CrimeNEWS

അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത ദമ്പതികള്‍ക്കു മര്‍ദനം; കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതിയടക്കം പിടിയില്‍

പാലക്കാട്: അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത് ചോദ്യം ചെയ്ത യുവാവിനും ഭാര്യയ്ക്കും നേരെ ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാലക്കാട് ശേഖരീപുരം സ്വദേശി ഷിഹാബിനും ഭാര്യ അഫ്രീനയ്ക്കുമാണ് വാളയാറില്‍ വച്ച് മര്‍ദനമേറ്റത്. കോയമ്പത്തൂര്‍ സ്വദേശികളായ മൂന്നു പേരാണ് ആക്രമിച്ചത്. 1998 ലെ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസ് പ്രതി അബു താഹിര്‍, സുഹൃത്തുക്കളായ നിഷാദ്, ഫിറോസ് ഖാന്‍ എന്നിവരെ വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രി ഏഴിനായിരുന്നു സംഭവം. രണ്ട് വാഹനങ്ങളും പലാക്കാട്ടുനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്നു. ദേശീയപാതയില്‍ അപകടരമായ രീതിയില്‍ നീങ്ങുന്ന വാഹനം ഷിഹാബിന്റെ ശ്രദ്ധയില്‍പെട്ടതോടെ വേഗം കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. സൂക്ഷിച്ചു പോകരുതോ എന്ന് ചോദിച്ചതിനു പിന്നാലെ കാര്‍ നിര്‍ത്തി സംഘം ആക്രമണം തുടങ്ങിയെന്ന് ഷിഹാബ് പറയുന്നു.

Signature-ad

ഭാര്യയെയും രണ്ട് വയസ് മാത്രമുള്ള കുഞ്ഞിനെയും സംഘം ആക്രമിച്ചുവെന്നും ഷിഹാബ് പറയുന്നു. വഴിയില്‍ കിടന്ന കല്ലെടുത്ത് തനിക്കു നേരേ എറിഞ്ഞുവെന്നും ഒഴിഞ്ഞുമാറിയതിനാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടുവെന്നും ഷിഹാബ് പറഞ്ഞു. കാറിന്റെ ചില്ല് സംഘം തകര്‍ത്തു. സംഘത്തിലെ രണ്ടുപേരെ ഷിഹാബ് തടഞ്ഞുവച്ച് പോലീസില്‍ എല്‍പ്പിക്കുകയായിരുന്നു. കാറുമായി രക്ഷപ്പെട്ട അബു താഹിറിനെ പോലീസ് പിന്തുടര്‍ന്നാണ് പിടിച്ചത്. മൂവരും കടുത്ത മദ്യലഹരിയില്‍ ആയിരുന്നുവെന്ന് വാളയാര്‍ പോലീസ് പറഞ്ഞു.

 

Back to top button
error: