തിരുവനന്തപുരം: വിവാദ പരാമര്‍ശങ്ങളില്‍ പ്രതിരോധത്തിലായ കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ പിന്തുണച്ച് രമേശ് ചെന്നിത്തല. കെ. സുധാകരന് തികഞ്ഞ മതേതരവാദിയാണ്. തന്റെ രാഷ്ട്രീയപ്രവര്ത്തനത്തിലുടനീളം മതേതരമായ നിലപാടുകള്‍ മാത്രമാണ് അദ്ദേഹം സ്വീകരിച്ചതെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. സുധാകരന് അത് തന്റെ നാക്കു പിഴയാണെന്ന് പറഞ്ഞതോടെ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ അടിസ്ഥാനപരമായ നയം മതേതരത്വമാണ്. അതില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള അഭിപ്രായങ്ങള്‍ സുധാകരന് പറഞ്ഞിട്ടില്ല. കോണ്‍ഗ്രസ്സിന്റെ നയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു കൊണ്ടാണ് എല്ലാ കോണ്‍ഗ്രസ്സുകാരും മുന്നോട്ടു പോകുന്നത്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രസംഗത്തിനിടയില്‍ ഒരു വാചകത്തിലുണ്ടായ നാക്കു പിഴയാണ് വിവാദങ്ങള്‍ക്കു വഴിവെച്ചത്. നാക്കു പിഴയാണ് എന്ന് സുധാകരന് വ്യക്തമാക്കിയതോടെ വിവാദങ്ങള്‍ക്ക് അര്‍ത്ഥമില്ല. കെ. സുധാകരന്റെ മതേതര നിലപാടിന് ബി.ജെ.പിയുടേയോ സി.പി.എമ്മിന്റെയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു.
കഴിഞ്ഞ പഞ്ചായത്ത് ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫിന് വന്‍ മുന്നേറ്റമുണ്ടായി. അത് ജനങ്ങള്‍ക്ക് നിലവിലെ സര്‍ക്കാരിനോടുള്ള മടുപ്പാണ് വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള വിവാദങ്ങള്‍ക്കു പകരം സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേയുള്ള പോരാട്ടമാണ് വേണ്ടതെന്നും ചെന്നിത്തല പറഞ്ഞു. കോണ്‍ഗ്രസ് എക്കാലവും മതേതര മുന്നണിയായാണ് നിലക്കൊണ്ടത്. മുസ്ലീം ലീഗിനുണ്ടായ ആശങ്കകള്‍
പരിഹരിക്കുമെന്നും സുധാകരന് അധ്യക്ഷസ്ഥാനം ഒഴിയേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.