KeralaNEWS

ജനപ്രിയ ബ്രാന്‍ഡുകള്‍ ബാറില്‍ സുലഭം; ക്ഷാമം സര്‍ക്കാര്‍ ഔട്ട്ലെറ്റുകളില്‍

കൊച്ചി: വിദേശ മദ്യ വ്യാപാരികളുടെ ഒത്തുകളിയെ തുടര്‍ന്ന് സര്‍ക്കാര്‍ ഔട്ട് ലെറ്റുകളായ ബെവ്കോയിലും കണ്‍സ്യൂമര്‍ഫെഡിലും പോപ്പുലര്‍ ബ്രാന്‍ഡ് മദ്യങ്ങളില്ല. വില്‍പ്പനക്കുള്ളതാകട്ടെ, തീരെ ചാത്തന്‍ ബ്രാന്‍ഡുകളും വന്‍ വിലയുള്ളവയും മാത്രം. ഹെര്‍ക്കുലീസ്, ഹണീബി, ഓള്‍ഡ് മങ്ക്, ഒ,സി.ആര്‍, എം.സി.ബി, വൈറ്റ് മിസ്ചീഫ് തുടങ്ങി സാധാരണ ബ്രാന്‍ഡുകളാണ് ഔട്ട് ലെറ്റുകളില്‍ ഇല്ലാത്തത്.

വാര്‍ഷിക വില്‍പ്പന അനുസരിച്ച് സര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയതോടെ പ്രമുഖ ബ്രാന്‍ഡഡ് കമ്പനികള്‍ സര്‍ക്കാര്‍ ഔട്ട് ലെറ്റുകള്‍ക്ക് മദ്യം കൊടുക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമായി പറയുന്നത്. വില്‍പ്പന കുറവുള്ള കമ്പനികള്‍ അവരുടെ മദ്യം വില്‍ക്കാന്‍ ഈ അവസരം പ്രയോജനപ്പെടുത്താന്‍ നോക്കിയെങ്കിലും ഈ ചാത്തന്‍ ബ്രാന്‍ഡുകളോട് കുടിയന്മാര്‍ മുഖം തിരിച്ചു നില്‍ക്കുകയാണ്. സര്‍ക്കാര്‍ വക തിരുവല്ല പുളിക്കീഴിലെ ഡിസ്റ്റിലറിയില്‍ ജവാന്‍ റം കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമവും നടത്തുന്നില്ല.

പോപ്പുലര്‍ ബ്രാന്‍ഡുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന കുടിയന്മാര്‍ ഔട്ട്ലെറ്റുകള്‍ക്കു മുന്നില്‍ ബഹളം വയ്ക്കുന്നത് പതിവ് കാഴ്ചയായി. സാധനമില്ലാത്തതിനാല്‍ ചില ഔട്ടുലെറ്റുകള്‍ പൂട്ടി.

കമ്പനികളില്‍നിന്നും നേരിട്ട് മദ്യം വാങ്ങുന്ന ബാറുകളില്‍ എല്ലാ ഇനം ബ്രാന്‍ഡുകളുമുണ്ട്. പെഗ് അനുസരിച്ച് കൂടിയ വില നല്‍കണമെന്നുമാത്രം. വിലകൂടുതലാണെങ്കിലും സാധനം സ്റ്റോക്കുള്ളതിനാല്‍ ബാറുകളില്‍ വില്‍പ്പന കൂടി. സര്‍ക്കാര്‍ ഔട്ട് ലെറ്റുകളില്‍ വില്‍പ്പന വന്‍ തോതില്‍ ഇടിയുകയും ചെയ്തു.

ബ്രാന്‍ഡഡ് വിദേശ മദ്യ ക്ഷാമം പരിഹരിക്കുന്നതിന് മദ്യ കമ്പനി പ്രതിനിധികളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയിരുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കുന്നതിനുള്ള പ്രധാന വരുമാനമാര്‍ഗം മദ്യവില്‍പ്പനയാണ്. വില്‍പ്പന കുറഞ്ഞത് സാമ്പത്തിക പ്രതിസന്ധിക്കു കാരണമാകുമെന്നതിനാല്‍ സര്‍ക്കാര്‍ മദ്യ കമ്പനികളുടെ ആവശ്യത്തിന് വഴങ്ങിയെന്നാണറിയുന്നത്. മന്ത്രിസഭായോഗത്തില്‍ വാര്‍ഷിക വില്‍പ്പന നികുതി വരുമാനം പിന്‍വലിച്ചുള്ള തീരുമാനം ഉണ്ടായേക്കും.

 

 

 

Back to top button
error: