അയോദ്ധ്യ ക്ഷേത്ര നിർമാണം കോൺഗ്രസിന് മുന്നിലെ മറ്റൊരു പ്രതിസന്ധി, റാവു കോൺഗ്രസിനെ രക്ഷിക്കുമോ?
കോൺഗ്രസ് ആഭ്യന്തരമായി തന്നെ ഒരു തെറ്റുതിരുത്തലിന്റെ പാതയിൽ ആണ്. രണ്ട് തെരഞ്ഞെടുപ്പുകൾ തുടർച്ചയായി കൈവിട്ടത് പാർട്ടിയെ തെല്ലൊന്നുമല്ല ക്ഷീണിപ്പിച്ചിരിക്കുന്നത്. അയോധ്യ ക്ഷേത്ര നിർമാണമാണ് കോൺഗ്രസിന് മുന്നിലെ മറ്റൊരു പരീക്ഷണം. ക്ഷേത്ര നിർമാണത്തിന്റെ മുഴുവൻ ക്രെഡിറ്റും ബിജെപി കൊണ്ടു പോകുമോ എന്ന സന്ദേഹം പാർട്ടിക്കുണ്ട്.
കഴിഞ്ഞയാഴ്ച ആണ് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും പിവി നരസിംഹ റാവുവിനെ പുകഴ്ത്തിയത്. റാവു സർക്കാരിന്റെ ആദ്യ ബജറ്റിന്റെ 29ആം വാർഷികം ആഘോഷിക്കവേയാണ് കോൺഗ്രസ് നേതാക്കൾ നരസിംഹ റാവുവിനെ പുകഴ്ത്തിയത്.
അയോദ്ധ്യ ക്ഷേത്ര നിർമാണ ഘട്ടത്തിൽ വലിയൊരു ആശയക്കുഴപ്പം കോൺഗ്രസ് നേരിടുന്നുണ്ട്. പാർട്ടിയിലെ ഒരു വിഭാഗം ഉദ്ധവ് താക്കറെയ്ക്കൊപ്പം രാഹുൽ ഗാന്ധി അയോദ്ധ്യ സന്ദർശിക്കണം എന്ന് ആവശ്യപ്പെടുന്നുണ്ട്. ഇല്ലെങ്കിൽ മുഴുവൻ ക്രെഡിറ്റും നരേന്ദ്രമോഡി കൊണ്ടു പോകുമെന്ന് ഇവർ വാദിക്കുന്നു. ബാബറി മസ്ജിദിന്റെ തകർച്ച റാവുവിന് തടയാൻ കഴിയാതെ പോയതിന്റെ രാഷ്ട്രീയ ബാധ്യത സുപ്രീം കോടതി വിധിയിലൂടെ ഇല്ലാതായി എന്നാണ് ഇവർ വാദിക്കുന്നത്.
റാവു ഇന്ന് ജീവിച്ചിരുന്നെങ്കിൽ കോൺഗ്രസിൽ ആരാകുമെന്ന ചോദ്യം ഉയരുന്നുണ്ട്. 2002ൽ റാവു ജീവിച്ചിരുന്ന കാലത്ത് തന്നെ സാമ്പത്തിക ഉദാരവൽക്കരണത്തിന്റെ ക്രെഡിറ്റ് റാവുവിനും മൻമോഹൻ സിങ്ങിനുമല്ല എന്ന് കോൺഗ്രസ് വിലയിരുത്തിയിരുന്നു. അന്ന് എ ഐ സി സിയുടെ സാമ്പത്തിക പ്രമേയത്തിൽ രാജീവ് ഗാന്ധി ആയിരുന്നു ഈ ആശയത്തിന്റെ ആണിക്കല്ലെന്നും റാവുവും മൻമോഹനും ആ ആശയം മുന്നോട്ട് കൊണ്ടു പോകുകയായിരുന്നു എന്ന് വിലയിരുത്തിയിരുന്നു. അന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ആയിരുന്ന ദിഗ്‌വിജയ് സിംഗും പൃഥ്വിരാജ് ചവാനുമായിരുന്നു ഈ ഭേദഗതി മുന്നോട്ട് വച്ചത്. അത്ഭുതകരമെന്നു പറയട്ടെ റാവു വേദിയിൽ ഇരിക്കുമ്പോൾ തന്നെ മൻമോഹൻ സിംഗ് സംവാദത്തെ അവസാനിപ്പിച്ചു കൊണ്ട് ഭേദഗതിയെ പിന്തുണച്ചു.
റാവു -സോണിയ ബന്ധം ഊഷ്മളമായിരുന്നോ എന്നത് ഇന്നും അവ്യക്തമാണ്. 1991-96 കാലത്ത് ഗാന്ധി കുടുംബത്തിൽ നിന്ന് ഒരാൾ കോൺഗ്രസിനെ നയിക്കുന്നതിന് റാവു എതിർത്തിരുന്നു എന്നാണ് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നത്. സോണിയക്ക് വേണ്ട രാഷ്ട്രീയ പരിചയം ഇല്ലെന്നും റാവു പറഞ്ഞിരുന്നുവത്രെ.
എന്നാൽ റാവുവിന്റെ കാര്യത്തിൽ ഗാന്ധി കുടുംബത്തിന് പുനരാലോചന ഉണ്ടായിരിക്കുന്നു എന്നതാണ് സോണിയ അടക്കമുള്ളവരുടെ പ്രശംസ വ്യക്തമാക്കുന്നത്. 1998 ൽ സോണിയ ഗാന്ധി കോൺഗ്രസ് അധ്യക്ഷ ആയപ്പോൾ റാവുവിന് തിരിച്ചടി എന്ന് ചിലർ വിലയിരുത്തിയിരുന്നു. എന്നാൽ ഇന്ന് റാവുവിന്റെ അടുത്ത സുഹൃത്തുക്കൾ ആയ മൻമോഹൻ സിംഗും ജയറാം രമേശും സോണിയയുടെ അടുത്ത ഉപദേശകർ ആണ്.
അയോദ്ധ്യ വിഷയത്തെ നരസിംഹ റാവു കൈകാര്യം ചെയ്തതിനെതിരെ ആയിരുന്നു കോൺഗ്രസിലെ പൊതുവികാരം. 1995ൽ പൊതു തെരഞ്ഞെടുപ്പ് അടുത്ത ഘട്ടത്തിൽ ഹവാല ഇടപാട് സംബന്ധിച്ച് റാവു അന്വേഷണത്തിന് ഉത്തരവിട്ടത് പല മുതിർന്ന കോൺഗ്രസുകാരെയും മുഷിപ്പിച്ചിരുന്നു. വിവിധ പാർട്ടികളിൽ ഉള്ളവർ പ്രതിക്കൂട്ടിൽ ആയി. അദ്വാനി അടക്കമുള്ള ബിജെപി നേതാക്കൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് തന്നെ പിന്മാറി. അങ്ങിനെ അദ്വാനിക്ക് പ്രധാനമന്ത്രി പദം നഷ്ടമാകുകയും വാജ്‌പേയി പ്രധാനമന്ത്രി ആകുകയും ചെയ്തു.
അയോദ്ധ്യ വിഷയം റാവുവിനെ മാനസികമായി മുറിവേൽപ്പിച്ചിരുന്നുവെന്നു പിന്നീട് വ്യക്തമായി. പരസ്പര ധാരണക്ക് സാധ്യത ഉണ്ടായിട്ടും ബിജെപി അത് അട്ടിമറിച്ചു എന്ന് റാവു വിശ്വസിച്ചു. റാവുവിന്റെ മരണശേഷം പ്രസിദ്ധീകരിച്ച ‘അയോദ്ധ്യ :6 ഡിസംബർ 1992’ എന്ന പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ പറയുന്നു, “അവർ എന്നെയാണ് തകർത്തത്. “