നടൻ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിൻവലിക്കണം എന്നാവശ്യപ്പെട്ടു നൽകിയ ഹർജിയിൽ തടസ്സവാദങ്ങളുയർത്തി ഹൈക്കോടതി. അനധികൃതമായി ആനക്കൊമ്പുകൾ കൈവശം വച്ച കേസ് പിൻവലിക്കാനുള്ള സർക്കാർ ഹർജി പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി തള്ളിയതിനെതിരെ സമർപ്പിച്ച അപ്പീൽ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതിയുടെ ചോദ്യങ്ങൾ. കേസ് എങ്ങനെപിൻവലിക്കാനാകും എന്നായിരുന്നു കോടതിയുടെ മുഖ്യ ചോദ്യം.
2011ൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ ആദായ നികുതി ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് രണ്ടു ജോടി ആനക്കൊമ്പ് കണ്ടെത്തിയത്. ഇവർ വിവരമറിയിച്ചതിനെ തുടർന്നാണ് വന്യജീവി, വനം സംരക്ഷണ നിയമപ്രകാരം 2012ൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കേസ് റജിസ്റ്റർ ചെയ്തത്. എന്നാൽ 2016ൽ മാത്രമാണ് ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നത്. അതുകൊണ്ടു തന്നെ അനുമതിയില്ലാതെ ആനക്കൊമ്പു കൈവശം വച്ചതിനെക്കുറിച്ച് അന്വേഷണം വേണ്ടേ എന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ ചോദിച്ചു.
മോഹൻലാലിന് ആനക്കൊമ്പു കൈമാറിയത് കെ. കൃഷ്ണകുമാർ എന്നയാൾ ആണെന്നായിരുന്നു അന്വേഷണത്തിൽ കണ്ടെത്തിയത്. മോഹൻലാലിന്റെ ആർട് ഗാലറിയിൽ സൂക്ഷിക്കുന്നതിനാണ് രണ്ട് ആനക്കൊമ്പുകൾ നൽകിയതത്രെ. മറ്റൊരാളിൽ നിന്നു വിലകൊടുത്തു വാങ്ങിയതാണ് ആനക്കൊമ്പെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അതുകൊണ്ടു തന്നെ കേസ് റജിസ്റ്റർ ചെയ്യപ്പെടുമ്പോൾ നടന് ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം ഉണ്ടായിരുന്നോ എന്നത് അന്വേഷിക്കേണ്ട കാര്യമാണ് എന്നാണ് കോടതിയുടെ നിരീക്ഷണം.എന്നാൽ, കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് എറണാകുളം ഉദ്യോഗമണ്ഡൽ സ്വദേശി എ.എ. പൗലോസ്, പത്തനംതിട്ട കലഞ്ഞൂർ സ്വദേശി ജയിംസ് മാത്യു എന്നിവർ കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് ഓണർഷിപ് സർട്ടിഫിക്കറ്റ് നൽകിയതിനെതിരെ ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നിലവിലുണ്ടെന്ന കാരണത്താൽ പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി സർക്കാറിന്റെ അപേക്ഷ തള്ളുകയായിരുന്നു.
കേസിൻ്റെ അന്തിമ വാദം നവംബർ 29ന് നടക്കും.