NEWS

19 വയസുകാരിയെ ബലാത്സംഗംചെയ്‌തു കൊന്ന കേസ്; വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മൂന്നുപേരെ സുപ്രീം കോടതി വെറുതെവിട്ടു

ന്യൂഡൽഹി:  19 വയസുകാരിയെ ബലാത്സംഗംചെയ്‌തു കൊന്ന കേസിൽ വധശിക്ഷയ്‌ക്കു വിധിക്കപ്പെട്ട മൂന്നുപേരെ സുപ്രീം കോടതി വെറുതെവിട്ടു
2012 ഫെബ്രുവരിയിലായിരുന്നു കേസിന്‌ ആസ്‌പദമായ സംഭവം.
തട്ടിക്കൊണ്ടുപോയി ദിവസങ്ങള്‍ക്കു ശേഷമാണു ഹരിയാനയിലെ രേവാരി ജില്ലയിലെ വയലില്‍ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്‌. കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇത്‌. ദേഹത്ത്‌ ഗുരുതരമായ മുറിവുകളുമുണ്ടായിരുന്നു.
തുടർന്ന് ഡല്‍ഹിയിലെ നജഫ്‌ഗഡ്‌ പോലീസ്‌ സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തു നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത്‌ കൊന്ന ശേഷം മൃതദേഹം റെവാരി വയലില്‍ തള്ളുകയായിരുന്നു എന്ന് കണ്ടെത്തിയത്. കേസില്‍ 2014 ഫെബ്രുവരിയില്‍ ഡല്‍ഹി കോടതി രവികുമാര്‍, രാഹുല്‍, വിനോദ്‌ എന്നീ മൂന്നു പ്രതികള്‍ക്കു വധശിക്ഷ വിധിച്ചു.
തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം, കൊലപാതകം തുടങ്ങി വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതാണെന്നു കണ്ടെത്തിയായിരുന്നു ശിക്ഷ. വധശിക്ഷ അതേവര്‍ഷം തന്നെ ഡല്‍ഹി ഹൈക്കോടതി ശരിവച്ചു. തെരുവില്‍ ഇര തേടുന്ന വേട്ടക്കാരാന്നാണ്‌ അന്ന്‌ കോടതി പരാമര്‍ശിച്ചത്‌.
ഹൈക്കോടതി വിധി ചോദ്യംചെയ്‌ത്‌ മൂവരും സുപ്രീം കോടതിയെ സമീപിച്ചു. ചീഫ്‌ ജസ്‌റ്റിസ്‌ യു.യു ലളിത്‌, ജസ്‌റ്റിസുമാരായ എസ്‌. രവീന്ദ്ര ഭട്ട്‌, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ്‌ ഹൈക്കോടതി വിധി റദ്ദാക്കി മൂവരെയും മോചിപ്പിച്ചത്‌.

Back to top button
error: