PravasiTRENDING

കര്‍ശന പരിശോധന തുടരുന്നു ഒരാഴ്ചക്കിടെ നാടുകടത്തിയത് 9,203 പ്രവാസികളെ

റിയാദ്: സൗദിയിൽ വിവിധ പ്രവിശ്യകളിൽ ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകൾ നടത്തിയ റെയ്ഡുകളിൽ 16,583 നിയമലംഘകർ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ രണ്ടു വരെയുള്ള ദിവസങ്ങളിൽ 10,007 ഇഖാമ നിയമ ലംഘകരും 4,404 നുഴഞ്ഞുകയറ്റക്കാരും 2,172 തൊഴിൽ നിയമ ലംഘകരും പിടിയിലായി.

ഇക്കാലയളവിൽ അതിർത്തികൾ വഴി രാജ്യത്ത് നുഴഞ്ഞു കയറാൻ ശ്രമിച്ച 321 പേരും അറസ്റ്റിലായി. ഇക്കൂട്ടത്തിൽ 43 ശതമാനം പേർ യെമനികളും 51 ശതമാനം പേർ എത്യോപ്യക്കാരും ആറു ശതമാനം പേർ മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃത രീതിയിൽ രാജ്യം വിടാൻ ശ്രമിച്ച 69 പേരും ഒരാഴ്ചക്കിടെ സുരക്ഷാ വകുപ്പുകളുടെ പിടിയിലായി. ഇഖാമ, തൊഴിൽ നിയമ ലംഘകർക്കും നുഴഞ്ഞു കയറ്റക്കാർക്കും ജോലിയും താമസവും യാത്രാ സൗകര്യവും നൽകിയ 23 പേരെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

Signature-ad

നിലവിൽ ഡീപോർട്ടേഷൻ സെന്ററുകളിൽ കഴിയുന്ന 53,366 നിയമ ലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ സ്വീകരിച്ചു വരികയാണ്. ഇക്കൂട്ടത്തിൽ 49,474 പേർ പുരുഷന്മാരും 3,892 പേർ വനിതകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനു മുന്നോടിയായി 43,506 പേർക്ക് താൽക്കാലിക യാത്രാ രേഖകൾ സംഘടിപ്പിക്കാൻ എംബസികളുമായും കോൺസുലേറ്റുകളുമായും സഹകരിച്ച് നടപടികൾ സ്വീകരിക്കുന്നു. 2,148 പേർക്ക് ടിക്കറ്റുകൾ ബുക്ക് ചെയ്യാനും നടപടികൾ സ്വീകരിച്ചു വരികയാണ്. ഒരാഴ്ചക്കിടെ 9,203 നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതിര്‍ത്തി സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ച് ആര്‍ക്കെങ്കിലും രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുകയോ അല്ലെങ്കില്‍ അദ്ദേഹത്തിന് ഗതാഗതമോ പാര്‍പ്പിടമോ എന്തെങ്കിലും സഹായമോ സേവനമോ നല്‍കുകയോ ചെയ്താല്‍ പരമാവധി 15 വര്‍ഷം വരെ തടവ് ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. കൂടാതെ, ഒരു ദശലക്ഷം റിയാല്‍ വരെ പിഴ, വാഹനങ്ങള്‍ അഭയം നല്‍കിയ സ്ഥലം എന്നിവ കണ്ടുകെട്ടല്‍ എന്നീ നടപടികള്‍ ഇവര്‍ക്കെതിരെ സ്വീകരിക്കുമെന്നും അവരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ വെളിപ്പെടുത്തുമെന്നും മുന്നറിയിപ്പുണ്ട്.

Back to top button
error: