NEWSPravasi

യുഎഇയിൽ ഗോൾഡൻ വീസാ ഉടമകൾക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി

അബുദാബി : യുഎഇയിൽ ഗോൾഡൻ വീസാ ഉടമകൾക്ക് പത്ത് വര്‍ഷത്തേക്ക് മാതാപിതാക്കളെ സ്പോൺസർ ചെയ്യാൻ അനുമതി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് നിക്ഷേപ തുക കെട്ടിവയ്ക്കേണ്ടിതില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒക്ടോബറിൽ നിലവിൽ വന്ന ഗോൾഡൻ വീസ ചട്ടങ്ങളുടെ ഭാഗമായാണ് മാതാപിതാക്കളെയും സ്പോണ്‍സര്‍ ചെയ്യാൻ അനുമതി നൽകിയിരിക്കുന്നത്.നിക്ഷേപതുക എടുത്ത് കളഞ്ഞതിന് പുറമേ മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യാൻ നിശ്ചിത ശമ്പളം വേണമെന്ന വ്യവസ്ഥയും ഒഴിവാക്കി. മാതാപിതാക്കളെ സ്പോണ്‍സര്‍ ചെയ്യുന്നതിന് 2800 ദിര്‍ഹം മുതൽ 3800 ദിര്‍ഹം വരെ ആണ് ചെലവ് വരിക.

Signature-ad

മാതാപിതാക്കളുടെ ഏകസംരക്ഷകരാണ് തങ്ങളെന്ന സര്‍ട്ടിഫിക്കറ്റ് കോണ്‍സുലേറ്റിൽ നിന്ന് ഹാജരാക്കണം. നിലവില്‍ യുഎഇയിലെ താമസ വിസക്കാര്‍ക്ക് ഒരു വര്‍ഷത്തേക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നത്. എന്നാല്‍ എമിഗ്രേഷന്‍ ഡിപ്പാര്‍ട്‌മെന്റിന്റെ നിര്‍ദേശാനുസരണം നിശ്ചിത തുക ഡെപ്പോസിറ്റ് നല്‍കണമെന്ന് വ്യവസ്ഥയുണ്ടായിരുന്നു. കുറഞ്ഞത് 20000 ദിര്‍ഹം പ്രതിമാസം ലഭിക്കുന്നവര്‍ക്കായിരുന്നു മാതാപിതാക്കളെ സ്‌പോണ്‍ ചെയ്യാന്‍ അനുമതിയുണ്ടായിരുന്നത്.

അതേസമയം ഒമ്പത് അവശ്യ സാധനങ്ങളുടെ വില വര്‍ധിപ്പിക്കുന്നത് യുഎഇ സര്‍ക്കാര്‍ തടഞ്ഞു. അവശ്യ വസ്തുക്കളുടെ വില നിയന്ത്രിക്കാനായി യുഎഇ മന്ത്രിസഭ പുതിയ വില നിയന്ത്രണ നയത്തിന് രൂപം നല്‍കി. സാമ്പത്തിക മന്ത്രാലയത്തിന്റെയും ഓരോ എമിറേറ്റിലെയും ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളുടെയും അനുമതിയില്ലാതെ മൊത്ത വിതരണക്കാരും ചില്ലറ വ്യാപാരികളും നിത്യോപയോഗ വസ്തുക്കളുടെ വിലകള്‍ ഉയര്‍ത്തുന്നത് സര്‍ക്കാര്‍ വിലക്കി.

ഇതനുസരിച്ച് സാമ്പത്തിക മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഒമ്പത് അവശ്യ വസ്തുക്കളുടെ വില വര്‍ധിപ്പിക്കാന്‍ പാടില്ല. അരി, ഗോതമ്പ്, പാചക എണ്ണ, മുട്ട, പാല്‍, ബ്രെഡ്, പയര്‍, പഞ്ചസാര, കോഴിയിറച്ചി എന്നിവയുടെ വില വര്‍ധനയാണ് തടഞ്ഞത്. ഇത് പ്രാഥമിക പട്ടികയാണെന്നും കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ അവശ്യ വസ്തുക്കളുടെ പട്ടികയില്‍പ്പെടുത്തുമെന്നും യുഎഇ സര്‍ക്കാര്‍ അറിയിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. പ്രാദേശികമായി ലഭ്യമല്ലാത്ത ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് നികുതി ഈടാക്കില്ലെന്നും തീരുമാനമെടുത്തിട്ടുണ്ട്.

Back to top button
error: