തിരുവനന്തപുരം: നഗരസഭയിലെ വിവാദ കത്ത് വ്യാജമാണോ എന്ന കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാതെ ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. പാര്‍ട്ടി എല്ലാ കാര്യങ്ങളും പരിശോധിക്കുമെന്നും സംഭവത്തെ ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കത്ത് വിവാദം പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ നിയമപരമായ നടപടികള്‍ സ്വീകരിക്കും. പാര്‍ട്ടി എല്ലാ കാര്യങ്ങളും പരിശോധിക്കുന്നുണ്ട്. പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയത ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ കത്ത് വ്യാജമാണോ എന്ന ചോദ്യത്തിന് ‘അതെനിക്ക് അറിയില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാര്യങ്ങള്‍ മനസിലാക്കിയിട്ട് പറയാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
”നിങ്ങള്‍ ഒരുപാട് കാര്യങ്ങള്‍ പറഞ്ഞ് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. അങ്ങനെ നിങ്ങള്‍ പറഞ്ഞതെല്ലാം നാണക്കേടാണെങ്കില്‍ ഞങ്ങള്‍ എന്നേ ഇല്ലാതാകുമായിരുന്നു. ഞങ്ങളെ സംബന്ധിച്ചിടത്തോളം വസ്തുതയ്ക്കുവേണ്ടി നില്‍ക്കുന്നവരാണ്. കോര്‍പ്പറേഷനെതിരെ ഉന്നയിച്ച പല കാര്യങ്ങളും തെറ്റാണെന്ന് ബോധ്യമായിട്ടും വീണ്ടും ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്. കണ്ടുപിടിക്കപ്പെട്ട അഴിമതികളെ സംബന്ധിച്ച ആരോപണങ്ങള്‍ മാധ്യമങ്ങളോ പ്രതിപക്ഷമോ ആരും ഉന്നയിച്ചതായിരുന്നില്ല. എല്ലാം മേയറും കോര്‍പ്പറേഷന്‍ സെക്രട്ടറിയും കണ്ടുപിടിച്ചതാണ്. എന്നാല്‍, കണ്ടുപിടിച്ചവരെ ക്രൂശിക്കുക എന്ന നിലപാടാണ് മാധ്യമങ്ങളും പ്രതിപക്ഷവും സ്വീകരിച്ചത്. എന്നാല്‍ ഞങ്ങള്‍ കാര്യങ്ങള്‍ നാട്ടുകാരെ അറിയിക്കുകയും ബന്ധപ്പെട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു”, അദ്ദേഹം പറഞ്ഞു.
മേയര്‍ രാജിവെക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍, ‘മേയറെ തെരഞ്ഞെടുത്തത് പ്രതിപക്ഷമല്ലല്ലോ, നാട്ടുകാരല്ലേ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
”രാഷ്ട്രീയ നിയമനം നടത്താന്‍ പാര്‍ട്ടി പറഞ്ഞതിന് തെളിവെന്താണ്? മേയറുടെ കത്ത് എന്റെ കൈയില്‍ കിട്ടിയിട്ടില്ല. എവിടെയെങ്കിലും അത്തരത്തില്‍ ഒരു കത്ത് പാര്‍ട്ടി ജില്ലാ കമ്മിറ്റി ഓഫീസില്‍ കൊടുത്തതായി ആര്‍ക്കും കാണാന്‍ കഴിയില്ല. വസ്തുത എന്താണെന്ന് മനസ്സിലാക്കിയ ശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഏത് വിഷയത്തിലാണെങ്കിലും തെറ്റ് ചെയ്തവര്‍ക്കെതിരെ നടപടി ഉണ്ടാകും. അത് പാര്‍ട്ടിക്കാരാണെങ്കിലും”, അദ്ദേഹം പറഞ്ഞു.
”കത്ത് വ്യാജമാണോ ഒറിജിനല്‍ ആണോ എന്നത് നിങ്ങള്‍ തിരക്കുക, അത് നിയമപരായ നടപടികള്‍ സ്വീകരിച്ച് തീരുമാനിക്കേണ്ട കാര്യമാണ്. എന്റെ കൈയില്‍ കത്ത് കിട്ടിയിട്ടില്ല,” ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ബി.ആര്‍ അനിലിന്റെ കത്തുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് ചോദിക്കണമെന്നും തനിക്ക് അറിയില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.