എസ്.എസ്.എല്‍.സി കഴിഞ്ഞ് 25 വര്‍ഷങ്ങള്‍ക്കു ശേഷം മകള്‍ക്കൊപ്പം പഠിച്ച് പ്ലസ്ടു പരീക്ഷയെഴുതി മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് നേടിയ സുമയ്യ മുസ്തഫയുടെ അടുത്ത ലക്ഷ്യം വക്കീല്‍ കോട്ടാണ്. കാസർകോട് ഹോസ്ദുര്‍ഗ്കാരി സുമയ്യ 1997ല്‍ പത്താം ക്ലാസില്‍ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിച്ചെങ്കിലും തുടര്‍പഠനം സാധ്യമായില്ല. 25 വര്‍ഷത്തെ വിവാഹ ജീവിതത്തിനിടയിലാണ് വീണ്ടും പഠിക്കണമെന്ന മോഹമുണ്ടാകുന്നത്.
അപ്പോഴേക്കും മകള്‍ ഹിബ പ്ലസ്ടുവിലേക്കെത്തിയിരുന്നു. പിന്നീട് മകള്‍ക്കൊപ്പമായി സുമയ്യയുടെ പഠനം. പ്ലസ്ടു പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി മകള്‍ വിജയിച്ചോള്‍ പ്ലസ്ടു തുല്യത പരീക്ഷയില്‍ ഹോസ്ദുര്‍ഗ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഹ്യുമാനിറ്റീസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി സുമയ്യയും വിജയമുറപ്പിച്ചു.
ഈ വര്‍ഷത്തെ പഞ്ചവല്‍സര എല്‍.എല്‍.ബി എന്‍ട്രന്‍സ് എഴുതി വക്കീലാകാന്‍ ആഗ്രഹിക്കുകയാണിപ്പോൾ സുമയ്യ. ആദ്യ അലോട്ട്മെന്റില്‍ ഇടുക്കിയില്‍ കിട്ടിയതിനാല്‍ പോയില്ല. രണ്ടാമത്തെ അലോട്ട്‌മെന്റില്‍ അടുത്ത് എവിടെയെങ്കിലും കിട്ടുമെന്ന പ്രതീക്ഷയിലാണിവര്‍. സാക്ഷരത പ്രേരകിന്റെയും തുല്യത അധ്യാപികയുടെയും പിന്തുണയിലാണ് വിജയം കരസ്ഥമാക്കിയതെന്ന് സുമയ്യ പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജിലെ ഡിഗ്രി വിദ്യാര്‍ഥിനിയാണ് ഇപ്പോള്‍ മകള്‍ ഹിബ. വിദേശത്ത് ആര്‍ക്കിടെക്റ്റായ തമീം, അഞ്ചാം ക്ലാസ് വിദ്യാര്‍ഥി സുലൈമാന്‍ മുസ്തഫ എന്നിവരാണ് മറ്റുമക്കള്‍. ബഹ്‌റൈന്‍ കെ.എം.സി.സി കോഓഡിനേറ്റര്‍ സി.എച്ച് മുസ്തഫയാണ് ഭര്‍ത്താവ്.