നോയിഡ: ഉത്തര്‍പ്രദേശില്‍ പ്രണയം നിരസിച്ചതിനു കെട്ടിട്ടത്തിന്റെ മൂന്നാംനിലയില്‍ നിന്ന് യുവതിയെ തള്ളിയിട്ടു കൊന്നതിനു ശേഷം മൃതദേഹവുമായി കടന്ന യുവാവ് പിടിയില്‍. ബിജ്നോറിലേക്കു കടക്കാനായിരുന്നു പ്രതി പദ്ധതിയെന്നു പോലീസ് പറഞ്ഞു. ആംബുലന്‍സില്‍ യുവതിയുടെ മൃതദേഹവുമായി യാത്ര ചെയ്യുമ്പോള്‍ മീററ്റില്‍ നിന്നാണ് പ്രതി ഗൗരവിനെ ഗൗതംബുദ്ധ നഗര്‍ പോലീസ് പിടികൂടിയത്.
നോയിഡയിലെ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ശീതള്‍(22) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ശീതളിനെ വര്‍ഷങ്ങളായി പ്രതിക്ക് പരിചയമുണ്ട്. പലതവണ ശീതളിനോട് പ്രതി പ്രണയാഭ്യര്‍ഥന നടത്തിയിരുന്നുവെങ്കിലും അതെല്ലാം യുവതി നിരസിച്ചു. പെണ്‍കുട്ടിയെ പിന്നാലെ നടന്നു ഗൗരവ് ശല്യപ്പെടുത്തുന്നതു പതിവായതോടെ സെപ്റ്റംബര്‍ 29 ന് കുടുംബം പോലീസില്‍ പരാതി നല്കി. തുടര്‍ന്ന് യുവാവിനെ അറസ്റ്റ് ചെയ്തെങ്കിലും പെണ്‍കുട്ടിയെ ശല്യം ചെയ്യില്ലെന്ന ഉറപ്പില്‍ പോലീസ് വിട്ടയച്ചു.
എന്നാല്‍, ഗൗരവ് ചൊവ്വാഴ്ച നോയിഡയില്‍ പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ എത്തി. പെണ്‍കുട്ടി നിലപാട് ആവര്‍ത്തിച്ചതോടെ മൂന്നാംനിലയില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയെന്നും മൃതദേഹവുമായി കടന്നുകളഞ്ഞുവെന്നും പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ നിലവിളി കേട്ട് ആളുകള്‍ ഓടികൂടിയതിനു പിന്നാലെ ഗൗരവും താഴെയെത്തി. പെണ്‍കുട്ടിയുടെ സഹോദരനാണെന്നും ആശുപത്രിയില്‍ കൊണ്ടുപോകണമെന്നും ആളുകളോട് പറഞ്ഞതിനു പിന്നാലെ മൃതദേഹം കാറില്‍ കയറ്റി ഓടിച്ചു പോകുകയായിരുന്നുവെന്നും പോലീസ് പറയുന്നു.
നിരന്തരം പെണ്‍കുട്ടിയെ ഗൗരവ് ശല്യപ്പെടുത്തിയിരുന്നതായും പോലീസില്‍ പരാതി നല്‍കിയിട്ടും ചെറുവിരല്‍ അനക്കിയില്ലെന്നും കൊല്ലപ്പെട്ട ശീതളിന്റെ സഹോദരന് കുനാല്‍ മാധ്യമങ്ങളോട് പറഞ്ഞു. ശീതളിനെ താന്‍ വിവാഹം കഴിച്ചിരുന്നുവെന്നും തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ഗൗരവ് പോലീസില്‍ മൊഴി നല്കി.