങ്ങളുടെ പൊളിക്കല്‍ കേന്ദ്രം തുടങ്ങാന്‍ കെ.എസ്.ആര്.ടി.സി തയ്യാറെടുക്കുന്നു. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതലയോഗം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് നല്കാന് കെ.എസ്.ആര്.ടി.സിയോട് നിര്‍ദേശിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശപ്രകാരം വാണിജ്യവാഹനങ്ങള്‍ക്ക് 2023 ഏപ്രില്‍ മുതലും സ്വകാര്യവാഹനങ്ങള്‍ക്ക് 2024 ജൂണ്‍ മുതലും യന്ത്രവത്കൃത ഫിറ്റ്നസ് പരിശോധന നിര്‍ബന്ധമാണ്. ഇതില്‍ പരാജയപ്പെടുന്ന വാഹനങ്ങള്‍ പൊളിക്കേണ്ടിവരും.
ടിക്കറ്റിതരവരുമാനം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുന്ന കെ.എസ്.ആര്.ടി.സിക്ക് പൊളിക്കല്‍കേന്ദ്രങ്ങള്‍ അവസരമാകും എന്നാണ് നിഗമനം. പൊതുമേഖലയില്‍ അംഗീകൃത പൊളിക്കല്‍കേന്ദ്രങ്ങള്‍ വന്നാല്‍ വാഹന ഉടമകളെ സ്വകാര്യ ഏജന്‍സികള്‍ ചൂഷണംചെയ്യുന്നതും ഒഴിവാക്കാനാകും. 172.86 ഹെക്ടര്‍ ഭൂമിയാണ് കെ.എസ്.ആര്.ടി.സിയുടെ കൈവശമുള്ളത്. ഇതിന്റെ നാലിലൊന്നുപോലും ബസ് നടത്തിപ്പിന് ആവശ്യമില്ല. ഒട്ടേറെ സ്ഥലങ്ങള്‍ ഉപയോഗശൂന്യമായി കിടക്കുകയാണ്.
ഒരു പൊളിക്കല്കേന്ദ്രത്തിന് കുറഞ്ഞത് രണ്ടേക്കര്‍ സ്ഥലമെങ്കിലും വേണ്ടിവരും. വാഹനങ്ങള്‍ നിര്‍ത്തിയിടാനും പ്ലാന്റ് സ്ഥാപിക്കാനും സൗകര്യം വേണം. 1.40 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് ഏകദേശം 35 ലക്ഷം വാഹനങ്ങള്‍ 20 വര്‍ഷം പഴക്കമുള്ളവയാണ്. പഴയവാഹനങ്ങളുടെ പൊളിക്കല്‍നയം പ്രഖ്യാപിച്ചശേഷം ടെസ്റ്റിങ്, സ്ക്രാപ്പിങ് കേന്ദ്രങ്ങള്‍ പൊതുമേഖലയിലോ സ്വകാര്യമേഖലയിലോ ഒരുക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിരുന്നു.
2022 മേയില്‍ രാജ്യത്തെ ആദ്യവാഹനം പൊളിക്കല്‍ പ്ലാന്റ് ഹരിയാണയില്‍ തുടങ്ങി. ജില്ലകള്‍തോറും മൂന്ന് പൊളിക്കല്കേന്ദ്രങ്ങളെങ്കിലും ഉണ്ടാക്കാനാണ് കേന്ദ്രനിര്‍ദേശം. 20 വര്‍ഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും 15 വര്‍ഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും ക്ഷമതയുടെ അടിസ്ഥാനത്തില്‍ പൊളിക്കാനാണ് തീരുമാനം. ഇവ പരിശോധിക്കാന്‍ ഓട്ടോമേറ്റഡ് ടെസ്റ്റിങ് സെന്ററുകളും വേണം.
മോട്ടോര്‍വാഹനവകുപ്പ് ഇതിനായി സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായംതേടിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സിക്കും ഇത്തരം കേന്ദ്രങ്ങള്‍ തുടങ്ങാനാകും. ഈ സാഹചര്യത്തിലാണ് റിപ്പോര്‍ട്ട് നല്കാന് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടത്. പൊളിക്കുന്ന വാഹനഘടകങ്ങളുടെ വില്‍പ്പനയിലും നിശ്ചിതശതമാനം ലാഭം കിട്ടും. സ്വകാര്യകമ്പനികള്‍ കേരളത്തിലെ പഴയ വാഹനവിപണി ലക്ഷ്യമിടുന്നുണ്ട്.