IndiaNEWS

ഇന്നത്തെ പ്രധാന വാർത്തകൾ: പൊലീസ് സ്റ്റേഷനുകളില്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആറു പ്രതികളും ജയില്‍ മോചിതരായി, ശശി തരൂരിനു വോട്ട് ചെയ്തവര്‍ ഉടന്‍ ബിജെപിയിലേക്ക് വരുമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശര്‍മ്മ, ജയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു

ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിരീക്ഷിക്കാവുന്ന വിധത്തില്‍ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 മാസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കും. സ്റ്റേഷനുകളില്‍ മൂന്നാംമുറ ഇല്ലെന്ന് ഉറപ്പാക്കണം. പോലീസിലെ വിരലിലെണ്ണാവുന്ന ചിലരുടെ പ്രവര്‍ത്തികള്‍ സേനയ്‌ക്കു കളങ്കമുണ്ടാക്കുന്നു. അത്തരക്കാരോട് ഒരു ദാക്ഷിണ്യവും ഉണ്ടാകില്ല. കൊല്ലം റൂറല്‍ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

 ന്യൂ

രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് 30 വര്‍ഷം ജയിലില്‍ കഴിഞ്ഞ നളിനി അടക്കമുള്ള ആറു പ്രതികളും ജയില്‍ മോചിതരായി. നളിനി, മുരുകന്‍, ശാന്തന്‍, റോബര്‍ട്ട് പയസ്, ജയകുമാര്‍, രവിചന്ദ്രന്‍ എന്നിവരെയാണ് സുപ്രീംകോടതി ഉത്തരവനുസരിച്ചു മോചിപ്പിച്ചത്.

Signature-ad

കോൺ​ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ ശശി തരൂരിന് വോട്ട് ചെയ്തവർ ഉടൻ ബിജെപിയിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നതായി അസം മുഖ്യമന്ത്രി ഹിമന്ദ് ബിശ്വ ശർമ്മ.

“കോൺ​ഗ്രസിലെ ആഭ്യന്തര തെരഞ്ഞെടുപ്പിന്റെ ഫലം വോട്ടെണ്ണുന്നതിന് മുമ്പേ പ്രഖ്യാപിക്കപ്പെട്ടിരുന്നു. ശശി തരൂരിന് വോട്ട് ചെയ്യാൻ ധൈര്യം കാണിച്ച 1000 പേരാണ് കോൺ​ഗ്രസിലെ യഥാർത്ഥ ജനാധിപത്യവാദികൾ. അവർ ബിജെപിയിലേക്ക് ഉടനെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു”. ഹിമന്ദ് ബിശ്വ ശർമ്മ പറഞ്ഞു. പിന്നാലെ, അദ്ദേഹത്തിന് മറുപടിയുമായി ശശി തരൂർ തന്നെ രം​ഗത്തെത്തി. പോരാടാൻ ധൈര്യമില്ലാത്തവർ മാത്രമേ ബിജെപിയിലേക്ക് പോകൂ എന്നായിരുന്നു തരൂരിന്റെ പ്രതികരണം. “ധൈര്യമുള്ളവർ ഒരിക്കലും ബിജെപിയിലേക്ക് പോകില്ല. പോരാടാൻ ധൈര്യമില്ലാത്തവർ പോകാനുള്ള പ്രവണത കാണിച്ചേക്കാം”. തരൂർ പറഞ്ഞു.

ശബരിമല മണ്ഡല-മകരവിളക്ക് കാലത്ത് ഇടത്താവളങ്ങളില്‍ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നു ദേവസ്വം ബോര്‍ഡുകളോടു ഹൈക്കോടതി. ക്ഷേത്രോപദേശക സമിതികള്‍ ദേവസ്വം ഉദ്യോഗസ്ഥരെ സഹായിക്കണമെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശിച്ചു. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഏര്‍പ്പെടുത്തുന്ന സൗകര്യങ്ങള്‍ വിലയിരുത്താന്‍ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റര്‍ക്കു നിര്‍ദേശം നല്‍കി.

തിരുവനന്തപുരം കോര്‍പറേഷനിലെ കരാര്‍ നിയമന കത്തില്‍ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെയും മേയര്‍ ആര്യാ രാജേന്ദ്രന്റെയും മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. കത്തിനെ കുറിച്ച് അറിയില്ലെന്നും നിയമനങ്ങളില്‍ ഇടപടാറില്ലെന്നുമാണ് ആനാവൂരിന്റെ മൊഴി. കത്ത് നല്‍കിയിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും മൊഴി നല്‍കി. ക്രൈംബ്രാഞ്ച് മേയറുടെ മൊഴി നേരത്തെ എടുത്തിരുന്നു. ഇതിനിടെ കത്ത് വ്യാജമെന്ന നിഗമനത്തില്‍ ക്രൈംബ്രാഞ്ച് എത്തിയെന്നാണ് സൂചന.

രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തിനെതിരേ തന്റെ മുന്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ നടത്തിയ വിമര്‍ശനം ശറിയല്ലെന്നു മുന്‍ധനമന്ത്രി തോമസ് ഐസക്*. രണ്ടാം പിണറായി സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ ഒരു തെറ്റുമില്ല. ഇടതു സര്‍ക്കാരിന്റെ സാമ്പത്തിക നയം രൂപീകരിക്കുന്നത് മുന്നണിയും പാര്‍ട്ടിയുമാണെന്നും അദ്ദേഹം പറഞ്ഞു.

കരാറുകാരനില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ നെല്ലിയാമ്പതി ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി. സഹനാഥന്‍ പിടിയില്‍. കരാറുകാരനായ പി.കെ. ഭാസ്‌കരന്‍ രണ്ടു വര്‍ഷം മുമ്പ് പണിത റോഡിന് ഇരുപത് ലക്ഷം രൂപയുടെ ബില്ല് മാറാനാണ് കൈക്കൂലി വാങ്ങിയത്. /

മൂന്നാര്‍ കുണ്ടളക്കു സമീപം പുതുക്കടിയില്‍ വിനോദ സഞ്ചാരികളുടെ ട്രാവലറിനു മുകളിലേക്കു മണ്ണിടിഞ്ഞു വീണു. കോഴിക്കോട് വടകര സ്വദേശിയായ രൂപേഷ് എന്നയാള്‍ സഞ്ചരിച്ച വാഹനത്തിനു മുകളിലേക്കാണ് മണ്ണിടിഞ്ഞത്. ട്രാവലര്‍ താഴേക്കു പതിച്ചു. തെരച്ചില്‍ നടത്തിയിട്ടും വാഹനത്തിലുണ്ടായിരുന്ന രൂപേഷിനെ കണ്ടെത്താനായില്ല.

മില്‍മയുടെ പേരില്‍ വ്യാജ നിയമന ഉത്തരവ് ലഭിച്ച സംഭവത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ കെ.എസ് മണി. മലബാര്‍ മേഖലാ യൂണിയന്റെ കോഴിക്കോട് ഡയറിയിലെ അറ്റന്‍ഡര്‍ തസ്തികയിലേക്കാണ് ഉദ്യോഗാര്‍ത്ഥിക്ക് വ്യാജ നിയമന ഉത്തരവ് ലഭിച്ചത്.

കളമശേരി മെഡിക്കല്‍ കോളജിലെ കരാര്‍ നിയമനങ്ങളില്‍ ക്രമക്കേട്. ദിവസ വേതനക്കാരുടെ ഒഴിവില്‍ കുടുംബശ്രീ നല്‍കിയ പട്ടികയില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചെന്നാണ് ആക്ഷേപം. കുടുംബശ്രീ പട്ടിക കളമശേരി മുന്‍സിപ്പാലിറ്റി റദ്ദാക്കി.

ഗുരുവായൂരില്‍ റോഡിലെ കുഴികള്‍ക്കെതിരേ നടന്‍ ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തില്‍ ഓട്ടന്‍തുള്ളല്‍ കളിച്ച് പ്രതിഷേധിച്ചു. കുഴിയില്‍ വീണ് കിടപ്പിലായ ഓട്ടോ ഡ്രൈവര്‍ അബ്ദുള്‍ ഹമീദിനെ ആംബുലന്‍സില്‍ സ്ഥലത്തെത്തിച്ചാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. 1

ബത്തേരി ബീനാച്ചിയില്‍ കടുവയുടെ ആക്രമണം. വളര്‍ത്തു മൃഗങ്ങളെ കൊന്നു. കൊണ്ടോട്ടിമുക്ക് ഉമ്മറിന്റെ രണ്ട് ആടുകളെയാണ് കടുവ കൊന്നത്..

അമേരിക്കയില്‍നിന്ന് കേരളത്തിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് അമേരിക്കന്‍ മലയാളി മരിച്ചു. പന്തളം മണ്ണില്‍ പരേതനായ എം.കെ തോമസിന്റെ മകന്‍ മാത്യു തോമസാണ് (ബാബു- 72) മരിച്ചത്. അമേരിക്കയില്‍നിന്ന് ദോഹ വഴി വരുന്നതിനിടയില്‍ ദോഹ – കേരള റൂട്ടിലാണ് ഹൃദയാഘാതമുണ്ടായത്.

ടോറസിടിച്ച് ഇരുചക്ര വാഹന യാത്രക്കാരി മരിച്ചു. മലപ്പുറം വട്ടംകുളം എരുവപ്ര കുണ്ടുകുളങ്ങര സ്വദേശിനി രജിത ( 32 ) യാണ് മരിച്ചത്. സഹയാത്രിക പാലത്തിങ്കല്‍ ഗ്രീഷ്മ (32) യ്ക്കു പരിക്കേറ്റു.

മൊബൈല്‍ ഫോണ്‍ ഉപയോഗം മാതാപിതാക്കള്‍ നിയന്ത്രിച്ചതിന് വിഷം കഴിച്ച് ആത്മഹത്യക്കു ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. കണ്ണൂര്‍ ആലക്കോട് ബിജു – ലിസ ദമ്പതികളുടെ മകള്‍ ഫ്രഡില്‍ മരിയയാണ് മരിച്ചത്. ലാബ് ടെക്നീഷ്യന്‍ വിദ്യാര്‍ത്ഥിനിയായിരുന്നു.

തിരുവനന്തപുരം ബാലരാമപുരത്ത് വിവാഹ സല്‍ക്കാരത്തിനിടെ കൂട്ടത്തല്ല്. ക്ഷണിക്കാത്തതിനെച്ചൊല്ലി ഒരാള്‍ പെണ്‍കുട്ടിയുടെ അച്ഛനുമായി തര്‍ക്കിച്ചതിനൊടുവിലാണ് അടിപിടിയുണ്ടായത്. ബന്ധുക്കളും നാട്ടുകാരുമെല്ലാം ഇടപെട്ടതോടെ കൂട്ടത്തല്ലായി മാറി.

പാലക്കാട് അഞ്ചുമൂര്‍ത്തി മംഗലത്ത് ദീപാവലിക്കു പടക്കം പൊട്ടിച്ചതിന് ദളിത് കുടുംബത്തെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ കേസെടുത്തു. മണികണ്ഠനെ മര്‍ദിച്ചെന്ന കേസില്‍ അയല്‍വാസി റഹ്‌മത്തുള്ളയ്ക്കെതിരേയാണു കേസ്.

കൊടുങ്ങല്ലൂരില്‍ കാറിന്റെ ചില്ല് തകര്‍ത്ത് പണമടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇരിങ്ങാലക്കുട എടക്കുളം സ്വദേശി കുണ്ടൂര്‍ വീട്ടില്‍ അഖിലിനെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

സ്‌കൂട്ടര്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുന്നതിനിടെ അരലക്ഷം രൂപ തട്ടിയെടുത്ത പ്രതി പിടിയില്‍. കളമശേരിയില്‍ വടകയ്ക്കു താമസിക്കുന്ന വയനാട് സ്വദേശി രാജേഷാണ് എറണാകുളം പോലീസിന്റെ പിടിയിായത്.

പത്തനംതിട്ട കൊടുമണ്ണില്‍ തീപ്പൊള്ളലേറ്റ് ചികിത്സിലായിരുന്ന പലവിളയില്‍ ജോസ് മരിച്ചു. മദ്യപിച്ചെത്തിയ ജോസ് പെട്രോള്‍ ഒഴിച്ച് സ്വയം തീ കൊളുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭാര്യ ഓമനയ്ക്കും പൊള്ളലേറ്റിരുന്നു.

മലപ്പുറം പാണ്ടിക്കാട് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ യുവതി മരിച്ചു. ചെമ്പ്രശ്ശേരി അമ്പലക്കള്ളി സ്വദേശി ഫഷാന ഷെറിനാണ് മരിച്ചത്. പൊള്ളലേറ്റ ഭര്‍ത്താവ് വണ്ടൂര്‍ സ്വദേശി ഷാനവാസ് ചികില്‍സയിലാണ്. വീടിന്റെ ഓടു പൊളിച്ച് അകത്തു കയറിയാണ് ആസിഡാക്രമണം നടത്തിയത്.

ഇന്ത്യ പതിനഞ്ചു വര്‍ഷത്തിനകം ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയിലെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി പൊതു ചടങ്ങില്‍ പങ്കെടുക്കവെയാണ് ഈ പരാമര്‍ശം നടത്തിയത്. ഇന്ത്യ യുകെയെ മറികടന്ന് ലോകത്തെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറിയത് ഈയിടെയാണെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി..

ഹിമാചല്‍ പ്രദേശിലെ പോളിംഗില്‍ വന്‍ ഇടിവ്. 67 ശതമാനം പേരാണു വോട്ടു രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 74.17 ശതമാനമായിരുന്നു പോളിംഗ്. ഡിസംബര്‍ എട്ടിനാണു വോട്ടെണ്ണല്‍.

ഡല്‍ഹിയിലും സമീപ സംസ്ഥാനങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.4 തീവ്രത രേഖപ്പെടുത്തി.

സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ കേന്ദ്ര സര്‍ക്കാരിന്റെ ചട്ടുകങ്ങളായി പ്രവര്‍ത്തിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഹിന്ദുത്വവത്കരണത്തിനെതിരേ രാജ്യത്തെ രക്ഷിക്കാന്‍ ഒന്നിച്ചു നില്‍ക്കണം. ആര്‍ എസ് പി ദേശീയ സമ്മേളനത്തിലെ ഓപ്പണ്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സീതാറാം യെച്ചൂരിക്കൊപ്പം കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്, ഫോര്‍വേര്‍ഡ് ബ്ളോക്ക് നേതാവ് ദേവരാജന്‍ എന്നിവരും പങ്കെടുത്തു.

ദുബായില്‍നിന്ന് വിലകൂടിയ വാച്ചുകളുമായി എത്തിയ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാനെ മുംബൈ വിമാനത്താവളത്തില്‍ കസ്റ്റംസ് തടഞ്ഞു. 6.83 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടി അടച്ചശേഷമാണ് പുറത്തു പോകാന്‍ അനുവദിച്ചത്.

നാഗര്‍കോവിലില്‍ ബിഎസ്എഫ് ജവാന്റെ മരണാനന്തരം ഭാര്യയ്ക്കു ലഭിച്ച ധനസഹായം അവകാശപ്പെട്ടുള്ള തര്‍ക്കത്തിനിടെ യുവതിയെ ഭര്‍ത്തൃവീട്ടുകാര്‍ തലയ്ക്കടിച്ചു കൊന്നു. നാഗര്‍കോവില്‍ മണക്കര അവരിവിളാകം ദുര്‍ഗ(38)യാണ് കൊല്ലപ്പെട്ടത്. ഭര്‍തൃ പിതാവ് ആറുമുഖ പിള്ള (78), ഇളയ സഹോദരന്‍ മധു (42) എന്നിവരെ അറസ്റ്റ് ചെയ്തു. ദുര്‍ഗയുടെ ഭര്‍ത്താവ് അയ്യപ്പ ഗോപു ബിഎസ്എഫ് ജവാനായിരുന്നു.

തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചെന്നൈയില്‍ മൂന്നു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈയിലെ പാരിസ് കോര്‍ണറില്‍ സ്ഥിതി ചെയ്യുന്ന ബര്‍മാ ബസാറിലെ ഒരേ മൊബൈല്‍ കടയില്‍ ജോലി ചെയ്യുന്ന 20 വയസുകാരെയാണ് ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തത്. സാഹിര്‍ ഹുസൈന്‍, നവാസ് , നാഗൂര്‍ മീരാന്‍ എന്നിവരാണു പിടിയിലായത്.

മഹാരാഷ്ട്രയിലെ താനെയില്‍ കള്ളനോട്ടു വേട്ട. എട്ടു കോടി രൂപയ്ക്കു തുല്യമായ രണ്ടായിരത്തിന്റെ 400 കെട്ട് കള്ളനോട്ടുകള്‍ പിടികൂടി. രണ്ടുപേര്‍ അറസ്റ്റിലായി.

മരിച്ചയാളെ പുനര്‍ജീവിപ്പിക്കാന്‍ നരബലി നടത്താന്‍ രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ഗാര്‍ഹി മേഖലയിലാണു സംഭവം. രക്ഷിതാക്കളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 25 കാരി യുവതി പിടിയിലായത്. അമര്‍ കോളനി കോട്ല മുബാറക്പൂര്‍ പ്രദേശത്ത് ശ്വേത എന്ന സ്ത്രീയില്‍ നിന്നാണ് കുട്ടിയെ കണ്ടെടുത്തത്.

എല്‍ഐസിയുടെ ലാഭത്തില്‍ വന്‍ വര്‍ധന. രണ്ടാം പാദവാര്‍ഷികം അവസാനിച്ചപ്പോള്‍ 15,952 കോടി രൂപയാണ് ലാഭം. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 1,434 കോടി രൂപയായിരുന്നു ലാഭം. പ്രീമിയം വരുമാനം 27 ശതമാനം വര്‍ധിച്ചു. അക്കൗണ്ടിംഗ് നയം മാറ്റിയതിനെത്തുടര്‍ന്ന് നിക്ഷേപങ്ങളില്‍ നിന്നുള്ള വരുമാനവും വര്‍ധിച്ചു.

ട്വന്റി ലോകകപ്പില്‍ ഇന്ന് കലാശക്കളി. മെല്‍ബണില്‍ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും. മത്സരത്തിന് മഴ ഭീഷണി. മത്സരം ഇന്ന് നടന്നില്ലെങ്കില്‍ റിസര്‍വ് ദിനമായ നാളെ മത്സരം നടത്തും.

ഒരേ സ്വഭാവമുള്ള വാട്സാപ് ഗ്രൂപ്പുകള്‍ ഒരുമിപ്പിച്ച് 5,000 പേര്‍ക്കു വരെ ഒരേസമയം അറിയിപ്പു നല്‍കാന്‍ കഴിയുന്ന ‘വാട്സാപ് കമ്യൂണിറ്റീസ്’ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങി. 50 ഗ്രൂപ്പുകള്‍ വരെ ഒരു കമ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്താം. ഈ ഗ്രൂപ്പുകളിലെ എല്ലാ അംഗങ്ങള്‍ക്കും ഒരുമിച്ചു ലഭിക്കേണ്ട സന്ദേശം അയയ്ക്കാന്‍ ഈ കമ്യൂണിറ്റിയില്‍ അനൗണ്‍സ്മെന്റ് ഗ്രൂപ്പ് എന്നൊരു ഗ്രൂപ്പ് തനിയെ സൃഷ്ടിക്കപ്പെടും. നിലവില്‍ അതതു ഗ്രൂപ്പില്‍ മാത്രമുള്ള സംഭാഷണം അങ്ങനെ തന്നെ തുടരാനുമാകും. ഫീച്ചര്‍ ലഭ്യമാകാന്‍ വാട്സാപ്പിന്റെ പുതിയ വേര്‍ഷനിലേക്ക് അപ്ഡേറ്റ് ചെയ്യുക.

ലോക സിനിമാസ്വാദകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് കാമറൂണ്‍ ചിത്രം ‘അവതാര്‍ 2’ ഇന്ത്യയില്‍ ആറ് ഭാഷകളില്‍ റിലീസ് ചെയ്യുന്നു. ഇംഗ്ലീഷിന് പുറമേ ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നട ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാളായ ജോണ്‍ ലാന്‍ഡോയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡിസംബര്‍ 16-ന് ‘അവതാര്‍- ദ വേ ഓഫ് വാട്ടര്‍’ തിയറ്ററില്‍ എത്തും. ചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ട്രെയിലര്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വര്‍ഷങ്ങളായി കാത്തിരിക്കുന്ന അവതാര്‍ 2ല്‍ എന്തെല്ലാം ദ്യശ്യവിസ്മയങ്ങളാണ് സംവിധായകന്‍ ഒരുക്കിയിരിക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാസ്വാദകര്‍. 2009 ലാണ് അവതാര്‍ ആദ്യഭാഗം റിലീസ് ചെയ്തത്. ലോക സിനിമ ചരിത്രത്തില്‍ സാമ്പത്തികമായി ഏറ്റവും വരുമാനം നേടിയ ചിത്രമെന്ന ഖ്യാതിയും അവതാര്‍ സ്വന്തമാക്കിയിരുന്നു.

സിനിമയില്‍ 17 വര്‍ഷം തികയ്ക്കുന്ന വേളയില്‍ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് തന്റെ പുതിയ സിനിമ പ്രഖ്യാപിച്ചിരുന്നു. ഇപ്പോള്‍ സിനിമയിലെ നായകന്‍ ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. ബോളിവുഡിലെ സൂപ്പര്‍താരം ഷാഹിദ് കപൂറാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റു അണിയറ പ്രവര്‍ത്തകരേയും വെളിപ്പെടുത്തി. ഫേയ്സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് റോഷന്‍ ആന്‍ഡ്രൂസ് സന്തോഷം അറിയിച്ചത്. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഹുസൈന്‍ ദലാല്‍ ആണ് സംഭാഷണം ഒരുക്കുന്നത്. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ നിര്‍മാതാക്കളില്‍ ഒരാളായ സിദ്ധാര്‍ഥ് റോയ് കപൂര്‍ ആര്‍കെഎഫിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുക. നവംബര്‍ 16നു ശേഷം പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കും.

Back to top button
error: