തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി സി.എം.ഡി ബിജു പ്രഭാകറിനെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. ബിജു പ്രഭാകര്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന സ്വകാര്യവല്കരണത്തെ പിന്തുണയ്ക്കുന്നയാളാണെന്നും അങ്ങനെയുള്ളയാളെ ഗതാഗത സെക്രട്ടറി, കെ.എസ്.ആര്.ടി.സി സി.എം.ഡി എന്നീ സ്ഥാനത്തുനിന്ന് നീക്കാന്‍ സര്‍ക്കാര്‍ തയാറാവണമെന്നും കാനം ആവശ്യപ്പെട്ടു.
സ്വകാര്യവല്കരണം എല്‍.ഡി.എഫ് നയമല്ലെന്നും പൊതുവേദിയില്‍ ബിജു പ്രഭാകര്‍ ഇക്കാര്യം പറഞ്ഞത് അച്ചടക്ക ലംഘനമാണെന്നും കാനം രാജേന്ദ്രന് ആരോപിച്ചു. കെ.എസ്.ടി.എ സംഘിന്റെ 22 ാം സംസ്ഥാന സമ്മേളന വേദിയില്‍ ബിജു പ്രഭാകര്‍ നടത്തിയ പ്രസംഗത്തിനാണ് കാനത്തിന്റെ മറുപടി.
പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനുമുള്ളതെന്ന് ബിജു പ്രഭാകര്‍ ആരോപിച്ചിരുന്നു. 20 ലക്ഷം ആള്‍ക്കാരെ കൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പിന്തുണയും ഇല്ലെന്നും മെട്രോ പദ്ധതി നടപ്പാക്കാന്‍ വേണ്ടി മാത്രമാണ് ചര്‍ച്ചകളെന്നും അദ്ദേഹം പറഞ്ഞിരുന്നു.