KeralaNEWS

രക്ത സാംപിള്‍ എടുക്കുന്നതിനു പ്രതിയുടെ സമ്മതം വേണ്ട; അവകാശങ്ങളുടെ ലംഘനമല്ല: ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസില്‍ ഡി.എന്‍.എ പരിശോധനയ്ക്കു രക്ത സാംപിള്‍ എടുക്കുന്നതിനു പ്രതിയുടെ സമ്മതം ആവശ്യമില്ലെന്നു ഹൈക്കോടതി. സ്വയം പ്രതികൂല തെളിവ് നല്‍കുന്നതില്‍ നിന്നു പ്രതിക്കുള്ള ഭരണഘടനാ സംരക്ഷണം ഇത്തരം കേസുകളില്‍ ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ ഒന്നാംപ്രതി പത്തനംതിട്ട സ്വദേശി ദാസ് നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ഉത്തരവ്. ഡി.എന്‍.എ പരിശോധന അനുവദിച്ചതിനെതിരെയാണു പ്രതി കോടതിയിലെത്തിയത്.

Signature-ad

ശാരീരികമായോ വാക്കാലോ തനിക്കെതിരെ സ്വയം തെളിവു നല്‍കുന്നതില്‍ നിന്നാണു പ്രതിക്കു സംരക്ഷണം ഉള്ളതെന്നും രക്ത സാംപിള്‍ പരിശോധന ഇതില്‍ പെടില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. കുട്ടിയുടെ പിതൃത്വം പരിശോധിക്കുന്നത് ഈ കേസില്‍ പ്രസക്തമാണെന്ന്, പീഡനക്കേസും പിതൃത്വ പരിശോധനയും തമ്മില്‍ ബന്ധമില്ലെന്ന വാദം തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കി.

ശാസ്ത്ര പുരോഗതിയുടെ ഇക്കാലത്ത് ഫൊറന്‍സിക് സയന്‍സും അതിന്റെ ഭാഗമായുള്ള ഡി.എന്‍.എ പരിശോധനയും നീതിനിര്‍വഹണത്തില്‍ അംഗീകരിക്കപ്പെടുന്നതാണ്. ക്രിമിനല്‍ നടപടി ചട്ടത്തില്‍ 2005ല്‍ കൊണ്ടുവന്ന ഭേദഗതി അനുസരിച്ച് പീഡനക്കേസ് പ്രതികളുടെയും ഇരയാവുന്നവരുടെയും മെഡിക്കല്‍ പരിശോധന സാധ്യമാണ്. ഇതനുസരിച്ച് ഡി.എന്‍.എ പരിശോധനയും നടത്താം. പ്രതിയുടെ പോസീറ്റിവ് ഡി.എന്‍.എ പരിശോധനാഫലം പീഡനക്കേസുകളില്‍ ശക്തമായ തെളിവാണെന്നു സുപ്രീംകോടതി വിധിയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

Back to top button
error: