കൊച്ചിക്കാരുടെ ആരോഗ്യപരിപാലനത്തിനായി രണ്ടാമതൊരു ഓപ്പണ്‍ ജിം കൂടി തുറന്നു. കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിനു സമീപമാണ് ആരോഗ്യവകുപ്പും ജി.സി.ഡി.എയും ചേര്‍ന്ന് പൊതുജനങ്ങള്‍ക്കായി പുതിയ ജിം തുറന്നത്.
രാവിലെ നാല് മുതല്‍ പത്ത് മണി വരെയും , വൈകീട്ട് 5 മുതല്‍ 7മണി വരെയും കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ആര്‍ക്കും സൗജന്യമായി ജിം ഉപയോഗിക്കാം.
ആരോഗ്യ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍നിന്ന് അഞ്ച് ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലെ വാക് വേ ക്ലബ് ചുമതലപ്പെടുത്തിയ രണ്ട് അംഗീകൃത പരിശീലകരുടെ സേവനം ലഭ്യമാകും. നൂറുക്കണക്കിന് ആളുകളാണ് ദിനംപ്രതി കലൂര്‍ സ്റ്റേഡിയത്തില്‍ വ്യായാമത്തിന് എത്തുന്നത്.