സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തിന് സ്റ്റേയില്ല; സര്‍ക്കാരിന് തിരിച്ചടി
കൊച്ചി: സാങ്കേതിക സര്‍വകലാശാല (കെ.ടി.യു) വൈസ് ചാന്‍സലറുടെ ചുമതല സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസ തോമസിനു നല്കിയ ചാന്‍സലറായ ഗവര്‍ണറുടെ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സര്‍ക്കാരിന്റെ ഇടക്കാല ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹര്‍ജിയില്‍ യു.ജി.സിയെ കക്ഷി ചേര്‍ത്ത കോടതി ചാന്‍സലര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്കെല്ലാം നോട്ടിസിനു നിര്‍ദേശിച്ചു. ഹര്‍ജി ജസ്റ്റിസ് ദേവന് രാമചന്ദ്രന് വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി. കെ.ടി.യു വി.സി. നിയമനം റദ്ദാക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഇപ്പോള്‍ നിയമനം സ്റ്റേ ചെയ്യുകയാണെങ്കില്‍ സാങ്കേതിക സര്‍വകലാശാലയ്ക്ക് വി.സി. ഇല്ലാതാകും. അതുകൊണ്ട് ഇപ്പോള്‍ തീരുമാനം എടുക്കാനാകില്ല. വേണമെങ്കില്‍ വെള്ളിയാഴ്ച ഈ വിഷയം പരിഗണിക്കാം. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം, വിസിയുടെ പേര് ശുപാര്‍ശ ചെയ്യാന്‍ അവകാശമുണ്ടെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.
ഗവര്‍ണര്‍ ഉള്‍പ്പെടെ എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് നല്‍കും. കേസില്‍ യു.ജി.സിയെ കേസില്‍ കക്ഷിചേര്‍ത്തു. സാങ്കേതികവിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടര്‍ ഡോ. സിസാ തോമസ് ആണ് ഇപ്പോള്‍ കെ.ടി.യുവിന്റെ താല്‍ക്കാലിക വിസി.