പ്രമേഹത്തെ ഭയപ്പെടേണ്ട, നിയന്ത്രിക്കാൻ 4 വഴികൾ കർശനമായി പാലിക്കുക
നമ്മുടെ ജീവിത രീതിയെ അപ്പാടെ താളം തെറ്റിക്കുന്ന രോഗമാണ് ഷുഗര്‍ അഥവാ പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നതാണ് പ്രമേഹരോഗ ലക്ഷണം. പണ്ട് പ്രയമായവരിലാണ് ഈ രോഗവസ്ഥ ഉണ്ടായിരുന്നത് എങ്കില്‍ ഇന്ന് ജീവിത ശൈലിയിലെ മാറ്റങ്ങള്‍കാരണം യുവാക്കളിലും കൗമാരക്കാരിലും പ്രമേഹം കണ്ടു തുടങ്ങിയിരിക്കുന്നു.
പ്രമേഹത്തെ സങ്കീർണമായ പ്രശ്നമായാണ് എല്ലാവരും കാണുന്നത്. എന്നാല്‍ ഇതിനെ നിയന്ത്രിക്കാനും, പ്രമേഹമുണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഇല്ലാതെയാക്കാനും പോംവഴികളുണ്ട്. ജീവിത ശൈലികൊണ്ട് ഉണ്ടാകുന്ന പ്രമേഹത്തെ ജീവിത ശൈലികൊണ്ട് തന്നെ നേരിടാം.
വ്യായാമമില്ലായ്ത, അമിത വണ്ണം, ഭക്ഷണ രീതി തുടങ്ങിയവയെല്ലാം പ്രമേഹത്തിലേക്ക് നയിക്കുന്ന പ്രധാന കാരണങ്ങളാണ്. അതുകൊണ്ടുതന്നെ ഈ മൂന്ന് കാര്യങ്ങളിലും മാറ്റം വരുത്തുകയാണ് ആദ്യം വേണ്ടത്.
അമിത വണ്ണമുള്ളവര്‍ വണ്ണം കുറയ്ക്കണം. മറക്കാതെ വ്യായാമങ്ങള്‍ ചെയ്യുകയാണ് ഇതിനുള്ള വഴി. എല്ലാ ദിവസവും അരമണിക്കൂറെങ്കിലും വ്യായാമം ചെയ്യണം. നടത്തം പ്രമേഹ നിയന്ത്രണത്തിന് ഏറ്റവും ഉചിതമായ വ്യായാമ മുറയാണ്. ദിവസവും നടക്കുന്നത് പ്രമേഹത്തെ നിയന്ത്രിക്കും. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ലഘൂകരിക്കാനും ഇത് സഹായിക്കും.
ഭക്ഷണം വാരിവലിച്ച് തിന്നുന്നത് ഒഴിവാക്കുക എന്നതാണ് പ്രമേഹം നിയന്ത്രിക്കാന്‍ രണ്ടാമതായി ചെയ്യാവുന്നത്. ഭക്ഷണത്തില്‍ നിയന്ത്രണം കൊണ്ടുവരാം. ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോഹൈഡ്രേറ്റ്, പഞ്ചസാര എന്നിവയാണ് രക്തത്തിലെ പഞ്ചസാരയ്ക്ക് കാരണമാകുന്നത്. അതുകൊണ്ടുതന്നെ കഴിക്കുന്ന ഭക്ഷണങ്ങളില്‍ ഇവയുടെ അളവ് കുറവാണെന്ന് ഉറപ്പുവരുത്തുക. പച്ചക്കറികള്‍ കൂടുതലായി കഴിക്കുക. ചോറ് കഴിക്കുന്നത് ഒഴിവാക്കുന്നതും പ്രമേഹ നിയന്ത്രണത്തിന് നല്ലതാണ്.
ആവശ്യത്തിന് വെള്ളം കുടിക്കുക എന്നത് പ്രമേഹം നിയന്ത്രിക്കാനുള്ള ഒരു പോം വഴിയാണ്. ധാരാളം വെള്ളം കുടിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ദിവസേന ധാരാളം വെള്ളം കുടിയ്ക്കുന്നത് പ്രമേഹ സാദ്ധ്യത ഇല്ലാതാക്കുന്നു. പുകവലി ഒഴിവാക്കുന്നതും സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതും പ്രമേഹ സാദ്ധ്യത ഇല്ലാതാക്കാനും നിയന്ത്രിക്കാനും ഉത്തമമാണ്.
കൃത്യമായ ഇടവേളകളില്‍ ഷുഗര്‍ പരിശോധിക്കാൻ മറക്കരുത്. ദിവസവും പരിശോധന നടത്താന്‍ കഴിഞ്ഞാല്‍ ഏറെ നല്ലത്. കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കാണുകയും വേണം.