കൊല്ലം: സിനിമ- നാടക നടിയും ഗായികയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ കൊച്ചിന്‍ അമ്മിണി അന്തരിച്ചു. 80 വയസായിരുന്നു. രോഗബാധിതയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ ഞായറാഴ്ചയാണ് അന്ത്യം. കേരളത്തിലെ ഹിറ്റ് നാടക ഗാനങ്ങളില്‍ ഒന്നായിരുന്ന ‘കണ്ണു തുറക്കാത്ത ദൈവങ്ങളേ’ എന്ന ഗാനം ആലപിച്ചത് അമ്മിണി ആയിരുന്നു. കൂടാതെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
കൊച്ചി തോപ്പുംപടി സ്വദേശിയായ മേരി ജോണ്‍ എന്ന അമ്മിണി 12-ാം വയസില്‍ നാടകവേദിയിലൂടെയാണ് കലാ രംഗത്തേക്ക് എത്തുന്നത്. കെ.പി.എ.സി, കാളിദാസ കലാകേന്ദ്ര, കലാനിലയം, ആലപ്പി തിയേറ്റഴ്‌സ്, കലാഭവന്‍ തുടങ്ങിയ ഒട്ടേറെ ട്രൂപ്പുകളില്‍ നൂറോളം നാടകങ്ങളില്‍ നടിയും ഗായികയുമായി. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, സര്‍വേകല്ല് എന്നീ നാടകങ്ങളില്‍ പാടി അഭിനയിച്ചു.
1961 ല്‍ റിലീസ് ചെയ്ത മലയാളത്തിലെ ആദ്യത്തെ കളര്‍ ചിത്രമാണ് കണ്ടം ബച്ച കോട്ടിലൂടെയാണ് സിനിമയിലേക്ക് എത്തുന്നത്. തോക്കുകള്‍ കഥ പറയുന്നു, ഉണ്ണിയാര്‍ച്ച, അടിമകള്‍, ഭാര്യമാര്‍ സൂക്ഷിക്കുക, വാഴ്‌കേ മായം, ജനനി ജന്മഭൂമി തുടങ്ങി ഒട്ടേറേ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ശാരദ, കെ.ആര്‍.വിജയ, ബി.എസ്.സരോജ, വിജയ നിര്‍മല, ഉഷാകുമാരി തുടങ്ങിയവരുടെ സിനിമകളില്‍ ശബ്ദം നല്‍കിയ മലയാളത്തിലെ ആദ്യകാല ഡബ്ബിങ് ആര്‍ട്ടിസ്റ്റും ആയിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തില്‍ പൂര്‍ണിമ ജയറാമിനും ശബ്ദം നല്‍കി. സീരിയലുകളിലും അഭിനയിച്ചു.
സംഗീത നാടക അക്കാദമി പുരസ്‌കാരം, തിക്കുറിശ്ശി സ്മാരക പുരസ്‌കാരം, ഒ.മാധവന്‍ പുരസ്‌കാരം, ശ്രീകൃഷ്ണ നാട്യ സംഗീത അക്കാദമി പുരസ്‌കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. മകള്‍ ഏയ്ഞ്ചല്‍ റാണി, മരുമകന്‍ സുജയ് മോഹന്‍ എന്നിവര്‍ക്കൊപ്പം വിദേശത്തായിരുന്ന അമ്മിണി 2 മാസം മുന്‍പാണ് നാട്ടിലെത്തിയത്.