സംസ്ഥാനത്ത് ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ പൊലീസുദ്യോഗസ്ഥരെ പിരിച്ചുവിടാൻ സർക്കാർ തീരുമാനം. പൊലീസ് ആസ്ഥാനത്തും ജില്ലാ തലങ്ങളിലും ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരുടെ പട്ടിക തയ്യാറാക്കാൻ ഡിജിപി നിർദേശം നൽകി. പ്രാഥമിക ഘട്ടത്തിൽ തയ്യാറാക്കിയ 85 പേരുടെ പട്ടിയിൽ സൂക്ഷ്മ പരിശോധന നടത്താൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ബേപ്പൂർ കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ പി ആർ സുനു ബലാത്സംഗ കേസിൽ പ്രതിയായതോടെയാണ് കാക്കിയിലെ ക്രിമിനലുകളെ കുറിച്ച് വീണ്ടും വിവാദങ്ങള്‍ ഉയർന്നത്. ക്രിമിനൽ കേസിൽ പ്രതിയായാലും കോടതി ഉത്തരവുകളുടെ ബലത്തിൽ ജോലിയിൽ തിരിച്ച് കയറുന്നവര്‍ മുതൽ വകുപ്പ് തല നടപടികൾ മാത്രം നേരിട്ട് ഉദ്യോഗക്കയറ്റം നേടുന്നവര്‍ വരെ പൊലീസിൽ നിരവധിയാണ്. ഇതൊഴിവാക്കാൻ സി.ഐ മുതൽ എസ്.പിമാർ വരെയുള്ളവരുടെ സർവീസ് ചിരിത്രം പൊലീസ് ആസ്ഥാനത്തും ബാക്കിയുള്ള ഉദ്യോഗസ്ഥരുടെ സര്‍വീസ് ചരിത്രം ജില്ലാ പൊലീസ് മേധാവിമാരും പരിശോധിക്കും. ബലാത്സംഗം, മോഷണം, ലഹരികേസ്, ക്വട്ടേഷൻ സംഘവുമായുള്ള ബന്ധം, സ്വർണ കടത്ത്, സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസ് എന്നിങ്ങനെ ഗുരുതരമായ കുറ്റകൃത്യത്തിന് ജയിൽ ശിക്ഷ അനുഭവിച്ചവരും നിരവധിക്കേസിൽ അന്വേഷണം നേരിടുന്നതുമായി പൊലീസുകാരെ സർവീസിൽ നിന്നും നീക്കം ചെയ്യാനാണ് ഡി.ജി.പി സർക്കാരിനോട് ശുപാർശ ചെയ്തത്.
ആദ്യമായല്ല പൊലീസിലെ ക്രിമിനലുകളെ കണ്ടെത്താനും നടപടി എടുക്കാനും സര്‍ക്കാര്‍ തീരുമാനിക്കുന്നത് . വിവാദങ്ങളും സമ്മര്‍ദ്ദങ്ങളും നിയമക്കുരുക്കും ചൂണ്ടിക്കാട്ടി ഓരോ തവണയും പിൻമാറുകയാണ് പതിവ്.