KeralaNEWS

ഫുട്‌ബോള്‍ ഉപമകളിലൂടെ തരൂരിനെ പുകഴ്ത്തി കോണ്‍ഗ്രസ് യുവനിര

കൊച്ചി: പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് സംസ്ഥാന കോണ്‍ക്ലേവില്‍ ശശി തരൂര്‍ എം.പിയെ പുകഴ്ത്തി കോണ്‍ഗ്രസിലെ യുവനേതാക്കള്‍. ഹൈബി ഈഡന്‍ എം.പി, മാത്യു കുഴല്‍നാടന്‍ എം.എല്‍.എ, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍ എന്നിവരാണ് തരൂരിനെ പുകഴ്ത്തി രംഗത്തെത്തിയത്.

ഐക്യത്തോടു കൂടി കളിക്കുന്ന ടീമിനാണ് ഫുട്ബോളില്‍ വിജയിക്കാന്‍ കഴിയുകയെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. എത്ര വലിയ സൂപ്പര്‍സ്റ്റാറുകള്‍ ഉണ്ടെങ്കിലും കളി ജയിച്ചുകൊള്ളണമെന്നില്ല. ഗോളടിക്കുന്നവനാണ് സ്റ്റാര്‍ ആവുക. അവരുടെ ഫ്ലെക്സ് ബോര്‍ഡുകളും ഒക്കെ വരിക. ഫോര്‍വേഡ് കളിക്കുന്നവര്‍ക്കാണ് ഏറ്റവും കൂടുതല്‍ ലൈം ലൈറ്റും പ്രാധാന്യവും ലഭിക്കുക. പക്ഷേ അതേസമയം തന്നെ ആ ടീമിനെ പിടിച്ചുനിര്‍ത്തുന്ന ഒരു ഗോളിയുണ്ട്. യഥാര്‍ഥത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ് ഗോളിയെന്നാണ് താന്‍ കരുതുന്നത്. അവരെ നിരാശരാക്കുന്ന ഒരു നിലപാടും സമീപനവും പാര്‍ട്ടി നേതാക്കന്മാരില്‍നിന്ന് ഉണ്ടാവരുത് എന്നതാണ് തന്റെ ആഗ്രഹം-മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഇതിനിടയില്‍ ഫൗള്‍ ചെയ്യുന്ന ആളുകളുമുണ്ടാകും. എതിരാളികളെയാണ് അല്ലാതെ കൂട്ടത്തിലുള്ളവരെ അല്ല ഫൗള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആരെയും ബെഞ്ചിലിരുത്താതെ എല്ലാവരെയും മുന്നോട്ടു കൊണ്ടുവരികയാണെങ്കില്‍ പാര്‍ട്ടിക്കും നാടിനും ഗുണമുണ്ടാകുമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ കെ.എസ്. ശബരീനാഥന്‍ പറഞ്ഞു.

തരൂരിനെ ഇനിയും ഇന്ത്യക്ക് ആവശ്യമുണ്ടെന്ന് ഹൈബി ഈഡന്‍ പറഞ്ഞു. ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തരൂരിനെ കുറിച്ചാണ് സംസാരിക്കുന്നതെന്നും കോണ്‍ഗ്രസ് പാര്‍ട്ടി തരൂരിന്റെ സാമര്‍ഥ്യം പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം തരൂരിന്റെ വാക്കുകള്‍ക്കായി കാതോര്‍ത്തിരിക്കുകയാണ്. ലോകമെമ്പാടും പണം കൊടുത്ത് തരൂരിന്റെ പ്രസംഗം കേള്‍ക്കാന്‍ ആള്‍ക്കാര്‍ ഉണ്ട്. ഈ അടുത്ത് മെല്‍ബണില്‍ ഒരു പരിപാടിക്കായി പോയപ്പോള്‍ അവിടുത്തെ വിദേശ കാര്യമന്ത്രിയും ആളുകളുമായി എല്ലാം സംസാരിച്ചിരുന്നു. അവരെല്ലാം ഇന്ത്യയെക്കുറിച്ച് സംസാരിക്കുമ്പോള്‍ തരൂരിനെ പറ്റിയാണ് പറയുന്നത്.

തരൂര്‍ കാലഘട്ടത്തിന്റ ആവശ്യമാണ്. അദ്ദേഹത്തിന്റെ വിലപ്പെട്ട സമയമാണ് പ്രൊഫഷണല്‍ കോണ്‍ക്ലേവിന് വേണ്ടി നല്‍കുന്നത്. അത് കൃത്യമായ ഉപയോഗിക്കണം. തരൂരിന്റെ പൊട്ടന്‍ഷ്യല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയും കൃത്യമായി ഉപയോഗിക്കണമെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

 

Back to top button
error: