IndiaNEWS

തന്റെ വീടിനു നേരെ ബോംബേറുണ്ടായെന്ന് പൊലീസിനെ വിളിച്ചുപറഞ്ഞ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റിൽ

കുംഭകോണം: തന്‍റെ വീടിനു നേരെ ബോംബേറുണ്ടായെന്ന് പൊലീസിനെ വിളിച്ചുപറഞ്ഞ ഹിന്ദുമുന്നണി പ്രവര്‍ത്തകന്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ കുംഭകോണത്താണ് സംഭവം.

ഹിന്ദു മുന്നണി കുംഭകോണം ടൗണ്‍ സെക്രട്ടറി ചക്രപാണിയാണ് വ്യാജ ബോംബേറ് ആരോപണം ഉന്നയിച്ചതിന് അറസ്റ്റിലായത്.

Signature-ad

നവംബര്‍ 21ന് രാവിലെ തന്‍റെ വീടിനു നേരെ പെട്രോള്‍ ബോംബേറുണ്ടായെന്നാണ് ചക്രപാണി പൊലീസ് സ്റ്റേഷനില്‍ വിളിച്ചറിയിച്ചത്. തുടര്‍ന്ന് കുംഭകോണം പൊലീസ് സൂപ്രണ്ട് രവളി പ്രിയ, അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ടുമാരായ ജയചന്ദ്രന്‍, സ്വാമിനാഥന്‍, ഫോറന്‍സിക് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാമചന്ദ്രന്‍ എന്നിവര്‍ ചക്രപാണിയുടെ വീട്ടിലെത്തി അന്വേഷണം ആരംഭിച്ചു.ഇതിനിടെ ബി.ജെ.പി, ഹിന്ദു മുന്നണി ഭാരവാഹികള്‍ സംഭവത്തെ കുറിച്ച്‌ അടിയന്തരമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയും ചെയ്തു.

എന്നാല്‍ ചക്രപാണിയുടെ വിശദീകരണത്തില്‍ സംശയം തോന്നിയ പോലീസ് ഇയാളുടെ വീട്ടില്‍ വിശദമായ പരിശോധന നടത്തി. തുടർന്ന് വീട്ടിലേക്ക് എറിഞ്ഞെന്ന് അവകാശപ്പെടുന്ന കുപ്പിയില്‍ ഉപയോഗിച്ചിരുന്ന തിരികള്‍ ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത തുണി കീറിയുണ്ടാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്നുള്ള ചോദ്യംചെയ്യലില്‍ പ്രശസ്തനാവാനാണ് വ്യാജ ആക്രമണ പരാതി ഉന്നയിച്ചതെന്ന് ചക്രപാണി പറഞ്ഞു.

 ജീവന് ഭീഷണിയുണ്ടെന്ന് വരുത്തിത്തീര്‍ത്താല്‍ പല നേതാക്കള്‍ക്കും ലഭിച്ചപോലെ തനിക്കും സുരക്ഷാ ഉദ്യോഗസ്ഥനെ (പി.എസ്.ഒ) ലഭിക്കുമെന്ന് കരുതിയെന്നും ചക്രപാണി പറഞ്ഞു.തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Back to top button
error: