നവംബറിലെ മൂന്നാമത്തെ ഞായറാഴ്ച റോഡ് അപകടങ്ങളിൽ മരണപ്പെട്ടവരുടെ ഓർമദിനമായി ലോകമെങ്ങും ആചരിക്കുകയാണ്.
റോഡ് അപകടങ്ങളുടെ കാര്യത്തിൽ രാജ്യത്തു മുൻനിരയിലാണ് നമ്മുടെ കൊച്ചു കേരളം. കഴിഞ്ഞ അഞ്ചുവർഷത്തെ കണക്കുകൾ പ്രകാരം അപകടങ്ങളുടെ എണ്ണത്തിൽ നാലാമതും അഞ്ചാമതും സ്ഥാനങ്ങളിൽ കേരളം ഇടപിടിച്ചിരുന്നു. അപകടമരണങ്ങൾ കേരളത്തിൽ താരതമ്യേന കുറവാണെങ്കിലും പരുക്കേൽക്കുന്നവരുടെ എണ്ണത്തിൽ മുന്നിലാണ്.
ജനസംഖ്യാനുപാതികമായും വാഹനഅനുപാതത്തിലും കേരളത്തിലെ റോഡ് അപകടങ്ങളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ വളരെക്കൂടുതലാണ്.
ഈ വർഷം ഒക്ടോബർ 31വരെ 35922 റോഡ് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 3511 പേർ മരണപ്പെടുകയും 28434 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും 11749 പേർക്ക് നിസാരമായ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വാഹനങ്ങളുടെ അമിതവേഗതയാണ് അപകടങ്ങളുടെ മുഖ്യകാരണം അതുകൊണ്ടുതന്നെ ഡ്രൈവർമാരുടെ പിഴവാണ് അപകടങ്ങളുടെ വർദ്ധനയ്ക്ക് കാരണമെന്നാണ് വിലയിരുത്തുന്നത്. അപകടങ്ങളിൽ പരിക്കേൽക്കുകയും മരണമടയുകയും ചെയ്യുന്നവരിലധികവും ഇരുചക്രവാഹനയാത്രക്കാരും കാൽനടയാത്രക്കാരുമാണ് .
മോട്ടോർ വാഹനനിയമ ലംഘനങ്ങൾ കർശനമാക്കിയും സുരക്ഷാസംവിധാനങ്ങളും ബോധവത്കരണവും ഊർജിതമാക്കിയും അപകടങ്ങൾ കുറയ്ക്കാനുള്ള ശ്രമമാണു കേരളപോലീസ് നടത്തുന്നത്. വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും പിഴവുകൾ ആവർത്തിക്കാതിരിക്കാനുള്ള നിദാന്തജാഗ്രത പാലിച്ചാൽ മാത്രമേ നമ്മുടെ നിരത്തുകൾ വീണ്ടും ചോരക്കളങ്ങൾ ആകാതിരിക്കൂ.. നമ്മെ കാത്തിരിക്കുന്നവരുടെ കണ്ണീർ പൊഴിയാതിരിക്കൂ…
#keralapolice